
തിരുവനന്തപുരം: പകുതി വിലയ്ക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ കായംകുളത്ത് പ്രാദേശിക സിപിഎം നേതാക്കളും പ്രതികൾ. കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത കേസിലാണ് കായംകുളം നാലാം വാർഡ് കൗൺസിലർ ഷെമി മോളെയും സിപിഎം എരുവ ലോക്കൽ കമ്മിറ്റി അംഗം നാദിയയെയും പ്രതി ചേർത്തത്.
കായംകുളം നഗരസഭപരിധിയിൽ മാത്രം ആയിരത്തിലധികം ആളുകൾക്ക് പണം നഷ്ടമായിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം. ആലപ്പുഴ ജില്ലയിൽ നാലായിരത്തിൽ അധികവും. ഒട്ടേറെപ്പേർ പൊലീസിൽ പരാതി നൽകി. നാണക്കേട് ഭയന്ന് പലരും പരാതി നൽകിയിട്ടില്ല. ജില്ലയിലെ വിവിധ പോലിസ് സ്റ്റേഷനുകളിലായി 800 ലധികം പരാതികളാണ് ഇതുവരെ ലഭിച്ചത്.
അതേസമയം, തിരുവനന്തപുരത്തെ സായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റ് ചെയർമാന് ഉൾപ്പെടെ കോടികൾ കൈമാറിയത് തുറന്നുസമ്മതിച്ച് പാതിവില തട്ടിപ്പ് കേസിലെ പ്രതി അനന്തുകൃഷ്ണന്റെ മൊഴി പുറത്തുവന്നിരുന്നു. തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് വിവിധ രാഷ്ട്രീയ നേതാക്കൾക്ക് പണം കൈമാറിയതായും അനന്തു ചോദ്യം ചെയ്യലിൽ സമ്മതിച്ചു. അനന്തുവിന്റെ ബാങ്ക് ഇടപാട് രേഖകളും വാട്സാപ് ചാറ്റുകളും അന്വേഷണ സംഘം പരിശോധിച്ചു. കേസിൽ അറസ്റ്റിലായ അനന്തുകൃഷ്ണനെ ചോദ്യം ചെയ്തതിലാണ് കൂടുതൽ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്. സമാഹരിച്ച പണത്തിൽ നിന്ന് രണ്ടു കോടി സായി ഗ്രാം ഗ്ലോബൽ ട്രസ്റ്റ് ചെയര്മാൻ ആനന്ദകുമാറിന് നൽകിയെന്ന് അനന്തു മൊഴി നൽകി. അനന്തുകൃഷ്ണന്റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചതിൽ നിന്ന് ഇക്കാര്യം വ്യക്തമായെന്നും പൊലീസ് അറിയിച്ചു.
കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിന് 46 ലക്ഷം രൂപ കൈമാറിയതിന്റെ തെളിവുകളും കിട്ടിയെന്ന് പൊലീസ് അറിയിച്ചു. മറ്റു പല ആവശ്യങ്ങള്‍ക്കായി 1.5 കോടി രൂപ വിവിധ സമയങ്ങളിൽ പിന്‍വലിച്ചതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചു. ഇടുക്കിയിലെയും എറണാകുളത്തെയും വിവിധ രാഷ്ട്രീയ നേതാക്കള്‍ക്ക് അനന്തുകൃഷ്ണൻ പണം നൽകിയെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പലരുടെയും ഓഫീസ് സ്റ്റാഫുകള്‍ വഴിയാണ് പണം കൈമാറിയത്.
അനന്തുവിന്റെ വാട്സ്ആപ്പ് ചാറ്റ്, വോയ്സ് മെസേജുകള്‍ എന്നിവ അന്വേഷണ സംഘം പരിശോധിച്ചു. പലരും പണം കൈപ്പറ്റിയത് സഹകരണ ബാങ്കുകളിലെ അക്കൗണ്ടുകള്‍ വഴിയാണ്. ഇതിന്റെ വിശദാംശങ്ങളും അന്വേഷണ സംഘം ശേഖരിച്ചു. ഇടുക്കിയിലും ഈരാറ്റുപേട്ടയിലുമായി അഞ്ചിടങ്ങളിൽ ഭൂമി വാങ്ങിച്ചു. കുടയത്തൂരിൽ ഒരു സ്ഥലത്തിന് അഡ്വാൻസ് തുക നൽകിയിട്ടുണ്ടെന്നും അനന്തു വെളിപ്പെടുത്തി.
തിരിമറി നടത്തിയിട്ടില്ലെന്നും സമാഹരിച്ച പണം ആദ്യഘട്ടത്തിൽ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യാൻ ഉപയോഗിച്ചുവെന്നുമാണ് അനന്തു ആവർത്തിക്കുന്നത്. അനന്തു സംസ്ഥാന വ്യാപകമായി വിതരണം ചെയ്ത ഉത്പന്നങ്ങളുടെ വിശദാംശങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. ആലുവ പോലീസ് ക്ലബ്ബിലെ ചോദ്യം ചെയ്തതിനുശേഷം അനന്തുവിനെ മൂവാറ്റുപുഴ സ്റ്റേഷനിൽ എത്തിച്ചു. അടുത്ത ദിവസം ഇയാളെ ഇടുക്കിയിലെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവ് ശേഖരിക്കാനാണ് നീക്കം. ബിനാമി അക്കൗണ്ടുകളിലേക്ക് പണം പോയിട്ടുണ്ടോയെന്ന് ഉള്‍പ്പെടെ മനസ്സിലാക്കാൻ അനന്തുവിന്റെ സ്ഥാപനത്തിലെ ജീവനക്കാരെയും വിളിച്ചുവരുത്തും.
അതേസമയം, തട്ടിപ്പ് കേസിൽ കോണ്‍ഗ്രസ് നേതാവ് ലാലി വിൻസെന്റിന്റെ മുൻകൂർ ജാമ്യ അപേക്ഷയിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞുകൊണ്ട് ഉത്തരവിട്ടിരുന്നു. മുൻകൂര്‍ ജാമ്യാപേക്ഷയിൽ വാദം പൂര്‍ത്തിയാകുന്നതുവരെയാണ് അറസ്റ്റ് തടഞ്ഞത്. അനന്തു കൃഷ്ണൻ പ്രതിയായ കേസിൽ ഏഴാം പ്രതിയായിരുന്നു ലാലി. ലാലി വിന്‍സെന്റിനെതിരായ ആക്ഷേപം ഗൗരവതരമെന്ന് നിരീക്ഷിച്ച ഹൈക്കോടതി അടുത്തദിവസം വിശദമായി വാദം കേൾക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]