
ദില്ലി: ഇന്ത്യൻ സൈന്യം ആക്രമിച്ച പാക് ഭീകരരുടെ താവളത്തിൽ ജെയ്ഷെ മുഹമ്മദ്, ലഷ്കർ-ഇ-തൊയ്ബ എന്നിവരുടെ ആസ്ഥാനമായ മസ്ജിദ് വാ മർകസ് തൈബയും ഉൾപ്പെടുന്നു. പാകിസ്ഥാനിൽ ഭീകരവാദത്തിന്റെ സർവകലാശാല എന്നാണ് മസ്ജിദ് വാ മർകസ് തൈബ അറിയപ്പെടുന്നത്. ജെയ്ഷെ മുഹമ്മദ്, ലഷ്കർ-ഇ-തൊയ്ബയും ഭീകരവാദം വളർത്തുകയും റിക്രൂട്ട് ചെയ്യുകയും ചെയ്യുന്ന പ്രധാന കേന്ദ്രമാണ് മസ്ജിദ് വാ മർകസ് തൈബ.
പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ലാഹോറിനടുത്തുള്ള മുരിദ്കെ എന്ന പട്ടണത്തിലാണ് ഇവരുടെ കെട്ടിട സമുച്ചയം സ്ഥിതി ചെയ്യുന്നത്. ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ പ്രത്യയശാസ്ത്രപരവും പ്രവർത്തനപരവുമായ കേന്ദ്രമായി മസ്ജിദ് വാ മർകസ് തൈബ കണക്കാക്കപ്പെടുന്നു. പാകിസ്ഥാന്റെ ‘ഭീകര നഴ്സറി’ എന്നറിയപ്പെടുന്ന 82 ഏക്കർ വിസ്തൃതിയുള്ള ഈ വിശാലമായ സമുച്ചയം, ഇന്ത്യൻ മണ്ണിൽ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിലും സുഗമമാക്കുന്നതിലും ഉള്ള പങ്കിന്റെ പേരിൽ വളരെക്കാലമായി ഇന്ത്യൻ ഇന്റലിജൻസിന്റെ നിരീക്ഷണത്തിലായിരുന്നു. 2000-ലാണ് മസ്ജിദ് വാ മർകസ് തൈബ സ്ഥാപിക്കപ്പെടുന്നത്.
അൽ-ഖ്വയ്ദ നേതാവ് ഒസാമ ബിൻ ലാദൻ ഒരുകോടി രൂപ സംഭാവന നൽകിയെന്നും ആരോപണമുണ്ടായിരുന്നു. ഹാഫിസ് സയീദിന്റെ നേതൃത്വത്തിലുള്ള ഭീകര സംഘടനയുടെ പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദുവാണ് മസ്ജിദ് വാ മർകസ് തൈബ. മദ്റസ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റെസിഡൻഷ്യൽ ക്വാർട്ടേഴ്സുകൾ, മത പ്രബോധനം, ആയുധ പരിശീലനം, റിക്രൂട്ട്മെന്റ് എന്നിവയ്ക്കുള്ള സൗകര്യങ്ങൾ ഇവിടെയുണ്ട്. ഇന്ത്യൻ ഇന്റലിജൻസ് റിപ്പോർട്ടുകൾ, സ്വദേശികളും വിദേശികളുമായ യുവാക്കളെ തീവ്രവാദികളാക്കുന്നതിൽ മസ്ജിദ് വാ മർകസ് തൈബയുടെ പങ്ക് ആവർത്തിച്ച് പറഞ്ഞിരുന്നു. ഇവിടെ പ്രതിവർഷം 1,000 വിദ്യാർത്ഥികൾ ചേരുന്നുണ്ടെന്ന് കണക്കാക്കപ്പെടുന്നു.
പുരുഷ റിക്രൂട്ട്മെന്റുകൾക്കായി സുഫ അക്കാദമിയും സ്ത്രീകൾക്കായി ഒരു പ്രത്യേക ഇൻഡോക്ട്രിനേഷൻ സെന്ററും പ്രവർത്തിക്കുന്നു. ലഷ്കർ ഇ തൊയ്ബയുടെ പരിശീലന കേന്ദ്രമായും പ്രവർത്തിക്കുന്നു. 2008 ലെ മുംബൈ ആക്രമണത്തിൽ ഉൾപ്പെട്ട തീവ്രവാദ പ്രവർത്തകർക്ക് പരിശീലനം നൽകുന്നതിനാണ് മർകസ് ഉപയോഗിച്ചിരുന്നത്. പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെ മാർഗനിർദേശപ്രകാരം ഇന്റലിജൻസ് പരിശീലനം (ദൗറ-ഇ-റിബ്ബാഫ്) നേടിയ അജ്മൽ കസബ് ഉൾപ്പെടെയുള്ളവരാണ് പരിശീലനത്തിൽ പങ്കെടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]