
ഇന്ത്യൻ ടീമിൻറെ മുഖ്യ പരിശീലകനാകാൻ താത്പ്പര്യം പ്രകടിപ്പിച്ച് മുൻ പേസർ സഹീർ ഖാൻ. കൊൽക്കത്തയിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുക്കവെയായിരുന്നു സഹീർ മനസ് തുറന്നത്. ഭാവിയിൽ ഇന്ത്യൻ ടീമിൻറെ പരിശീലകനാകാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് ആദ്യം തമാശ രൂപേണ ‘അപേക്ഷ നൽകാതെ എങ്ങനെ സാധിക്കും?’ എന്നായിരുന്നു താരത്തിൻറെ പ്രതികരണം. എന്നാൽ വീണ്ടും ഇതുമായി ബന്ധപ്പെട്ട ചോദ്യം ഉയർന്നതോടെ ‘ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കാൻ അവസരം ലഭിച്ചാൽ അത് ഏറ്റവും വലിയ ബഹുമതിയായിരിക്കും’ എന്ന് സഹീർ മറുപടി നൽകി.
നിലവിൽ ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ മെന്ററായി സേവനമനുഷ്ഠിക്കുന്ന സഹീർ ഖാന്റെ പരിചയസമ്പത്ത് ടീമിന് വലിയ ഊർജ്ജമാണ് നൽകുന്നത്. യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിൽ സഹീർ ഖാന്റെ സേവനം ലഖ്നൗ ടീമിന് മുതൽക്കൂട്ടാണ്. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളായ സഹീർ ഖാൻ 2011ലെ ലോകകപ്പ് ഉയർത്തിയ ഇന്ത്യൻ ടീമിൽ നിർണായക പങ്കാണ് വഹിച്ചത്. ഇന്ത്യയുടെ പേസ് ആക്രമണത്തിന് നേതൃത്വം നൽകിയ അദ്ദേഹം ലോകകപ്പിൽ വെറും 9 മത്സരങ്ങളിൽ നിന്ന് 21 വിക്കറ്റുകളാണ് വീഴ്ത്തിയത്. ഇതിന് പിന്നാലെ 2011-ൽ അദ്ദേഹം രാജ്യത്തെ രണ്ടാമത്തെ ഉയർന്ന കായിക ബഹുമതിയായ അർജുന അവാർഡും നേടി.
നേരത്തെ, മുംബൈ ഇന്ത്യൻസിൽ ക്രിക്കറ്റ് ഡയറക്ടറായും ഗ്ലോബൽ ഡെവലപ്മെന്റ് മേധാവിയായും സഹീർ പ്രവർത്തിച്ചിട്ടുണ്ട്. 2024 ൽ ലഖ്നൗവിൽ മെന്ററായി എത്തുന്നതിന് മുമ്പ് ജസ്പ്രീത് ബുമ്രയുടെ ഉയർച്ചയിൽ സഹീർ സുപ്രധാന പങ്കാണ് വഹിച്ചത്. അതേസമയം, 2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി നേടിയതിലൂടെ ഇതിനോടകം തന്നെ പരിശീലകനെന്ന നിലയിൽ ഗൗതം ഗംഭീർ അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചതിന് ശേഷം പദവിയൊഴിഞ്ഞ രാഹുൽ ദ്രാവിഡിന്റെ പകരക്കാരനായാണ് ഗംഭീർ പരിശീലക സ്ഥാനത്തേയ്ക്ക് എത്തിയത്.
READ MORE: ആടിയുലഞ്ഞ് പാകിസ്ഥാൻ ക്രിക്കറ്റ്; 3-0 തോൽവിയ്ക്ക് പിന്നാലെ ലഭിച്ചത് ഹാട്രിക് പിഴ!
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net