
തൃശൂർ: മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ മകൻ അനിൽ ആൻ്റണി ബിജെപിയിലേക്ക് പോയതിനെ വിമർശിച്ച് പത്മജ ഫേസ്ബുക്കിലെഴുതിയ പോസ്റ്റ് വീണ്ടും ചർച്ചയാവുന്നു. പത്മജയും ബിജെപിയിലേക്ക് ചേക്കേറുന്ന സാഹചര്യത്തിലാണ് സാമൂഹ്യമാധ്യമത്തിൽ പോസ്റ്റ് കുത്തിപ്പൊക്കി വീണ്ടും വിമർശകരെത്തിയത്. അനിൽ ആന്റണി ചെയ്തത് ശരിയായില്ലെന്നും കോൺഗ്രസിലെ സമുന്നതനായ നേതാവിന്റെ മകനാണ് അനിലെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പത്മജ വേണുഗോപാൽ വിമർശിക്കുന്നുണ്ട്. ബിജെപി ആസ്ഥാനത്തെത്തിയ പത്മജ ഇന്ന് പാർട്ടി അംഗത്വം സ്വീകരിക്കും.
അനിൽ ആൻ്റണിയുടെ കാര്യത്തിൽ ഒന്നും പറയേണ്ടെന്നാണ് കരുതിയത്. പക്ഷേ മനസ്സിൽ തോന്നിയ കാര്യം പറയണമെന്ന് തോന്നി. അനിൽ പോയത് നിസാരമായി കാണേണ്ട കാര്യമല്ല. അദ്ദേഹം പാർട്ടി പ്രവർത്തകനാണോ എന്നുള്ളതല്ല കാര്യം. കോൺഗ്രസിന്റെ സമുന്നതനായ നേതാവിന്റെ മകനാണ്. കരുണാകരന്റെ മക്കളായാലും ആന്റണിയുടെ മക്കളായാലും അവർ ജനിച്ചത് മുതൽ കാണുന്നതും വിശ്വസിക്കുന്നതും കോൺഗ്രസ് രാഷ്ട്രീയമാണ്. -പത്മജ വേണുഗോപാൽ പറഞ്ഞു. അനിൽ ആൻ്റണി പോയതിൽ വിഷമമുണ്ടെന്നും ഇതുപോലെയുള്ള കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും പത്മജ ഫേസ്ബുക്കിലെഴുതിയ പോസ്റ്റിൽ പറയുന്നുണ്ട്.
അതിനിടെ, തന്റെ ബിജെപി പ്രവേശവുമായി ബന്ധപ്പെട്ട് പത്മജ വേണുഗോപാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. മടുത്തിട്ടാണ് താൻ പാര്‍ട്ടി വിടുന്നതെന്ന് പറഞ്ഞ പത്മജ പാര്‍ട്ടിക്ക് അകത്തുനിന്ന് ഒരുപാട് അപമാനം നേരിട്ടുവെന്നും പറഞ്ഞു. വേദനയോടെയാണ് പാര്‍ട്ടി വിടുന്നത്. ബിജെപി പ്രവേശം വൈകീട്ട് അഞ്ച് മണിക്കാണെന്നും പത്മജ വ്യക്തമാക്കി. പത്മജയുടെ ബിജെപി പ്രവേശത്തെ ചൊല്ലി കോണ്‍ഗ്രസില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് പത്മജയുടെ പ്രതികരണം. ബിജെപിയില്‍ നല്ല ലീഡര്‍ഷിപ്പാണുള്ളത്, തന്നെ തോല്പ്പിച്ചവരെയൊക്കെ അറിയാം, കോണ്‍ഗ്രസുകാര്‍ തന്നെയാണ് തന്നെ തോല്പിച്ചത്, ഇപ്പോള്‍ സഹോദരനും കോണ്‍ഗ്രസ് നേതാവുമായ കെ മുരളീധരൻ നടത്തിയ ചതിയാണെന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ അദ്ദേഹം തന്നെ പിന്നീട് ഇത് തിരുത്തിക്കോളുമെന്നും പത്മജ പറഞ്ഞു. തന്റെ പിതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ കരുണാകരനെ വരെ പാര്‍ട്ടി കൈവിട്ടുവെന്ന ധ്വനിയും പത്മജ നല്‍കുന്നുണ്ട്. അച്ഛൻ ഏറെ വിഷമിച്ചാണ് അവസാനകാലത്ത് ജീവിച്ചതെന്നും, താൻ അച്ഛനെ വിഷമിപ്പിച്ചിട്ടേയില്ലെന്നും പത്മജ കൂട്ടിച്ചേർത്തു.
Last Updated Mar 7, 2024, 11:02 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]