
കാക്കിക്കുപ്പായത്തിന് പെടാപ്പാട്; പകുതി പോലും ‘വനിതകളില്ലാതെ’ സ്റ്റേഷനുകൾ; യഥാർഥ പ്രതിസന്ധി സാമ്പത്തികമോ?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ കാക്കിക്കുപ്പായം കിട്ടാൻ കല്ലുപ്പിൽ മുട്ടുകുത്തിനിന്നും കറുത്ത തുണി കൊണ്ടു വാമൂടിക്കെട്ടിയും പട്ടിണികിടന്നും സെക്രട്ടേറിയറ്റിനു മുന്നിൽ ദിവസങ്ങളായി കഷ്ടപ്പെടുകയാണ് വനിതാ ഉദ്യോഗാർഥികൾ. സേനയിലേക്കുള്ള മറ്റു റാങ്ക് ലിസ്റ്റുകളുടെ അവസ്ഥയും സമാനമാണ്. വനിതാ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റ് ഉൾപ്പെടെ പൊലീസ് സേനാവിഭാഗം റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്.
എസ്ഐ, ആംഡ് പൊലീസ് എസ്ഐ, പൊലീസ് കോൺസ്റ്റബിൾ, വനിതാ പൊലീസ് കോൺസ്റ്റബിൾ, ഇന്ത്യ റിസർവ് ബറ്റാലിയൻ കോൺസ്റ്റബിൾ ലിസ്റ്റുകളുടെ കാലാവധിയാണ് ദിവസങ്ങൾക്കുള്ളിൽ അവസാനിക്കാനിരിക്കുന്നത്. ഈ പട്ടികകളിൽ നിന്നെല്ലാം മുൻപെന്നത്തേക്കാളും ദയനീയമായ രീതിയിലാണ് നിയമനം നടക്കുന്നതെന്ന ആക്ഷേപമാണ് ഉദ്യോഗാർഥികൾ ഉന്നയിക്കുന്നത്. അനുവദിക്കാവുന്ന തസ്തികകൾ അനുവദിച്ചും റിപ്പോർട്ട് ചെയ്യാൻ കഴിയുന്ന ഒഴിവുകൾ പരമാവധി റിപ്പോർട്ട് ചെയ്തും നിയമനം ഊർജിതമാക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.
വനിതാ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റില് ഉൾപ്പെട്ടവർക്ക് വിനയായിരിക്കുന്നത് പുരുഷ പൊലീസ് നിയമനം നടന്നാൽ മാത്രമേ വനിതാ നിയമനവും നടക്കൂ എന്ന രീതിയാണ്. ഏപ്രിൽ 19ന് കാലാവധി അവസാനിക്കുന്ന ലിസ്റ്റിൽനിന്ന് 30 ശതമാനം നിയമനം മാത്രമാണ് നടന്നിരിക്കുന്നത്. പൊലീസ് സേനയിലെ സ്ത്രീ പ്രാതിനിധ്യം 15% ആക്കുമെന്നായിരുന്നു എൽഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനം. ഇതിന്റെ ഭാഗമായി 9:1 അനുപാതം നടപ്പാക്കിയെങ്കിലും നിയമനം കുറഞ്ഞു.
56,000 പേരുള്ള പൊലീസ് സേനയിൽ അയ്യായിരത്തോളം വനിതകളാണുള്ളത്. ഒരു സ്റ്റേഷനിൽ കുറഞ്ഞത് 6 വനിതാ പൊലീസുകാർ വേണമെന്നുണ്ട്. എന്നാൽ സംസ്ഥാനത്തെ 454 പൊലീസ് സ്റ്റേഷനുകളിൽ മിക്കതിലും ഇതിന്റെ പകുതി വനിതകൾ പോലുമില്ലെന്ന് ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു. മെയിൻ ലിസ്റ്റിൽ 674, സപ്ലിമെന്ററി ലിസ്റ്റിൽ 293 എന്നിങ്ങനെ 967 പേരാണ് വനിതാ പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിലുള്ളത്. ഇതിൽ 292 പേർക്കു മാത്രമേ ഇതുവരെ നിയമന ശുപാർശ ലഭിച്ചിട്ടുള്ളൂ. മുൻ നിയമന ശുപാർശയെ തുടർന്ന് ജോലിയിൽ പ്രവേശിക്കാത്തവരുടെ 60 ഒഴിവുകൾ (എൻജെഡി) ഉൾപ്പെടെയാണ് ഇത്രയും ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 570 ഒഴിവുകൾ നിലവിലുണ്ടെന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് മറുപടി ലഭിച്ചതെന്നും സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ലെന്നും ഉദ്യോഗാർഥികൾ പറഞ്ഞു.
സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് റാങ്ക് ലിസ്റ്റിന്റെ കാലാവധി ജൂൺ 6ന് അവസാനിക്കും. മെയിൻ ലിസ്റ്റിൽ 694, സപ്ലിമെന്ററി ലിസ്റ്റിൽ 219, കോൺസ്റ്റാബ്യുലറി വിഭാഗം ലിസ്റ്റിൽ 116, മിനിസ്റ്റീരിയൽ വിഭാഗം ലിസ്റ്റിൽ 6 എന്നിങ്ങനെ 1035 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിൽ നിന്ന് ഇതുവരെ നടന്നത് 87 നിയമന ശുപാർശ മാത്രം. നിലവിൽ വന്ന് 9 മാസം പിന്നിട്ട ഈ റാങ്ക് ലിസ്റ്റിൽ നിന്ന് വെറും 8% പേർക്കു മാത്രമേ നിയമന ശുപാർശ ലഭിച്ചിട്ടുള്ളൂ. ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ റാങ്ക് ലിസ്റ്റിലെ നിയമന ശുപാർശയും പരിതാപകരമാണ്.
പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റുകൾക്ക് ഇനി ഒരാഴ്ച മാത്രമാണ് കാലാവധിയുള്ളത്. ഏപ്രിൽ 15ന് അവസാനിക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്ന് 7 ബറ്റാലിയനുകളിലായി ഇതുവരെ നടന്നത് 33% നിയമന ശുപാർശ മാത്രം. 6647 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റുകളിൽ നാലായിരത്തിലധികം പേരും നിയമനം കാത്തിരിക്കുകയാണ്. മുൻ റാങ്ക് ലിസ്റ്റുകളെ അപേക്ഷിച്ച് പരിതാപകരമായ രീതിയിലാണ് ഈ ലിസ്റ്റിൽ നിന്നുള്ള നിയമന ശുപാർശ മുന്നോട്ട് പോകുന്നതെന്നാണ് ഉദ്യോഗാർഥികളുടെ ആക്ഷേപം.
സേനാവിഭാഗം തസ്തികകളിലേക്ക് പിഎസ്സി കൃത്യമായി വാർഷിക തിരഞ്ഞെടുപ്പ് നടത്തുന്നുണ്ടെങ്കിലും ഈ ലിസ്റ്റുകളിൽ നിന്നുള്ള നിയമനത്തിന്റെ എണ്ണം കുത്തനെ ഇടിയുന്ന നിലയാണുള്ളത്. സബ് ഇൻസ്പെക്ടർ, പൊലീസ് കോൺസ്റ്റബിൾ എന്നിവയിൽ കൂടുതൽ തസ്തികകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ധാരാളം ശുപാർശകൾ സർക്കാരിനു മുന്നിലുണ്ടെങ്കിലും ഇവയിലൊന്നുപോലും അംഗീകരിക്കപ്പെടുന്നില്ല. സാമ്പത്തിക പ്രതിസന്ധിയുടെ കാരണം പറഞ്ഞ് സർക്കാർ അലംഭാവം കാട്ടുമ്പോൾ കാക്കിക്കുപ്പായമെന്ന സ്വപ്നം സഫലമാകുമോ എന്ന നെഞ്ചിടിപ്പാണ് ഉദ്യോഗാർഥികൾക്കുള്ളത്.