
ഏറ്റുമാനൂരിൽ ഷൈനിയും മക്കളും ആത്മഹത്യ ചെയ്ത സംഭവത്തെ അടിസ്ഥാനത്തിൽ സ്ത്രീകൾ ഉറപ്പായും മനസ്സിലാക്കേണ്ട ചില കാര്യങ്ങൾ
ഏറ്റുമാനൂരിൽ ഷൈനിയും മക്കളും ആത്മഹത്യ ചെയ്ത സംഭവം, ഭർത്താവിനെതിരെ ഗാർഹിക പീഡനത്തിന് കേസ് എടുത്ത സംഭവവും നമ്മൾ അറിഞ്ഞതാണല്ലോ. ഇതിന്റെ അടിസ്ഥാനത്തിൽ സ്ത്രീകൾ ഉറപ്പായും മനസ്സിലാക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്.
(ഇനി പറയുന്ന പ്രശ്നങ്ങൾ സ്ത്രീകളിൽ ഇല്ല എന്നല്ല. പക്ഷേ പുരുഷന്മാരിൽ കൂടുതലായും കണ്ടുവരുന്നു. പങ്കാളിയിൽ ഇത്തരം സ്വഭാവ രീതികൾ ഉണ്ടങ്കിൽ നിങ്ങളെ അത് മാനസിക സമ്മർദ്ദത്തിലാക്കും).
വിവാഹമോചനം തെറ്റാണ് എന്ന് മതങ്ങളും സമൂഹവും പറഞ്ഞേക്കാം. അത് മാത്രമല്ല കുഞ്ഞുങ്ങളുടെ ഭാവിയെ കരുതി അത് വേണ്ട എന്ന് വയ്ക്കുന്നവരാണ് അധികം സ്ത്രീകളും. എന്നാൽ വിവാഹം വലിയ മാനസിക സമ്മർദത്തിനും, ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെടുന്നതിനും കാരണമാകുന്ന പങ്കാളിയിലെ ചില വികലമായ സ്വഭാവ രീതികൾ എന്തെന്ന് മനസ്സിലാക്കണം. അത്തരം സാഹചര്യങ്ങളിൽ കുടുംബത്തിന്റെയും സമൂഹത്തിന്റെ പിന്തുണ സ്ത്രീകൾക്ക് കൂടുതൽ ലഭിക്കണം. ഗാർഹിക പീഡനങ്ങൾ നടക്കുമ്പോൾ നിയമത്തെ ആശ്രയിക്കാൻ അവർക്കു കഴിയാതെ പോകുന്നത് പലതരം ഭയങ്ങൾ അവരെ ബാധിക്കുന്നുണ്ട് എന്നതിനാലാണ്.
ചില ഉദാഹരണങ്ങൾ പരിശോധിക്കാം
മദ്യത്തിന് അടിമയായ ഭർത്താവ് പണത്തിനായി നിരന്തരം ഭാര്യയെ ഉപദ്രവിക്കുന്നു. ഭാര്യയെ ജോലിക്കു പോകാൻ ഭർത്താവ് അനുവദിക്കില്ല. ജോലിക്കു പോകുകയല്ല ലക്ഷ്യം അവർ മറ്റു പുരുഷന്മാരുമായി ബന്ധമുണ്ടാക്കാൻ ശ്രമിക്കുകയാണ് എന്ന സംശയമാണ് ഭർത്താവിന്. എന്നാൽ ഈ സ്ത്രീയെപ്പറ്റി അത് സത്യമാണ് എന്നതിന് യാതൊരുവിധ തെളിവുമില്ല. അവരുടെ സ്വർണ്ണം എല്ലാം എടുത്തതിനുശേഷം അവരുടെ അച്ഛനിൽ നിന്നും പണം വാങ്ങിത്തരണം എന്ന് സ്ഥിരമായി നിർബന്ധം തുടങ്ങി. ഒരുപാട് തവണ അച്ഛനോട് ചോദിച്ചു പണം വാങ്ങിക്കൊടുത്തു. എങ്കിലും പിന്നീട് നാണക്കേടുകാരണം അവർ പണം ചോദിക്കുന്നത് അവസാനിപ്പിച്ചു. അതിന്റെ പേരിൽ പിന്നീട് വഴക്കും ഉപദ്രവവും കൂടി.
മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന ആളുകൾ പെട്ടെന്ന് എടുത്തു ചാടി പ്രവർത്തിക്കാനും, വയലെന്റ് ആകാനും സാധ്യത കൂടുതലാണ്. ഇവർ പെട്ടെന്ന് പ്രകോപിതരായേക്കാം. ഇവർ ഭാര്യയെ പിടിച്ചു തള്ളുക, ഉപദ്രവിക്കുക, മുടിക്ക് കുത്തിപിടിക്കുക, മുറിയിൽ നിന്നും പുറത്തു കടക്കാൻ അനുവദിക്കാതെ ഇരിക്കുക, ലൈംഗിക വൈകൃതങ്ങൾ എന്നിങ്ങനെ വലിയ വിയലിൻസ് കാണിക്കാൻ സാധ്യതയുണ്ട്.
