
മലപ്പുറം: താനൂരിൽ നിന്ന് കഴിഞ്ഞ ദിവസം കാണാതായ പെൺകുട്ടികൾക്കൊപ്പം ഉണ്ടായിരുന്ന യുവാവിന്റെ കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഫാത്തിമ ഷഹദ ആവശ്യപ്പെട്ടിട്ടാണ് യുവാന് ഒപ്പം പോയതെന്നാണ് എടവണ്ണ സ്വദേശിയായ അക്ബർ റഹീമിന്റെ കുടുംബാംഗങ്ങൾ പറഞ്ഞു. എന്നാൽ ക്യാമറയ്ക്ക് മുന്നിൽ പ്രതികരിക്കാൻ ഇവർ തയ്യാറായില്ല.
ഇൻസ്റ്റഗ്രാം വഴിയാണ് റഹീം ഫാത്തിമ ഷഹദയെ പരിചയപ്പെട്ടത്. പിന്നീട് വീട്ടിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്നും, കുടുംബത്തോടൊപ്പം തുടരാൻ കഴിയില്ലെന്നും ഷഹദ പറഞ്ഞു. വീട്ടിൽ നിന്ന് ഇറങ്ങിപ്പോവുകയാണെന്ന് പറഞ്ഞപ്പോൾ യുവാവ് പിന്തിരിപ്പിക്കാൻ ശ്രമിച്ചെന്നും എന്നാൽ സഹായിച്ചാലും ഇല്ലെങ്കിലും താൻ പോകുമെന്ന് ഫാത്തിമ ഷഹദ പറഞ്ഞുവെന്നും റഹീമിന്റെ കുടുംബാംഗങ്ങൾ പറഞ്ഞു.
കുട്ടിയുടെ ദുരവസ്ഥ കണ്ടാണ് റഹീം കൂടെ പോയതെന്ന് ഇവർ പറയുന്നു. കഴിഞ്ഞ ദിവസം ഇന്നലെ രാവിലെയാണ് റഹീം എടവണ്ണയിലെ വീട്ടിൽ നിന്നിറങ്ങിയതെന്നും ഇവർ പറഞ്ഞു. മുംബൈയിലേക്ക് പോകാനുള്ള കുട്ടികളുടെ പ്ലാൻ മനസ്സിലാക്കിയതോടെ റഹീം കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്. റഹീമിനും മുംബൈയിലേക്കുള്ള ടിക്കറ്റുകൾ എടുത്തു നൽകിയത് കുട്ടികളാണ്.
മൂവരും മുംബൈയിൽ ട്രെയിനിറങ്ങിയപ്പോഴാണ് കേരളത്തിൽ ഇതൊരു വലിയ വാർത്തയായി മാറിയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും മനസിലായതെന്നും നാട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടുവെന്നുമാണ് യുവാവ് പിന്നീട് അറിയിച്ചത്. ഇതിന് വിസമ്മതിച്ച കുട്ടികൾ പിന്നീട് തന്റെ അടുത്ത് നിന്ന് പോയെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. വ്യാഴാഴ്ച രാത്രി തന്നെ റഹീം ട്രെയിനിൽ കേരളത്തിലേക്ക് മടങ്ങിയിട്ടുണ്ട്.
Read also: കാണാതായ പെൺകുട്ടികൾ സിഎസ്ടിയിൽ നിന്ന് പൻവേലിലെത്തിയെന്ന് സൂചന; ഫോൺ ലൊക്കേഷൻ പിന്തുടരുന്നു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]