
താനെ: കത്തുന്ന കൽക്കരിയിൽ 72കാരനെ നിർബന്ധിച്ച് നൃത്തം ചെയ്യിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. മന്ത്രവാദം നടത്തുന്നുവെന്നാരോപിച്ച് ഒരു കൂട്ടം ആളുകൾ വൃദ്ധനെ കത്തുന്ന കൽക്കരിയിൽ ബലപ്രയോഗത്തിലൂടെ നൃത്തം ചെയ്യിക്കുകയായിരുന്നു. സംഭവത്തിൽ വൃദ്ധന്റെ കയ്യിലും കാലിലും പൊള്ളലേറ്റു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലുൾപ്പെടെ പ്രചരിക്കുകയും ചെയ്തു. അതേസമയം, സംഭവം പുറത്തുവന്നതോടെ പൊലീസ് അന്വേഷണമാരംഭിച്ചു.
താനെയിലെ കർവേലെ മൂർബാദിൽ മാർച്ച് നാലിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കത്തുന്ന കൽക്കരിയിൽ നൃത്തം ചെയ്യാൻ നിർബന്ധിക്കുന്നതും അതിനിടയിൽ ആൾക്കൂട്ടം ആർപ്പുവിളിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാൻ കഴിയും. വൃദ്ധനെ നിർബന്ധിച്ച് കൈകളിൽ പിടിച്ച് വലിക്കുന്നതും കാണാം. ഗ്രാമത്തിലെ ക്ഷേത്രത്തോടനുബന്ധിച്ചുള്ള പരിപാടിയിലാണ് വൃദ്ധന് നേരെ ക്രൂരമായ ആക്രമണം ഉണ്ടായത്.
പത്തിരുപത് പേരടങ്ങുന്ന സംഘം വൃദ്ധന്റെ വീട്ടിലെത്തുകയും നിർബന്ധിച്ച് കൊണ്ടുപോകുകയുമായിരുന്നു. പിന്നീട് കത്തുന്ന കൽക്കരിയിൽ നിർബന്ധിച്ച് നൃത്തം ചെയ്യിപ്പിക്കുകയുമായിരുന്നുവെന്ന് മൂർബാദ് ഇൻസ്പെക്ടർ പ്രമോദ് ബാബർ പറഞ്ഞു. ഇയാൾ മന്ത്രവാദം പഠിച്ചിട്ടുണ്ടെന്നും അവരെ മർദ്ദിച്ചിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞതായി ബാബർ കൂട്ടിച്ചേർത്തു. ഇയാളുടെ കുടുംബത്തിന്റെ പരാതിയിൽ വിവിധ വകുപ്പുകൾ ചേർത്ത് അക്രമികൾക്കെതിരെ കേസെടുത്തു.
Last Updated Mar 7, 2024, 2:09 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]