
നിങ്ങള്‍ക്കുമില്ലേ ഓര്‍മ്മകളില്‍ മായാത്ത ഒരവധിക്കാലം. ഉണ്ടെങ്കില്‍ ആ അനുഭവം എഴുതി ഞങ്ങള്‍ക്ക് അയക്കൂ. ഒപ്പം നിങ്ങളുടെ ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കമുള്ള വിലാസവും അയക്കണം. സ്കൂള്‍ കാല ഫോട്ടോകള്‍ ഉണ്ടെങ്കില്‍ അതും അയക്കാന്‍ മറക്കരുത്. വിലാസം: [email protected]. സബ്ജക്റ്റ് ലൈനില്‍ Vacation Memories എന്നെഴുതണം.
രണ്ട് മാസം സ്കൂള്‍ പൂട്ടി കയറുന്നത് അച്ഛമ്മ വീടിന്റെ ഉമ്മറത്തേക്കാണ്. അവിടുന്ന് നേരെയിറങ്ങുന്നത് തൂതപ്പുഴയുടെ ഉള്ത്തണുപ്പിലേക്കും. സൂക്ഷിച്ച് നടന്നില്ലെങ്കില്‍ ഉറപ്പായും വഴുക്കിവീഴുമെന്ന മട്ടിലുള്ള, കുത്തനെയുള്ള ആ ഇടുങ്ങിയ പുഴ വഴി ചെല്ലുന്നത്, കവുങ്ങിൻ തോട്ടത്തിന്റെ, അങ്ങേയറ്റം സന്തോഷം തരുന്ന ആ മണത്തിലേക്കാണ്. പോവുന്ന വഴിക്ക് ഒരു പീരയ്ക്ക പൊട്ടിച്ച് കയ്യില്‍ കരുതിയിട്ടുണ്ടാവും. പുഴയല്ലേ, ‘തേച്ചൊരച്ചു’ കുറെ നേരം നില്‍ക്കേണ്ടത് നമ്മുടെ ആവശ്യമാണല്ലോ. ‘എഴുത്തശ്ശന്മാരുടെ കടവി’ലാണ് നീരാട്ട്. ചെരിഞ്ഞ് നില്ക്കുന്ന ആ വലിയ പാറയ്ക്ക് മീതെ ചെരിപ്പഴിച്ച് വെച്ച്, നീന്താനറിയില്ലെന്ന നല്ല ‘ധൈര്യ’ത്തോടെ, ‘പ്ളും’ ന്ന് ഇറങ്ങും.
അമ്മ തിരുമ്പാന്‍ കൊണ്ടുവന്ന തുണികളില്‍ ഒരെണ്ണം എടുത്ത്, വെള്ളത്തിന് മീതെ വലിയൊരു പൊള്ളം ഉണ്ടാക്കി, അതിന്റെ മീതെ സോപ്പ് പതപ്പിച്ച്, തുണി പതുക്കെ വെള്ളത്തിലേക്ക് ഒരു താഴ്ത്തല്‍. അപ്പോള്‍ കാക്കത്തൊള്ളായിരം സോപ്പുകുമിളകള്‍ ഒരുമിച്ച് കുളിയ്ക്കാന്‍ വരും. വലിയൊരു പൊള്ളത്തില് നിന്ന് ഒരുപാട് കുഞ്ഞു പൊള്ളങ്ങള്‍… ബുദ്ബുദ സംഭവം…
കാലിനടിയില്‍ തടയുന്ന വലിയ ഉരുളങ്കല്ലുകള്‍, കിട്ടുന്ന മുറയ്ക്ക് പെറുക്കി പാറപ്പുറത്തേക്ക് എടുത്തുവയ്ക്കും. അവധിക്കാലത്തിന്റെ തിരുശേഷിപ്പുകള്‍. ഇടയ്ക്ക് കാലിനടിയില്‍ ഓരോ മീന്കൊത്തല് കിട്ടും. പകുതി പേടി കൊണ്ടും പകുതി ഇക്കിളി കൊണ്ടും പതുക്കെ അമ്മയുടെ അടുത്തേക്ക് ഒതുങ്ങും. തുണി സോപ്പിട്ട് പതപ്പിക്കുന്ന അമ്മയെ സോപ്പിട്ട്, അമ്മയുടെ നീട്ടിപ്പിടിച്ച കയ്യില്‍ കമിഴ്ന്ന് കിടന്ന് കാര്യമായി ‘കുറെ’ ദൂരം നീന്തി ‘ക്ഷീണിക്കും.’ അമ്മയ്ക്ക് ക്ഷീണമാവാം എന്നത് കൊണ്ട്, കൈ കടയുന്നുവെന്ന് അമ്മ പറയുന്നതൊന്നും ചെവിയ്ക്കുള്ളില്‍ വെള്ളം പോയിരിക്കുന്നത് കൊണ്ടാവും കേള്‍ക്കില്ല.