കുട്ടികളുടെ മുൻപിലാണ് ഈ വിയലൻസ് എല്ലാം നടക്കുന്നത് എന്നത് കുട്ടികളെയും മാനസികമായി തകർക്കും. കുട്ടികൾ അവരെ എതിർത്തു തുടങ്ങുമ്പോൾ കുട്ടികളെ ഉപദ്രവിക്കുക, ചിലർ കുട്ടികളെ പോൺ ദൃശ്യങ്ങൾ വരെ കാണിക്കുന്ന കേസുകൾ ഉണ്ട്. കുട്ടികൾ ഭയപ്പെട്ടു പോവുക, പഠനത്തിൽ പിന്നോക്കമാവുക എന്നുള്ള അവസ്ഥകൾ ഉണ്ടാകാം. ചില കുട്ടികൾ മദ്യത്തിന് അടിമയായ അച്ഛൻ കാണിക്കുന്ന അതേ രീതികൾ പകർത്താനും എല്ലാവരോടും വിയലന്റ് ആയി പെരുമാറാനും തുടങ്ങും.
മറ്റൊരു കുടുംബത്തിൽ ഭാര്യ ജോലിക്കു പോകുന്ന ആളാണ്. കഴിഞ്ഞ രണ്ടു വർഷമായി ഭർത്താവ് ജോലിക്കു പോകാൻ തയ്യാറല്ല. രാവിലെ വീട്ടിലെ ജോലികൾ തീർത്തു കുട്ടികളെ സ്കൂളിലേക്ക് അയച്ചശേഷം ഭാര്യ ഓഫീസിലേക്ക് പോകുന്നു. ഭർത്താവ് ആ സമയം ഫോണിൽ ചിലവഴിക്കുകയാണ്. ശമ്പളം കിട്ടിയ പണം കൈകാര്യം ചെയ്യാൻ ഭർത്താവ് ഭാര്യയെ അനുവദിക്കില്ല. ഭർത്താവ് ഫോണിൽ പലരുമായും ചാറ്റ് ചെയ്യുന്നത് ഭാര്യ തെളിവു സഹിതം കണ്ടെത്തി. അതിനെ ചൊല്ലി അവർ തമ്മിൽ വഴക്കായി. ഭർത്താവ് ഭാര്യയെ ഉപദ്രവിച്ചു. പിന്നീട് എങ്ങനെയെങ്കിലും അഡ്ജസ്റ്റ് ചെയ്യാൻ ബന്ധുക്കളുടെ ഉപദേശപ്രകാരം തീരുമാനിച്ചു എങ്കിലും വീണ്ടും ഇതെല്ലാം തന്നെ ആവർത്തിച്ചു. തന്റെ ആവശ്യത്തിനായി പണം വേണമെന്ന് ഭാര്യ പറയുമ്പോൾ അവരുടെ ബാങ്ക് ഡെബിറ്റ് കാർഡ് നല്കാൻ പോലും ഭർത്താവ് തയ്യാറല്ല. ഭർത്താവ് പണം അനാവശ്യമായി ചിലവാക്കുന്നതായി മനസ്സിലാക്കി എങ്കിലും എന്തെങ്കിലും ചോദിച്ചാൽ ദേഹോപദ്രവം ഏല്പിക്കുക എന്നത് സ്ഥിരമായി.
ഇത്തരം സാഹചര്യത്തിൽ സ്നേഹവും പരിഗണനയും കിട്ടാതെ ഭാര്യ വിഷമിക്കും. തന്റെ തെറ്റാണോ, താൻ ഒരു വിലയില്ലാത്ത വ്യക്തിയായതുകൊണ്ടാണോ ഭർത്താവ് ഇനങ്ങനെയൊക്കെ ചെയ്യുന്നത് എന്ന് ചിന്തിച്ചു സ്വയം ശപിക്കും. എന്തിനാണ് ഇങ്ങനെ ജീവിക്കുന്നത് എന്ന് തോന്നിപോകും.
