
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ പൊലീസ് നടത്തിയ വാഹന പരിശോധനയില്‍ മോഷ്ടിച്ച ബൈക്കുകളുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. വയനാട് കല്പറ്റ പിണങ്ങോട് സ്വദേശികളായ അമൃത നിവാസില്‍ അഭിഷേക്, പറപ്പാടന്‍ അജ്നാസ്, ചുണ്ടയില്‍ സ്വദേശി മോതിരോട്ട് ഫസല്‍ എന്നിവരെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന രണ്ട് ബൈക്കുകള്‍ മോഷ്ടിച്ചതാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് മൂന്ന് പേരും പിടിയിലായത്. പുലര്‍ച്ചെ നാലു മണിയോടെ താമരശ്ശേരി ചുരത്തില്‍ പട്രോളിംഗ് നടത്തുകയായിരുന്നു താമരശ്ശേരി പൊലീസ്. ചുരത്തിന്റെ നാലാം വളവില്‍ ബദല്‍ റോഡിനോട് ചേര്‍ന്ന് രണ്ട് ബൈക്കുകള്‍ കണ്ടു. ബൈക്കുകളുടെ സമീപത്തായി മൂന്നു യുവാക്കളും. രണ്ട് ബൈക്കുകളിലായാണ് മൂന്ന് പേരും സഞ്ചരിച്ചിരുന്നത്. കെഎല്‍ 60 ഡി 5143 നമ്പറിലുള്ള ബൈക്കില്‍ ഫസലും കെഎല്‍ 11 എല്‍ 6569 നമ്പര്‍ ബൈക്കില്‍ അഭിഷേകും അജ്നാസുമാണ് യാത്ര ചെയ്തത്.
സംശയം തോന്നി പൊലീസ് സംഘം വാഹനം നിർത്തി മൂവരേയും ചോദ്യം ചെയ്തു. ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ മോഷണം പുറത്താവുകയായിരുന്നു. മോഷണവുമായി ബന്ധപ്പെട്ട രണ്ട് കേസുകള്‍ ഇവര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികള്‍ കൂടുതല്‍ മോഷണങ്ങള്‍ നടത്തിയിട്ടുണ്ടോ എന്നറിയാന്‍ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]