വെയില് മൂത്തൊരു പരുവമാവുമ്പോള്‍, കേറിപ്പോരാന്‍ പറഞ്ഞു പറഞ്ഞ്, അമ്മ അതിലും വലിയ പരുവമാവുമ്പോള്‍ തോര്‍ത്തി കേറിപ്പോരും. കവുങ്ങിന് മണത്തിനുള്ളിലൂടെ തണുത്ത വഴിയിലേക്ക്. ആ നല്ല വഴിയ്ക്കിരുവശത്തും ഓരോ വീടുകളുണ്ട്. ആ വഴിയേക്കാള്‍, ആ പുഴയേക്കാള്‍ തണുപ്പ് ഉള്ളിലേറ്റുന്നവര്‍ ജീവിയ്ക്കുന്നയിടം. നമ്മളെന്നും ‘ചെറുതാ’യിരിക്കുന്ന ചില വീടുകള്‍. ഇപ്പോഴും പേരിനൊപ്പം ‘കുട്ടി’ എന്ന് ചേര്‍ത്ത് വിളിയ്ക്കുന്ന അകം തണുപ്പ് വറ്റാതുള്ള ചില മനുഷ്യരുള്ളയിടം. അമ്മക്കൈ വിടുവിച്ച് നേരെ അതിലൊരു വീട്ടിലേക്ക്. അവിടെ ആ വീടിന്റെ ചായ്പ്പിന്റെ ഇറയത്ത് എന്റെയൊരു കുഞ്ഞുമുറം തിരുകി വച്ചിട്ടുണ്ടാവും. ഉമ്മറത്ത് കൂട്ടിയിട്ടിരിക്കുന്ന മണലില്‍ മുറം വെച്ച് ചേറി കളിച്ച് കഴിയുമ്പോഴേക്കും വിശപ്പ് അമ്മയെ തിരഞ്ഞ് പോയിട്ടുണ്ടാവും. ചെറിയുള്ളി ചേര്‍ത്ത അപ്പത്തിന് അപ്പോഴേക്കും സ്വാദേറിയിട്ടുണ്ടാവും.
അമ്മ ഉച്ചയൂണ് കാലമാക്കലിലേക്കും അച്ഛമ്മ തേങ്ങയിടീക്കല് ഇത്യാദി പരിപാടികളിലേക്കും തിരിയുമ്പോള്‍ ഞാനെന്റെ ലോകത്തിലേക്ക് തിരിയും. വല്യച്ഛന്മാരുടെ പഴയ ഇരുമ്പുപട്ടാളപ്പെട്ടികളൊന്ന് കഷ്ടപ്പെട്ട്, പൊന്തിച്ച് തുറന്ന് നോക്കും. ബാലമംഗളത്തിന്റെ പഴയ ഏതെങ്കിലും ഒരു ലക്കം കയ്യില്‍ തടയും. മച്ചിലെ ഇരുട്ടിനെ വക വയ്ക്കാതെ പത്തായത്തില് ഏന്തിവലിഞ്ഞു കേറി, നെല്ല് മാത്രമേയുള്ളൂവെന്ന് ഉറപ്പിച്ച് തിരിച്ചിറങ്ങും. ആ ക്ഷീണം മാറാന്‍ തൂങ്ങിക്കിടക്കുന്ന പഴക്കുലയില്‍ നിന്നും രണ്ടെണ്ണം ഇരിയും. ബാലമംഗളത്തോടൊപ്പം അകത്താക്കും.
അങ്ങനെയിരിക്കുമ്പോഴായിരിക്കും ആ മണം വരുന്നത്, അച്ഛമ്മയുടെ അടുത്ത് വരുമ്പോള്‍ മാത്രം കിട്ടുന്ന മീന്മണം. ചോറുണ്ണാന്‍ പ്രത്യേക ക്ഷണം ഒന്നും വേണ്ടാതെ തന്നെ അടുക്കള വാതില്ക്കല് ഹാജരാവും. ‘പരിചയല്ല്യാത്തതാ, മുള്ള് നോക്കി കഴിക്കണം ട്ടോ’ ന്ന് അച്ഛമ്മ അടുത്തിരുന്ന് പറയും.
ഊണും കഴിഞ്ഞ് എല്ലാരും ഉറങ്ങുന്ന നേരത്ത്, പൂമുഖത്തെ അഴിയില്ലാത്ത ജനലില്‍ക്കൂടി ചാടി പിന്നിലെ നെടുമ്പുരയില്‍ എത്തും. കമിഴ്ത്തിവച്ച കുന്താണി വെറുതെയൊന്ന് പൊന്തിച്ച് നോക്കും. അച്ഛമ്മ വല്ല കോഴികളെയും അതിനകത്ത് പിടിച്ചു വച്ചിട്ടുണ്ടോ എന്നറിയാന്‍. കറിയാവാന് വിധിയ്ക്കപ്പെട്ട കോഴിയെ തലേന്ന് രാത്രി അച്ഛമ്മ ആ കുന്താണിയ്ക്കുള്ളിലേക്കാണ് മുളയ്ക്കാറുള്ളത്. തൊഴുത്തിന്റെ പിന്നില്‍ പാമ്പുണ്ടാവാന് സാധ്യതയുള്ളത് കൊണ്ട് അവിടുന്ന് നേരെ തിരിഞ്ഞ് കോഴിക്കൂടിന്റെ അടുത്തേക്ക്. അടുക്കളവീതിന മെഴുകാന്‍ വച്ചിട്ടുള്ള കരിക്കട്ടയില്‍ നിന്നും ഒരെണ്ണമെടുത്ത് കോഴിക്കൂടിന്റെ അടുത്തുള്ള ചുമരില്‍ ‘ഹ’ വച്ച് ഒരെട്ട് പത്ത് കോഴികളെ വരച്ചിടും.
