
സിംഗപ്പൂരിൽ ഓരോ വർഷവും ശരാശരി 171 ദിവസം മഴ പെയ്യുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. അതായത് വര്‍ഷത്തില്‍ ഏതാണ്ട് പകുതിയോളം ദിവസം. സ്വാഭാവികമായും മഴ പല ബിസിനസുകളെയും മന്ദഗതിയിലാക്കും അതിലൊന്നാണ് ട്രാവലും ടൂറിസവും. മഴ സീസണിലെ യാത്രയ്ക്ക് എല്ലാവരും തയ്യാറാകണമെന്നില്ല എന്നത് തന്നെ കാരണം. ഈ പ്രശ്നം മറികടക്കാന്‍ ലയൺ സിറ്റിയിലെ ഒരു ഹോട്ടൽ മഴ തങ്ങളുടെ അതിഥികളുടെ അവധിക്കാലം നശിപ്പിച്ചാൽ ഒരു രാത്രി താമസിച്ചതിന്റെ പണം തിരികെ നൽകാമെന്ന് വാഗ്ദാനം ചെയ്യുന്നു.
അതെ കേട്ടത് സത്യം തന്നെ. ഇന്റര്‍കോണ്ടിനെന്റൽ സിംഗപ്പൂർ എന്ന ആഡംബര ഹോട്ടലാണ് തങ്ങളുടെ അതിഥികൾക്കായി ഈ മഴ പ്രതിരോധ പാക്കേജ് വാഗ്ദാനം ചെയ്യുന്നത്. അതിഥികള്‍ ഷെഡ്യൂൾ ചെയ്ത ഏതെങ്കിലും പ്രവർത്തനങ്ങളെ മഴ ബാധിച്ചാൽ ഒരു രാത്രി താമസിച്ചതിന്റെ പണം തിരികെ നൽകാമെന്നാണ് വാഗ്ദാനം. നല്ല കാലാവസ്ഥ ഉറപ്പാക്കാൻ കഴിയുന്നത്, സിംഗപ്പൂരില്‍ ആത്യന്തികമായ ആഡംബരമാണെന്ന് ഒരു സഹൃദ സംഭാഷണത്തിൽ ഒരാൾ തമാശയായി നിർദ്ദേശിച്ചതിൽ നിന്നാണ് മഴ ഇൻഷുറൻസ് പാക്കേജ് എന്ന ആശയം പിറവി എടുത്തത് എന്നാണ് ഹോട്ടലിന്റെ ജനറൽ മാനേജർ ആൻഡ്രിയാസ് ക്രേമർ പറയുന്നത്.
ഇങ്ങനെയൊക്കെയാണെങ്കിലും അതിഥികളുടെ താമസത്തിനിടെ മഴ പെയ്താല്‍ പണം തിരികെ നൽകുന്നതിന് ഹോട്ടലിന് ചില മാനദണ്ഡങ്ങൾ ഉണ്ട്. ഓരോ തവണ മഴ പെയ്യുമ്പോഴും ഇന്റര്‍കോണ്ടിനെന്റൽ സിംഗപ്പൂർ റീഫണ്ടുകൾ നൽകില്ല എന്നതാണ് ഒന്നാമത്തേത്. പകൽ സമയത്തെ ഏതെങ്കിലും 4 മണിക്കൂർ സമയ പരിധിക്കുള്ളിൽ മഴ ദൈർഘ്യം 120 ക്യുമുലേറ്റീവ് മിനിറ്റിൽ കവിയുമ്പോൾ മാത്രമാണ് പണം തിരികെ നൽകുക. മഴ ഇൻഷുറൻസ് പാക്കേജ് സ്യൂട്ടുകളിൽ താമസിക്കുന്ന അതിഥികൾക്ക് മാത്രമാണ് ഇത് ലഭ്യമാകുക എന്ന പ്രത്യേകതയുമുണ്ട്.
ജൂനിയർ സ്യൂട്ടുകൾക്ക് ഒരു രാത്രിക്ക് 52,000 രൂപ മുതലും പ്രസിഡൻഷ്യൽ സ്യൂട്ടിന് 2.7 ലക്ഷം രൂപ മുതലുമാണ് വാടക. അതിഥികൾക്ക് ഒരു വൗച്ചറിന്റെ രൂപത്തിലായിരിക്കും പണം തിരികെ ലഭിക്കുക, അത് ആറ് മാസത്തിനുള്ളിൽ ഇന്റര്‍കോണ്ടിനെന്റൽ സിംഗപ്പൂര്‍ ഹോട്ടലില്‍ തന്നെ ഉപയോഗിക്കേണ്ടതാണ്. വൗച്ചർ തുക, അതാത് റൂം വിഭാഗത്തിൽ ഒരു രാത്രി താമസിക്കുന്നതിന് തുല്യമായിരിക്കും. കൂടുതൽ അതിഥികളെ തങ്ങളുടെ ഹോട്ടലിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്റര്‍കോണ്ടിനെന്റൽ സിംഗപ്പൂരിന്റെ ഈ മഴ ഇൻഷൂറൻസ് പദ്ധതി.
Last Updated Mar 6, 2024, 3:57 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]