
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സ് തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്. മഴ കരണം 19 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ 3 വിക്കറ്റിനായിരുന്നു ഗുജറാത്ത് ജയിച്ചത്. അവസാന പന്ത് വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ ഗുജറാത്തിന് ജയിക്കാന്‍ 156 റണ്‍സാണ് വേണ്ടിയിരുന്നത്. എന്നാല്‍ മഴ പെയ്തതിനെ തുടര്‍ന്ന് വിജയലക്ഷ്യം 19 ഓവറില്‍ 147 ആയി ചുരുക്കി. അവസാന പന്തില്‍ ഗുജറാത്ത് വിജയിക്കുകയും ചെയ്തു. അവസാന ഓവറില്‍ 15 റണ്‍സാണ് ഗുജറാത്തിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. പന്തെറിയാനെത്തിയ ദീപക് ചാഹറിന് പ്രതിരോധിക്കാനായില്ല. ജയത്തോടെ ഗുജറാത്ത് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തി.
ഇപ്പോള്‍ തോല്‍വിയെ കുറിച്ച് സംസാരിക്കുകയാണ് മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ. ഹാര്‍ദിക്കിന്റെ വാക്കുകള്‍… ”ഞങ്ങള്‍ നന്നായി പൊരുതി, ഒരു ഗ്രൂപ്പായി മുന്നേറിക്കൊണ്ടിരുന്നു. ഞങ്ങള്‍ 25 റണ്‍സ് കൂടി കൂടുതല്‍ നേടണമായിരുന്നു. ബൗളര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തു. അവര്‍ പൊരുതി, തീര്‍ച്ചയായും അവരോട് കടപ്പെട്ടിരിക്കുന്നു. ക്യാച്ചുകള്‍ കൈവിട്ടുപോയെങ്കിലും, അത് ഞങ്ങളെ കാര്യമായി ബാധിച്ചില്ല. ഫീല്‍ഡര്‍മാരുടെ പ്രകടനത്തില്‍ ഞാന്‍ തൃപ്തനാണ്. അവര്‍ 120 ശതമാനവും ഗ്രൗണ്ടില്‍ കാണിച്ചു. ആദ്യ ഇന്നിംഗ്സില്‍ ഗ്രൗണ്ട് വരണ്ടതായിരുന്നു. പക്ഷേ മഴ തുടര്‍ച്ചയായി വന്നതിനാല്‍ ഞങ്ങള്‍ കുറച്ച് ബുദ്ധിമുട്ടി. കഴിയുന്ന അത്ര മികച്ച പ്രകടനം പുറത്തെടുത്തു.” ഹാര്‍ദിക് പാണ്ഡ്യ വ്യക്തമാക്കി.
ചാഹറിന്റെ ആദ്യ പന്ത് തന്നെ രാഹുല്‍ തെവാട്ടിയ ബൗണ്ടറി നേടി. രണ്ടാം പന്തില്‍ സിംഗിള്‍. മൂന്നാം പന്തില്‍ കോര്‍ട്സിയയുടെ വക സിക്സര്‍. നോ ബോള്‍ ഫ്രീ ഹിറ്റ് കിട്ടിയെങ്കിലും ഒരു റണ്‍ നേടാനേ കോര്‍ട്സിയയ്ക്ക് കഴിഞ്ഞുള്ളു. 2 പന്തില്‍ 1 റണ്‍ വേണമെന്നിരിക്കെ കൂറ്റനടിക്ക് ശ്രമിച്ച കോര്‍ട്സിയയ്ക്ക് പിഴച്ചു. 6 പന്തില്‍ 12 റണ്‍സ് നേടിയ കോര്‍ട്സിയയെ ദീപക് ചഹര്‍ പുറത്താക്കി. ഇതോടെ അവസാന പന്തില്‍ ജയിക്കാന്‍ 1 റണ്‍. സിംഗിളിന് ശ്രമിച്ച അര്‍ഷാദ് ഖാനെ റണ്‍ ഔട്ട് ആക്കാനുള്ള അവസരം ഹാര്‍ദിക് പാണ്ട്യ പാഴാക്കിയതോടെ ഗുജറാത്തിന് ആവേശകരമായ വിജയം.
ശുഭ്മാന്‍ ഗില്‍ (46 പന്തില്‍ 43), ജോസ് ബട്ലര് (27 പന്തില്‍ 30), ഷെഫാനെ റുതര്‍ഫോര്‍ഡ് (15 പന്തില്‍ 28) എന്നിവരാണ് ഗുജറാത്തിന് വേണ്ടി തിളങ്ങിയത്. അശ്വിനി കുമാര്‍, ജസ്പ്രിത് ബുമ്ര, ട്രന്റ് ബോള്‍ട്ട് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. നേരത്തെ മുംബൈക്ക് വേണ്ടി വില്‍ ജാക്സ് (53), സൂര്യകുമാര്‍ യാദവ് (35) എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്തത്. സായ് കിഷോര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]