ഭർത്താവിന്റെ സംശയരോഗം എങ്ങനെ സ്ത്രീകളെ ബാധിക്കും എന്ന് പരിശോധിക്കാം. ഭാര്യയ്ക്ക് ആരോടെങ്കിലും ബന്ധമുണ്ടോ എന്നറിയാൻ അവരെ നിർബന്ധിച്ചു മറ്റുള്ളവരുമായി ചാറ്റ് ചെയ്യാൻ നിർബന്ധിക്കുന്ന ഭർത്താക്കന്മാർ ഉണ്ട്. വളരെ മോശമായി അവർ ആഗ്രഹിക്കാത്ത തരത്തിൽ മറ്റൊരു പുരുഷനോട് സംസാരിക്കാൻ നിർബന്ധിക്കുക. ഇത്തരം സംസാരത്തോടു അപ്പുറത്തുള്ള ആൾ എങ്ങനെ പ്രതികരിക്കുന്നു എന്ന് നോക്കുക. അയാൾ മോശമായി പ്രതികരിച്ചാൽ അതിനർത്ഥം അവർ തമ്മിൽ മുന്നേ ബന്ധമുണ്ടെന്ന ഒരു യുക്തിയും ഇല്ലാത്ത നിലയിൽ ചിന്തിച്ചു പ്രശ്നങ്ങൾ ഉണ്ടാക്കുക. ഒരു ആൺ സുഹൃത്ത് ഒരു പിറന്നാൾ ആശംസ അറിയിച്ചാൽപോലും അത് അവർ തമ്മിൽ ബന്ധം ഉണ്ട് എന്ന രീതിയിൽ കാണുക. എപ്പോഴും ഭാര്യയുടെ ഫോൺ പരിശോധിക്കുക എന്നിവയെല്ലാം കാണാം. (സംശയരോഗം സ്ത്രീകളിലും ഉണ്ടാകാം. അവർ ഭർത്താവിനെ ഇല്ലാത്ത കാര്യത്തിൽ സംശയിക്കും).
ഈ സംഭവങ്ങളിൽ നിന്നും നമ്മൾ മനസ്സിലാക്കേണ്ടത്
മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ വ്യക്തികളെ ചികിത്സയിലൂടെ മാത്രമേ എന്തെങ്കിലും മാറ്റങ്ങൾ വരുത്താനാവൂ. ഒട്ടുമിക്ക ആളുകളും ചികിത്സ തേടാൻ തയ്യാറല്ല. സംശയ രോഗമുള്ള പങ്കാളിക്ക് ഇല്ലാത്ത കാര്യങ്ങൾ ഉള്ളതായി തോന്നും. അതു മാറ്റാൻ ചികിത്സയിലൂടെ മാത്രമേ സാധിക്കൂ. മേൽപറഞ്ഞ പ്രശ്നങ്ങൾ ഉള്ള ആളുകൾ പറയുന്ന ഇല്ലാത്ത കാര്യങ്ങൾ നിങ്ങളെ മാനസികമായി വിഷമിപ്പിക്കും എന്നുറപ്പാണ്. എന്നാൽ അത് നിങ്ങളുടെ കുഴപ്പമല്ല, പറയുന്ന ആളുകളുടെ മാനസിക അവസ്ഥയിലുള്ള കുഴപ്പമാണ് എന്ന് മനസ്സിലാക്കണം. അത് നിങ്ങളെ അത്മഹത്യ എന്ന തീരുമാനത്തിലേക്ക് നയിക്കേണ്ട ആവശ്യമില്ല.
എന്നാൽ സ്വന്തമായി ജോലി ഇല്ലാത്ത, കയ്യിൽ പണമില്ലാത്ത, എന്നാൽ മക്കളെ വളർത്താൻ കഴിയാത്ത അവസ്ഥയുള്ള ഒരു സ്ത്രീക്ക് അവളുടെ കുടുംബവും സമൂഹവും പരിഗണന നൽകണം. സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്ന സാഹചര്യം അവൾക്കു നേടിയെടുക്കാനുള്ള പിന്തുണ നൽകണം. കാര്യം അറിയാതെ അവളെ കുറ്റപ്പെടുത്തുന്ന രീതി ശരിയല്ല. കല്യാണം കഴിഞ്ഞ പെണ്ണ് വീട്ടിൽ തിരിച്ചു വരുന്നത് നാണക്കേടാണ് എന്ന് ചിന്തിച്ചു അവളെ അഡ്ജസ്റ്റ് ചെയ്യാൻ പറയുന്ന രീതി അവളെ ആത്മഹത്യയിലേക്കു നയിക്കും. നീ വെറും പെണ്ണാണ് എന്ന പഴയ കാല ഡയലോഗ് കേൾക്കേണ്ടതിനും അപ്പുറം സ്ത്രീകൾ വിലയുള്ളവരാണ് എന്ന് സമൂഹം മനസ്സിലാക്കണം.
(ലേഖിക പ്രിയ വർഗീസ് തിരുവല്ലയിലെ ബ്രീത്ത് മെെന്റ് കെയറിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ്. ഫോൺ നമ്പർ : 8281933323)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]