
കൊലയ്ക്കു ശേഷം ‘ദൃശ്യം 4’ നടത്തിയെന്ന് പ്രതിയുടെ ഫോൺകോൾ; തൊടുപുഴ കൊലപാതകത്തിൽ നിർണായക തെളിവ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൊടുപുഴ∙ ബിസിനസ് പങ്കാളി മൃതദേഹം ചെത്തിമറ്റത്തെ മാൻഹോളിൽ ഒളിപ്പിച്ച സംഭവത്തിൽ നിർണായക തെളിവായി ഒന്നാം പ്രതി ജോമോന്റെ കോൾ റെക്കോർഡ്. കൊലപാതകത്തിന് ശേഷം ജോമോൻ പലരെയും ഫോണിൽ വിളിച്ച് താൻ ‘ദൃശ്യം -4’ നടത്തിയെന്ന് പറഞ്ഞതായി പൊലീസ് കണ്ടെത്തി. ജോമോന്റെ ഫോണിൽ നിന്നാണ് കോൾ റെക്കോർഡ് കിട്ടിയത്.
ശബ്ദത്തിന്റെ ആധികാരികത പരിശോധിക്കാൻ പൊലീസ് വോയ്സ് ടെസ്റ്റ് നടത്തും. താൻ കൃത്യം നടത്തിയെന്ന് ജോമോൻ വെളിപ്പെടുത്തിയ ആളുകളുടെയും മൊഴിയെടുക്കും.
ജോമോന്റെ ഭാര്യയെയും പൊലീസ് ഉടൻ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന. ബിജുവിനെ തട്ടിക്കൊണ്ടുപോകാനുള്ള ആസൂത്രണത്തെപ്പറ്റി ഇവർക്കും അറിവുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. കേസിൽ ജോമോൻ ഉൾപ്പെടെയുള്ള പ്രതികൾക്കായി പൊലീസ് വീണ്ടും കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്. അപേക്ഷ ഇന്ന് തൊടുപുഴ കോടതി പരിഗണിക്കും.
കൊല്ലപ്പെട്ട ബിജു ജോസഫും ജോമോനും മുൻപ് ബിസിനസ് പങ്കാളികളായിരുന്നു. വളരെക്കാലമായി ഇവർ തമ്മിൽ സാമ്പത്തിക തർക്കം നിലനിന്നിരുന്നുവെന്നും ഇതാണ് കൊലയിൽ കലാശിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ചു തട്ടിക്കൊണ്ടുപോയി മർദിച്ചു കൊലപ്പെടുത്തി ആളൊഴിഞ്ഞ ഗോഡൗണിലെ മാലിന്യക്കുഴിയിൽ മൃതദേഹം താഴ്ത്തി കോൺക്രീറ്റ് ഇട്ട് മൂടുകയായിരുന്നു. ബിജുവിനെ കാണാനില്ലെന്ന് കാട്ടി ഭാര്യ മഞ്ജു നൽകിയ പരാതി അന്വേഷിച്ചാണു പൊലീസ് പ്രതികളെ കണ്ടെത്തിയത്. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.