
ചെന്നൈ: സ്വർണം കടത്തുന്നതിനായി കടത്തുകാർ അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നത് വിമാന ജീവനക്കാരെയും അധികൃതരയും ആശങ്കയിലാക്കുന്നു. സ്വർണക്കടത്തിനായി പ്രത്യേകം പരിശീലനം ലഭിച്ചവർ ഇൻഡിഗോ വിമാനത്തിൻ്റെ വാഷ്റൂമിന്റെ വയറിങ്ങിനുള്ളിൽ അതിവിദഗ്ധമായി 4.5 കിലോ സ്വർണം ഒളിപ്പിച്ചതാണ് ആശങ്കക്ക് കാരണം.
ടോയ്ലറ്റ് മേൽക്കൂരയിലൂടെ വൈദ്യുതി ലൈനിലേക്ക് കടന്ന് 4.5 കിലോഗ്രാം സ്വർണം കമ്പികളിൽ ബന്ധിപ്പിച്ച് കോഡ് ഉപയോഗിച്ച് ലോക്ക് ചെയ്തായിരുന്നു സ്വർണക്കടത്ത്. നടുവിൽ ഒരു ദ്വാരവും പാഡ് ലോക്കുമുള്ള സ്വർണ്ണക്കട്ടികൾ വാഷ്റൂമിലൂടെ കടന്നുപോകുന്ന വയറിങ്ങിൽ ഘടിപ്പിച്ചതായാണ് കണ്ടെത്തിയത്. ഒരറ്റത്ത് നമ്പർ കോഡ് ചെയ്ത ലോക്കുമുണ്ടായിരുന്നു.
കോഡിലേക്ക് ആക്സസ് ഉള്ള വ്യക്തിക്ക് മാത്രമേ സ്വർണം വീണ്ടെടുക്കാൻ കഴിയൂ എന്നതായിരുന്നു പ്രത്യേകത. സ്വർണക്കടത്തുകാർ വിമാനത്തിൻ്റെ ഭാഗം അനായാസമായി തുറന്നു എന്നത് കടുത്ത ആശങ്കയുണ്ടാക്കുന്നതാണെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത പൈലറ്റ് പറഞ്ഞു. യാത്രക്കാരുടെ സുരക്ഷയെ അപകടപ്പെടുത്തുന്നതാണിത്. ശൗചാലയത്തിൽ നിർണായകമായ ഘടകങ്ങളൊന്നും ആക്സസ് ചെയ്യാൻ കഴിയാത്ത വിധത്തിലാണ് വിമാനങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെങ്കിലും ലൈറ്റിംഗിനായുള്ള അടിസ്ഥാന വൈദ്യുതി വയറുകൾ, ഫാൻ, സ്മോക്ക് സെൻസർ എന്നിവ ഉണ്ടായിരിക്കും. എന്നാൽ ഇതൊന്നും അത്ര എളുപ്പത്തിൽ ആക്സസ് ചെയ്യാൻ കഴിയില്ലെന്നും പ്രത്യേക ഉപകരണങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
വിമാനം അണുവിമുക്തമാക്കുന്ന തൊഴിലാളികൾ ശുചിമുറിയിലെ ഇലക്ട്രിക്കൽ ബോക്സ് തകരാറിലായതായി കണ്ടെത്തിയതോടെയാണ് കള്ളക്കടത്ത് പുറത്തായത്. വ്യാഴാഴ്ച രാത്രി അബുദാബിയിൽ നിന്ന് വന്ന ഇൻഡിഗോ വിമാനം ഹൈദരാബാദിലേക്ക് പറക്കുന്നതിന് തൊട്ടുമുമ്പാണ് കള്ളക്കടത്ത് കണ്ടെത്തിയത്. വിവരമറിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥർ ഇലക്ട്രിക് ബോക്സ് തുറന്ന് നോക്കിയപ്പോൾ ഒരു കേബിൾ അയഞ്ഞ ഭാഗത്ത് പാഡ്ലോക്ക് ഉപയോഗിച്ച് ഉറപ്പിച്ച ഭാരമുള്ള പൊതി കണ്ടെത്തി. കറുത്ത ടേപ്പിൽ പൊതിഞ്ഞ ചതുരാകൃതിയിലുള്ള മൂന്ന് സ്വർണ്ണക്കട്ടികളായിരുന്നു പൊതി.
സ്വർണം എടുത്തുമാറ്റാൻ കേബിൾ മുറിക്കുകയും പൂട്ട് പൊളിക്കുകയും ചെയ്തു. സ്വർണക്കടത്തുകാരുടെ പുതിയ രീതി അധികൃതർ ഗൗരവമായി എടുക്കുകയും സംഭവത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. സ്വർണം കൊണ്ടുപോയ വ്യക്തി സ്വർണം ഒളിപ്പിക്കാൻ നേരത്തെ തന്നെ പരിശീലനം നേടിയിരിക്കണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സ്വർണക്കട്ടികൾ കള്ളക്കടത്ത് നടത്തുന്നവർ ചെന്നൈ വിമാനത്താവളത്തിലെ ഒരു ഗ്രൗണ്ട് സ്റ്റാഫിന്റെ സഹായത്തോടെ സ്വർണം വാഷ് റൂമിൽ നിന്നെടുത്ത് ഹൈദരാബാദിലേക്ക് കൊണ്ടുപോകുകയായിരിക്കാം ചെയ്യുന്നതെന്ന് കസ്റ്റംസ് സംശയിക്കുന്നു.
Last Updated Mar 6, 2024, 5:18 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]