
ധരംശാല: ബൗളര്‍മാര്‍ക്ക് കൃത്യമായി നിര്‍ദേശം കൊടുത്ത് ഇന്ത്യന്‍ ഇതിഹാസ വിക്കറ്റ് കീപ്പര്‍ ക്യാപ്റ്റന്‍ എം എസ് ധോണി വിക്കറ്റുകള്‍ പിഴുതെറിയുന്നത് നമ്മള് പലകുറി കണ്ടിട്ടുണ്ട്. ധോണിയുടെ വിശ്വസ്തനായ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന് ഇത്തരത്തില്‍ പന്തെറിഞ്ഞ് നിരവധി വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ആര് അശ്വിന് വൈഡ് ലൈനിലും ടേണ്‍ ചെയ്യിപ്പിച്ചും എറിയുന്ന പന്തുകളില്‍ ധോണി ബാറ്റര്‍മാരെ സ്റ്റംപ് ചെയ്യുക പതിവായിരുന്നു. ഇത്തരമൊരു കാഴ്ച ഇന്ത്യന്‍ ക്രിക്കറ്റില്‍ വീണ്ടും സംഭവിച്ചിരിക്കുകയാണ്. ധോണിക്കും അശ്വിനും പകരം കുല്‍ദീപ് യാദവും ധ്രുവ് ജൂറെലുമാണ് ഇവിടെ നായകന്മാര്.
ധരംശാല വേദിയാവുന്ന അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ഇംഗ്ലീഷ് ബാറ്റര്‍ ഓലീ പോപിനെയാണ് ധ്രുവ് ജൂറെലിന്റെ നിര്‍ദേശത്തിന് പിന്നാലെ കുല്‍ദീപ് യാദവ് പുറത്താക്കിയത്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സില്‍ 26-ാം ഓവറിലെ മൂന്നാം പന്തിന് മുമ്പ് വിക്കറ്റിന് പിന്നില്‍ നിന്ന് ജൂറെല്‍ ഒരു പ്രവചനം നടത്തി. തൊട്ടടുത്ത പന്ത് നേരിടാന്‍ ഓലീ പോപ് ക്രീസ് വിട്ടിറങ്ങും എന്നായിരുന്നു ഹിന്ദിയില്‍ ധ്രുവിന്റെ വാക്കുകള്‍. ഈ നിര്‍ദേശം അനുസരിച്ച് കുല്‍ദീപ് ഗൂഗ്ലി എറിഞ്ഞപ്പോള്‍ സ്റ്റെപ്ഔട്ട് ചെയ്ത് കളിച്ച പോപിന് ബാറ്റില്‍ പന്ത് മുട്ടിക്കാനായില്ല. ധ്രുവ് ജൂറെല്‍ അനായാസം ഓലീ പോപിനെ സ്റ്റംപ് ചെയ്തു. 24 പന്ത് നേരിട്ട ഓലീ പോപിന് 11 റണ്‍സേ നേടാനായുള്ളൂ.
മത്സരത്തില്‍ ഇംഗ്ലണ്ടിന് നഷ്ടമായ രണ്ടാം വിക്കറ്റായിരുന്നു ഇത്. നേരത്തെ ഓപ്പണര്‍ ബെന്‍ ഡക്കെറ്റിനെ പുറത്താക്കിയതും കുല്‍ദീപ് യാദവായിരുന്നു. 30 വാര സര്‍ക്കിളില്‍ നിന്ന് പിന്നോട്ട് ഓടിയുള്ള ശുഭ്മാന്‍ ഗില്ലിന്റെ പറക്കും ക്യാച്ചിലായിരുന്നു ഡക്കെറ്റിന്റെ പുറത്താകല്‍. 58 പന്തില്‍ 27 റണ്‍സാണ് ബെന്‍ ഡക്കെറ്റ് നേടിയത്.
Last Updated Mar 7, 2024, 2:14 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]