വൈകുന്നേരം അമ്മ ആട്ടുകല്ലില്‍ അരിയാട്ടാനിരിയ്ക്കുമ്പോള്, അച്ഛമ്മ മുറുക്കാനിടിയ്ക്കുന്ന കുഞ്ഞമ്മിക്കുട്ടി എടുത്ത് രണ്ട് കുരുമുളകില അരച്ച് ഞാനും ഐക്യദാര്‍ഢ്യം പ്രഖ്യാപിയ്ക്കും. അരയ്ക്കലൊക്കെ കഴിഞ്ഞ് പോവുന്ന പോക്കില്‍, കുടലേറ്റത്തിനുഴിഞ്ഞ് അച്ഛമ്മ കമിഴ്ത്തിവച്ച കലം, ആരും കാണാതെ ഒന്ന് പൊക്കി നോക്കി അതേപോലെ കമിഴ്ത്തി വെച്ച്, കനാല്‍വെള്ളത്തില്‍ കളിയ്ക്കാന്‍ പ്ലാവിന്ചോട്ടിലേക്കോടും.
നേരം അന്തിയാവും. അമ്മ വിളക്ക് കൊണ്ടുവരും. ഉമ്മറത്തെ കല്ലിന്മേല് ഒരു തിരി വെയ്ക്കും. അച്ഛമ്മ കേള്‍ക്കുന്നുണ്ടെന്ന കുഞ്ഞു ഭയപ്പാടോടെ ‘നമ: ശിവായ’ ചൊല്ലും. ചന്ദനത്തിരി കുത്തിവെച്ച ആ വെള്ളാനയുടെ ചന്തം നോക്കിയിരിക്കുമ്പോള്‍, ഇടയില്‍ നാവൊന്ന് പിഴയ്ക്കും.
മങ്ങിയ മഞ്ഞനിറം പൊഴിയ്ക്കുന്ന ഉമ്മറത്തെ ഫിലമെന്റ് ബള്ബിന് താഴെ, ഏത് ചൂടുകാലത്തും തണുപ്പുള്ള അച്ഛമ്മ, സ്വെറ്ററും സോക്സുമിട്ട് ആ മരക്കസേരയില്‍ ലേശം മുന്നോട്ട് ആഞ്ഞിരിക്കും. അതിനിടയില്‍, നേരമല്ലാത്ത നേരത്ത് കേള്‍ക്കുന്ന തീവണ്ടി ശബ്ദത്തിന് ചെവിയോര്‍ത്ത്, ‘ബാലാസ്റ്റ്’ (ചരക്കുവണ്ടി) ആണെന്ന് ആത്മഗതം പറഞ്ഞ് മുറുക്കാന്പൊതിയ്ക്കൊപ്പം പഴങ്കഥപ്പൊതിയും അഴിയ്ക്കും. കഥയ്ക്കൊപ്പം ഓരോ ചോറുരുളയും അറിയാതെ ചവച്ചിറങ്ങിപ്പോവും. ചക്കമുളഞ്ഞില്‍ നരി ഒട്ടിപ്പോയ കഥ ഒഴുകിയൊഴുകി വെള്ളപ്പൊക്കം വന്ന് മുറ്റം മൂടിയ കഥ വരെയെത്തും. അപ്പോഴേക്കും ഉറക്കം ഒഴുകി കണ്ണിലെത്തും…
ഉറങ്ങലുകളും ഉണരലുകളും മാറിമാറിയൊഴുകി, വലുതാവുമ്പോള്‍, അല്ല വയസ്സ് കൂടി വരുമ്പോള്‍, ഓര്‍മപ്പുഴ മാത്രം ഒരു തടയിണയ്ക്കും മുന്നിലും തടയപ്പെടാതെ പുറകോട്ട് കുലംകുത്തിയൊഴുകും. ആ തണുപ്പില്‍ നിന്നും തുവര്ത്തിക്കയറാന് തോന്നാതെ നനഞ്ഞ് കുതിര്‍ന്ന് നില്‍പ്പാണ് മുപ്പത്തഞ്ചിലെത്തിയ ഒരു കുട്ടി. വല്ലപ്പോഴും വരുന്ന ഓര്‍മകളുടെ ബാലാസ്റ്റിന് പച്ചക്കൊടിയും കയ്യില്‍ ചേര്‍ത്ത് പിടിച്ച്.
ഓര്‍മ്മകളില്‍ ഒരു അവധിക്കാലം മറ്റ് ലക്കങ്ങൾ വായിക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]