
ലിൻഡ്സി ആഷ്ടൺ എന്ന യുവതിക്ക് വയസ്സ് 22 ആണ്. അവൾ വിവാഹിതയാണ്, രണ്ട് മക്കളുമുണ്ട്. എന്നാൽ, അവളെ കണ്ടാൽ ഒരു ചെറിയ കുട്ടിയാണെന്നേ തോന്നൂ. ഒരു പ്രത്യേക അവസ്ഥ കാരണമാണ് അവൾക്ക് മുതിർന്ന ഒരാളുടെ വളർച്ച തോന്നാത്തത്. 4’10” ആണ് അവളുടെ ഉയരം. അവളുടെ ശബ്ദമാകട്ടെ കുട്ടികളുടെയും മുതിർന്നവരുടേയും ശബ്ദത്തിന് ഇടയിൽ നിൽക്കുന്നതാണ്. ഈ അവസ്ഥയൊക്കെ കാരണം തന്നെ ഒരുപാട് വെല്ലുവിളികൾ അവൾക്ക് തന്റെ ജീവിതത്തിൽ നേരിടേണ്ടി വരുന്നുണ്ട്.
ലിൻഡ്സിയുടെ ഭർത്താവാണ് ജോനാഥൻ ആഷ്ടൺ, ലിൻഡ്സിയുമായുള്ള ബന്ധത്തിൻ്റെ പേരിൽ നിരന്തരം വിമർശനങ്ങളും ട്രോളുകളും അദ്ദേഹത്തിന് നേരിടേണ്ടി വരാറുണ്ട്. ചിലരൊക്കെ ജോനാഥന്റെ മകളാണ് ലിൻഡ്സി എന്ന് തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ, മറ്റ് ചിലരാവട്ടെ അയാൾ അവളെ ഒരു കുട്ടിയായിട്ടാണ് കാണുന്നത് എന്ന വിമർശനമാണ് ഉന്നയിക്കാറുള്ളത്. ജോനാഥൻ ആദ്യമായി ലിൻഡ്സിയെ കണ്ടുമുട്ടിയപ്പോൾ വളരെ പ്രായം കുറഞ്ഞ ഒരു പെൺകുട്ടിയാണ് അവൾ എന്ന് തെറ്റിദ്ധരിച്ചിരുന്നു. അവളുടെ രൂപവും ശബ്ദവുമാണ് ആ തെറ്റിദ്ധാരണയ്ക്ക് കാരണമായിത്തീർന്നത്. ലിൻഡ്സിയുടെ അമ്മയ്ക്ക് പോലും അവളുടെ വിവാഹജീവിതത്തെ കുറിച്ച് ആശങ്കകൾ ഉണ്ടായിരുന്നു.
നിരന്തരം ഓൺലൈനിൽ ഇവർക്ക് പരിഹാസശരങ്ങളേറ്റു വാങ്ങേണ്ടി വരികയാണ്. അവളെ കണ്ടാൽ കുട്ടിയെ പോലെയുണ്ട്. എന്തിനാണ് ജോനാഥൻ അവളെ വിവാഹം കഴിച്ചത്. ഇങ്ങനെ കുട്ടിയെ പോലെ തോന്നിക്കുന്ന ഒരാളുടെ കൂടെ എങ്ങനെ ജീവിക്കും. അവൾ എങ്ങനെ ഗർഭിണിയായി. ഗർഭധാരണം അവളുടെ ജീവന് തന്നെ ഭീഷണിയാവില്ലേ തുടങ്ങി അനേകം അനേകം ചോദ്യങ്ങളാണ് അവരെ തേടിയെത്തുന്നത്.
എന്നാൽ, ഈ വെല്ലുവിളികൾക്കും വിമർശനങ്ങൾക്കും ഒക്കെ ഇടയിൽ അവർ അവരുടെ ജീവിതം നന്നായിത്തന്നെ മുന്നോട്ട് കൊണ്ടുപോയി. ആറ് വർഷമായി ഇരുവരും വിവാഹിതരായിട്ട്. ഇവർക്ക് രണ്ട് മക്കളും ഉണ്ട്. തങ്ങളുടെ സ്നേഹമാണ് എല്ലാത്തിനേക്കാളും വലുത് എന്നും തങ്ങളുടേത് ഒരു ഹാപ്പി ഫാമിലിയാണ് എന്നുമാണ് ലിൻഡ്സിയും ജോനാഥനും പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
Last Updated Mar 6, 2024, 2:38 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]