
‘അലൻ രക്തം വാർന്നു കിടക്കുന്നു, ഓടി വാ മക്കളേ’: വീട്ടിലെത്താൻ ഒരു മണിക്കൂർ മാത്രം, നഷ്ടമായത് കുടുംബത്തിന്റെ അത്താണി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട് ∙ നിറകണ്ണുകളുമായാണ് അലന്റെ സുഹൃത്തുക്കളും നാട്ടുകാരും ജില്ലാ ആശുപത്രിയിലെത്തിയത്. സുഹൃത്തുക്കളിൽ ചിലർ സങ്കടം സഹിക്കാനാകാതെ പൊട്ടിക്കരഞ്ഞു. ചേച്ചിയുടെ വീട്ടിൽ പോയി വരാമെന്നു പറഞ്ഞു പോയ അലനെ പിന്നീട് ജീവനോടെ കാണാൻ കഴിഞ്ഞില്ല. വാക്കുകൾ ഇടറിയാണ് എന്താണു സംഭവിച്ചതെന്ന് സുഹൃത്തുക്കൾ വിശദീകരിച്ചത്. സംഭവമറിഞ്ഞ് സുഹൃത്തുക്കളും നാട്ടുകാരും രാഷ്ട്രീയ പ്രതിനിധികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് ജില്ലാ ആശുപത്രിയിൽ തടിച്ചുകൂടിയത്.
വീട്ടിലെത്താൻ നൂറു മീറ്റർ മാത്രം ബാക്കിനിൽക്കെയാണ് അലന്റെ ജീവൻ കാട്ടാനയെടുത്തത്. പ്രദേശത്ത് ഇന്നലെ വൈകിട്ട് ശക്തമായ മഴയുണ്ടായിരുന്നു. വഴിവിളക്കിന്റെ അരണ്ടവെളിച്ചം മാത്രമാണുണ്ടായിരുന്നത്. നടന്നുവരികയായിരുന്ന അലനും അമ്മയ്ക്കും നേരെ പാഞ്ഞടുത്ത കാട്ടാനയെ അവർ കണ്ടില്ല. ആന തട്ടിയപ്പോഴാണ് ഇവർ തിരിച്ചറിഞ്ഞത്. ആക്രമണത്തിൽ പരുക്കുപറ്റിയിരുന്നെങ്കിലും മകനെ രക്ഷിക്കുന്നതിനു വേണ്ടി അമ്മ വിജി കൂട്ടുകാരെ ഫോൺ വിളിച്ചു.‘‘അലൻ രക്തം വാർന്നു കിടക്കുകയാണ്, ഓടി വായോ മക്കളേ’’ എന്നു പറഞ്ഞാണ് അവർ ഫോൺ വിളിച്ചത്. പിന്നാലെയാണ് അലന്റെ സുഹൃത്തുക്കളും പ്രദേശവാസികളും വിവരമറിഞ്ഞത്. രണ്ടു ദിവസമായി പ്രദേശത്ത് കാട്ടാനയുടെ ശല്യം രൂക്ഷമായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു. മൂന്ന് ആനകൾ കാടിറങ്ങി ജനവാസമേഖലയിൽ എത്തിയിരുന്നു.
കുടുംബത്തിന്റെ അത്താണിയാണ് അലന്റെ വിയോഗത്തിലൂടെ നഷ്ടമായത്. അച്ഛൻ ജോസഫിനു കൂലിപ്പണിയാണ്. കെട്ടിടം പണിക്ക് പോകുന്ന ജോസഫിനു വല്ലപ്പോഴും മാത്രമാണു പണി ഉണ്ടാകാറ്. അലൻ കുടുംബം നോക്കാൻ തുടങ്ങിയപ്പോഴാണ് ജോസഫിനു വലിയ ആശ്വാസമായത്. കൊല്ലം ലുലു മാളിൽ ജോലിക്കു കയറിയിട്ട് കുറച്ചു മാസങ്ങൾ ആയതേയുള്ളൂ.
