
ദില്ലി: ഇന്ത്യയുടെ അഭിമാന ഗഗൻയാൻ ബഹിരാകാശ പദ്ധതിയിലെ ആദ്യ മനുഷ്യ ദൗത്യത്തിനായി 2027 വരെ കാത്തിരിക്കേണ്ടി വരുമെന്ന് ഐഎസ്ആര്‍ഒ ചെയർമാൻ ഡോ.വി.നാരായണൻ. ആദ്യ ആളില്ലാ ഗഗന്യാന് ദൗത്യം ഈ വർഷം അവസാനത്തോടെ നടക്കുമെന്നും നാരായണൻ കൂട്ടിച്ചേർത്തു. 2026ലാകും മറ്റ് രണ്ട് ആളില്ലാ വിക്ഷേപണങ്ങള്‍ ഇസ്രൊ നടത്തുക. ഗഗൻയാൻ മനുഷ്യ ദൗത്യം വിജയിപ്പിക്കുന്നതോടെ, മനുഷ്യനെ വഹിക്കാന്‍ ശേഷിയുള്ള ബഹിരാകാശ പേടകമുള്ള എലൈറ്റ് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇടംപിടിക്കും.
ആദ്യ ആളില്ലാ ഗഗന്യാന് ദൗത്യം ഈ വർഷം ആദ്യ പാദത്തിൽ നടക്കുമെന്നായിരുന്നു ഐഎസ്ആര്‍ഒ മുമ്പ് പ്രഖ്യാപിച്ചിരുന്നത്. അന്താരാഷ്ട്ര ബഹിരാകാശ പര്യവേഷണ സമ്മേളനത്തിന് മുന്നോടിയായി ദില്ലിയിൽ നടന്ന പ്രത്യേക വാർത്താസമ്മേളനത്തിലാണ്
ഇസ്രൊ മേധാവി പുതുക്കിയ സമയക്രമം അറിയിച്ചത്. ഇതോടെ ആദ്യം പ്രഖ്യാപിച്ച സമയക്രമത്തിൽ നിന്ന് അഞ്ച് കൊല്ലമെങ്കിലും വൈകിയാകും ആദ്യ മനുഷ്യ ദൗത്യം നടക്കുകയെന്ന് വ്യക്തമായി.
2018ൽ സ്വാതന്ത്ര്യ ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗഗൻയാൻ പദ്ധതി പ്രഖ്യാപിച്ചത്. 2022ഓടെ ഇന്ത്യക്കാരനെ ഇന്ത്യൻ മണ്ണിൽ നിന്ന് ബഹിരാകാശത്തേക്ക് അയക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും കൊവിഡും സാങ്കേതിക കടമ്പകളും കാരണം ദൗത്യം വൈകുകയായിരുന്നു. ബഹിരാകാശത്ത് മനുഷ്യ ജീവൻ നിലനിർത്താനുള്ള എൻവയോൺമെന്റ് കൺട്രോൾ & ലൈഫ് സപ്പോർട്ട് സിസ്റ്റമടക്കം വികസിപ്പിക്കുന്നതിലെ സങ്കീർണതയാണ് ഗഗൻയാൻ പദ്ധതി വൈകാൻ കാരണമായത്.
എന്താണ് ഗഗന്യാന്?
ഇന്ത്യ ലോ-എര്‍ത്ത് ഓര്‍ബിറ്റിലേക്ക് ആദ്യമായി സ്വന്തം പേടകത്തില്‍ നമ്മുടെ മണ്ണില്‍ നിന്ന് മനുഷ്യനെ അയക്കുന്ന പദ്ധതിയാണ് ഗഗന്യാന്. ബഹിരാകാശത്തേക്ക് മൂന്ന് ക്രൂ അംഗങ്ങളെയാവും ഗഗന്യാന് പേടകത്തില്‍ ഐഎസ്ആര്‍ഒ അയക്കുക. സംഘത്തെ ഭൂമിയില്‍ നിന്ന് 400 കിലോമീറ്റർ ഉയരെയുള്ള ഭ്രമണപഥത്തിൽ എത്തിച്ച ശേഷം സുരക്ഷിതമായി തിരിച്ചെത്തിക്കുകയാണ് ദൗത്യത്തിന്റെ പ്രാഥമിക ലക്ഷ്യം.
ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ, ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ്, ഗ്രൂപ്പ് ക്യാപ്റ്റൻ അജിത് കൃഷ്ണൻ, ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻശു ശുക്ല എന്നിവരാണ് ഗഗന്യാന് യാത്രയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന നാലുപേര്‍. ഇവരില്‍ മൂന്ന് ക്രൂ അംഗങ്ങളെയാവും ഗഗന്യാന് പേടകത്തില്‍ ഇന്ത്യ ബഹിരാകാശത്തേക്ക് അയക്കുക. ഇവര്‍ നാളുകളായി വിദഗ്ധ പരിശീലനത്തിലാണ്. ഇക്കൂട്ടത്തിലെ ഇളമുറക്കാരൻ ശുഭാൻഷു ശുക്ല അമേരിക്കൻ സ്വകാര്യ കമ്പനി ആക്സിയം സ്പേസുമായുള്ള ഇന്ത്യയുടെ കരാര്‍ പ്രകാരം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് മെയ് മാസം 29ന് യാത്രതിരിക്കും. ശുഭാൻശു ഐഎസ്എസില്‍ 14 ദിവസം ചിലവഴിച്ച ശേഷമാണ് ഭൂമിയിലേക്ക് മടങ്ങുക.
ഇതിന് മുന്നോടിയായി ഈ വർഷം ഗഗന്യാന്-1 ആളില്ലാ ദൗത്യത്തിന്റെ വിക്ഷേപണം നടത്തുകയാണ് ഐഎസ്ആര്‍ഒയുടെ ലക്ഷ്യം. ഇത്തരത്തിൽ മൂന്ന് ആളില്ലാ ദൗത്യങ്ങള്‍ക്ക് ശേഷമാകും ബഹിരാകാശത്തേക്ക് ഇന്ത്യയുടെ ആദ്യ മനുഷ്യ യാത്രാ ദൗത്യം. ഗഗൻയാൻ ദൗത്യത്തിനായി ഹ്യൂമൻ റേറ്റഡ് എൽവിഎം ത്രീ വിക്ഷേപണ വാഹനമാണ് ഇസ്രൊ നിര്‍മിക്കുന്നത്. ദൗത്യത്തിനായുള്ള ക്രൂ മൊഡ്യൂൾ തിരുവനന്തപുരം വിഎസ്എസ്സിയിലാണ് നിര്‍മ്മിക്കുന്നത്. സർവ്വീസ് മൊഡ്യൂൾ ബെംഗളൂരു യുആർ റാവു സ്പേസ് സെന്ററിലാണ് തയ്യാറാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]