
പാലക്കാട്: മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ അലൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം കടുപ്പിച്ച് നാട്ടുകാരും ബന്ധുക്കളും. അലന്റെ മരണത്തിൽ നടപടിയെടുക്കാതെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് ബന്ധുക്കൾ. മുന്നോട്ടു വെച്ച ആവശ്യങ്ങൾ അംഗീകരിക്കുംവരെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് നാട്ടുകാരും ബന്ധുക്കളും വ്യക്തമാക്കി. മോർച്ചറിക്കു മുന്നിൽ വലിയ തോതിലുള്ള പ്രതിഷേധമാണ് ഇവർ ഉയർത്തുന്നത്.
കുടുംബത്തിന് നഷ്ടപരിഹാരം നൽകണം, അമ്മ വിജിയുടെ ചികിത്സ സർക്കാർ ഏറ്റെടുക്കണം, കാട്ടാനകൾ സ്ഥിരമായി വരുന്നത് തടയാൻ ശാശ്വത പരിഹാരം വേണം തുടങ്ങിയ ആവശ്യങ്ങളാണ് ബന്ധുക്കളും നാട്ടുകാരും ഉയർത്തുന്നത്. അതിനിടെ പ്രതിഷേധവുമായി കോൺഗ്രസ് ഡി എഫ് ഒ ഓഫീസ് മാർച്ച് നടത്തും. വനം വകുപ്പിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ച് രാവിലെ 11 നാണ് മാർച്ച് നടത്തുക.
ഇന്നലെ രാത്രിയാണ് മുണ്ടൂരിൽ കാട്ടാനയാക്രമണത്തിൽ അലന് ജീവൻ നഷ്ടമായത്. അലനൊപ്പമുണ്ടായിരുന്ന മാതാവ് വിജി പരിക്കുകളോടെ തൃശൂർ മെഡിക്കൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ പ്രതിഷേധിച്ച് മുണ്ടൂർ പഞ്ചായത്തിൽ ഇന്ന് സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ബിജെപിയുടെ നേതൃത്വത്തിൽ ഡി എഫ് ഒ ഓഫീസ് മാർച്ചും നടത്തുന്നുണ്ട്.
മുണ്ടൂരിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ഒരാഴ്ചയായി നിലയുറപ്പിച്ചിരിക്കുകയാണ് കാട്ടാനകൾ. ഇതേ കാട്ടാനക്കൂട്ടത്തിന് മുന്നിലാണ് അലനും അമ്മ വിജിയും ഇന്നലെ പെട്ടത്. വൈകീട്ട് കടയിൽ നിന്നും സാധനങ്ങൾ വാങ്ങി തിരികെ വീട്ടിലേക്ക് മടങ്ങും വഴി കണ്ണാടൻചോലയ്ക്ക് സമീപമായിരുന്നു സംഭവം. മുന്നിൽപെട്ട അലനെ ആന തുമ്പിക്കൈകൊണ്ട് തട്ടി കാൽകൊണ്ട് തൊഴിച്ചു. പിന്നാലെയുണ്ടായിരുന്ന അമ്മയെയും ആനക്കൂട്ടം ആക്രമിച്ചു. പരിക്കേറ്റ വിജി കയ്യിലുണ്ടായിരുന്ന ഫോണിൽ വിവരമറിയിച്ചതോടെയാണ് നാട്ടുകാരെത്തിയത്. ആശുപത്രിയിലേക്കെത്തും മുമ്പെ ഗുരുതര പരിക്കേറ്റ് രക്തത്തിൽ കുളിച്ച അലൻ മരിച്ചിരുന്നു. തോളെല്ലിനും ശരീരത്തിന്റെ വലതുഭാഗത്തും പരിക്കേറ്റാണ് വിജി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]