
ബെംഗളൂരു: കന്നഡ നടി രന്യ റാവു പ്രതിയായ സ്വർണക്കടത്ത് കേസിൽ രന്യയുടെ ഭർത്താവും പ്രമുഖ ആർക്കിടെക്റ്റുമായ ജതിൻ ഹുക്കേരിയും അന്വേഷണ പരിധിയിൽ. രന്യയുടെ പല യാത്രകളിലും ജതിനും കൂടെ ഉണ്ടായിരുന്നു. നാല് മാസം മുൻപായിരുന്നു ഇവർ വിവാഹിതരായത്. മാർച്ച് 3 ന് രന്യ അറസ്റ്റിലാകുമ്പോഴും ജതിൻ കൂടെ ഉണ്ടായിരുന്നു. ജതിനെ വിശദമായി ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് ഡിആർഐ. ഹോട്ടൽ മേഖലയിലെ നിർമ്മാണ രംഗത്തെ മികവാണ് ജതിൻ ഹുക്കേരിക്കുള്ളത്. ലണ്ടനിലും ബെംഗളൂരുവിലുമായി നിരവധി സംരംഭങ്ങളാണ് ജതിൻ ഹുക്കേരിയുടെ ചുമതലയിലുള്ളത്. നാല് മാസം മുൻപാണ് ഇരുവരും വിവാഹിതരായത്. ബെംഗളൂരുവിലെ നിരവധി കൺസെപ്റ്റ് ബാറുകൾ ഉൾപ്പെടെയുള്ളവയുടെ ആർക്കിടെക്റ്റ് കൂടിയാണ് ജതിൻ. രന്യയുടെ രണ്ടാനച്ഛനും ഹൗസിങ് ഡിജിപിയുമായ കെ രാമചന്ദ്രറാവുവിന്റെ സ്വാധീനം റാന്യ ഉപയോഗിച്ചോ എന്നതും അന്വേഷണ സംഘം പരിശോധിക്കും.
ഒരു കിലോ സ്വർണത്തിന് ഒരു ലക്ഷം രൂപ വീതമാണു രന്യക്ക് കമ്മീഷൻ ലഭിച്ചിരുന്നതെന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് ഇതിനോടകം കണ്ടെത്തിയിട്ടുള്ളത്. മാർച്ച് 3ന് രാത്രി ദുബായിൽ നിന്നെത്തിയ രന്യ ബെൽറ്റിലും ജാക്കറ്റിലുമായി 14.2 കിലോ സ്വർണമാണ് ഒളിപ്പിച്ചിരുന്നത്. ബെംഗളൂരു അന്തർദേശീയ വിമാനത്താവളത്തിലേക്ക് എമിറൈറ്റ്സ് വിമാനത്തിൽ എത്തുന്ന യുവനടി രന്യ റാവുവിന് സുരക്ഷാ പരിശോധന ഒഴിവാക്കാനായി പൊലീസ് ഉദ്യോഗസ്ഥൻ അകമ്പടി വന്നിരുന്നതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ധരിച്ചിരുന്ന ജാക്കറ്റിലും ബെൽറ്റിലുമായി 1850 പവൻ സ്വർണമാണ് യുവ നടിയിൽ നിന്ന് ഡിആർഐ കണ്ടെത്തിയത്.
കർണാടകയിലെ ചിക്കമംഗളൂരു സ്വദേശിനിയായ രന്യ എൻജിനിയറിംഗ് ബിരുദധാരിയാണ്. അടിക്കടിയുള്ള ഗള്‍ഫ് യാത്രകളാണ് നടിയെ ഡിആര്‍ഐയുടെ നിരീക്ഷണത്തിലാക്കിയത്. ഇതിനുപുറമേ തിങ്കളാഴ്ച ലഭിച്ച രഹസ്യവിവരവും നിര്‍ണായകമായി. തുടര്‍ന്നാണ് ദുബായില്‍നിന്നെത്തിയ നടിയെ സ്വര്‍ണവുമായി ഡിആര്‍ഐ. സംഘം കൈയോടെ പിടികൂടിയത്. ഐപിഎസ് ഉദ്യോഗസ്ഥർ പോലുള്ള ഉയർന്ന ഉദ്യോഗസ്ഥർക്ക് വേണ്ടിയുള്ള ഗ്രീൻ ചാനലിലൂടെയാണ് രന്യ വിമാനത്താവളത്തിൽ നിന്ന് പുറത്തെത്തിയിരുന്നത്. ഇതുമൂലം ഇവരെ പരിശോധനക്ക് വിധേയമാക്കിയിരുന്നില്ല.
കർണാടക ഡിജിപി കെ. രാമചന്ദ്ര റാവുവിന്റെ രണ്ടാംഭാര്യയുടെ മകളാണ് രന്യ റാവു. ആദ്യഭാര്യ മരിച്ചതിന് പിന്നാലെയാണ് രണ്ടുപെണ്മക്കളുള്ള മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചത്. ഈ സ്ത്രീയുടെ ആദ്യവിവാഹത്തിലെ രണ്ടുമക്കളില്‍ ഒരാളാണ് രന്യ റാവു. 2014-ലാണ് രന്യ റാവു കന്നഡ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. മാണിക്യ എന്ന കന്നഡ ചിത്രത്തിലാണ് നടി ആദ്യമായി അഭിനയിച്ചത്. നിലവിൽ കർണാടക പൊലീസ് ഹൌസിംഗ് കോർപ്പറേഷന്റെ ഡിജിപി പദവിയാണ് കെ രാമചന്ദ്ര റാവു വഹിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]