കാട്ടാന ശല്യം രൂക്ഷം, നടപടിയില്ല
ഏഴു വർഷത്തിനിടെ കാട്ടാന ആക്രമണത്തിൽ മുണ്ടൂരിൽ കൊല്ലപ്പെട്ടത് ഒരു സ്ത്രീ ഉൾപ്പെടെ 4 പേർ. വനംവകുപ്പ് താൽക്കാലിക വാച്ചർമാർ ഉൾപ്പെടെ ഇരുപതോളം പേർക്കു പരുക്കേൽക്കുകയും ചെയ്തു. എന്നിട്ടും, കാട്ടാനശല്യം തടയാൻ ശാശ്വത പരിഹാര മാർഗങ്ങളൊന്നും നടപ്പാക്കാനായില്ല.
വനയോര മേഖലയോടു ചേർന്നുകിടക്കുന്ന ഗ്രാമങ്ങളിലാണു കാട്ടാനശല്യം കൂടുതൽ. രാപകൽ വ്യത്യാസമില്ലാതെ മേഖലയിൽ കാട്ടാനശല്യം രൂക്ഷമാണെന്നു പ്രദേശവാസികൾ പറയുന്നു. കൊയ്ത്തിനു പാകമായ ഏക്കർകണക്കിനു കൃഷിയിടങ്ങളാണു നശിപ്പിച്ചിട്ടുള്ളത്. കൊയ്ത്തു തീരുന്നതുവരെ കാട്ടാനശല്യം തുടരുമെങ്കിലും ആവശ്യത്തിനു വാച്ചർമാരെ മേഖലയിൽ നിയോഗിച്ചിട്ടില്ല. കാട്ടാനകൾ പലപ്പോഴും മുന്നിലേക്കു പാഞ്ഞെത്തുമെന്നതിനാൽ കർഷകർ ഭീതിയോടെയാണ് കൃഷിയിടങ്ങളിലേക്കു പോകാറ്.
ആരെങ്കിലും കൊല്ലപ്പെട്ടാൽ മാത്രം ഭവനസന്ദർശനത്തിനെത്തുന്ന ജനപ്രതിനിധികളും തുടർനടപടികൾ സ്വീകരിക്കുന്നതിൽ ഗുരുതരവീഴ്ച വരുത്തുന്നു എന്നാണ് ജനങ്ങളുടെ പരാതി. മുണ്ടൂർ മേഖലയിൽ മാത്രമല്ല മലമ്പുഴ മണ്ഡലം മുഴുവൻ കാട്ടാനശല്യത്തിൽ പൊറുതിമുട്ടുകയാണ്. സമീപകാലത്ത് പുതുശ്ശേരി പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ ശല്യവും കൃഷിനാശവും നേരിട്ടത്. കാട്ടാനകൾ നാട്ടിലിറങ്ങുമ്പോഴും കൃഷി നശിപ്പിക്കുമ്പോഴും അപകടസാധ്യതാ മുന്നറിയിപ്പു നൽകാനും പ്രതിരോധിക്കാനും വനംവകുപ്പിനു സാധിക്കുന്നില്ല.
തകർന്ന ഫെൻസിങ്ങുകൾ നോക്കുകുത്തി
മുണ്ടൂരിലും മലമ്പുഴ മണ്ഡലത്തിലെ പഞ്ചായത്തുകളിലും കാട്ടാനശല്യം രൂക്ഷമായിട്ടും തകർന്ന സോളർ വേലികൾ അറ്റകുറ്റപ്പണി നടത്താൻ നടപടിയില്ല. പലയിടത്തും കിലോമീറ്ററുകളോളം മേഖലയിൽ ഫെൻസിങ് തകർന്നിട്ടുണ്ട്. പുതുശ്ശേരി പഞ്ചായത്തിലെ വാളയാർ, കഞ്ചിക്കോട് മേഖലയിൽ ചിലയിടങ്ങളിൽ തൂക്കുവേലി സ്ഥാപിക്കുകയും സോളർ ഫെൻസിങ്ങുകൾ ചിലയിടത്ത് അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്തതൊഴിച്ചാൽ മറ്റൊരിടത്തും നടപടിയില്ല. ഫണ്ട് ലഭ്യമാക്കുന്നതിലെ കാലതാമസമാണ് അറ്റകുറ്റപ്പണി നീളാൻ കാരണം. വനയോരമേഖലയിലെ ഫെൻസിങ് തകർത്താണ് ആനകൾ ജനവാസമേഖലയിൽ ഇറങ്ങി നാശം വിതയ്ക്കുന്നത്.