തിരുവനന്തപുരം: ഏറ്റവും പരിസ്ഥിതി സൗഹൃദമായ ഇന്ധനം ഹൈഡ്രജനാണ്. പെട്രോൾ,ഡീസലടക്കം ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗം കുറയ്ക്കാൻ ഹൈഡ്രജൻ വാലി പദ്ധതി നടപ്പാക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. സമൃദ്ധമായി വെള്ളവും സൂര്യപ്രകാശവുമുള്ള കേരളത്തിൽ ഹൈഡ്രജൻ ഇന്ധനം നിർമ്മിക്കാൻ ഏറ്റവും അനുയോജ്യ സാഹചര്യമാണ് ഉള്ളതെന്ന് ബഡ്ജറ്റ് അവതരണത്തിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.
സ്വകാര്യ-പൊതുമേഖലാ പങ്കാളിത്തത്തോടെ ഹൈഡ്രജൻ വാലി പദ്ധതി നടപ്പാക്കുമെന്നാണ് പ്രഖ്യാപനം. ഇതിനായി ഒരു കമ്പനി രൂപീകരിക്കും. ആദ്യഘട്ടമെന്ന നിലയിൽ ഇതിനായി അഞ്ച് കോടി രൂപയാണ് നീക്കിവച്ചത്. വാഹനങ്ങളിൽ ഇന്ധനമായും വൈദ്യുതി ഉൽപാദനത്തിനും വീട്ടിലെ ആവശ്യത്തിനുമാണ് ഹെഡ്രജൻ ഇന്ധനം ആവശ്യം വരിക.
അതേസമയം പെട്രോളിലും മറ്റ് ഇന്ധനങ്ങളിലും ചേർക്കാനുള്ള ബയോ എഥനോൾ നിർമ്മാണത്തെക്കുറിച്ചും സർക്കാർ പ്രഖ്യാപനമുണ്ട്. 6000 മുതൽ 10000 കോടി രൂപയുടെ വരെ എഥനോൾ സംസ്ഥാനത്ത് ആവശ്യമായി വരുമെന്നും ഇത് വാണിജ്യാടിസ്ഥാനത്തിൽ സംസ്ഥാനത്ത് നിർമ്മിക്കാനായാൽ കർഷകർക്ക് ഏറെ ആശ്വാസകരമാകുമെന്നാണ് സർക്കാർ കണക്കുകൂട്ടൽ. ഈ മേഖലയുടെ പ്രോത്സാഹനത്തിനും ഗവേഷണത്തിനുമായി 10 കോടിരൂപ സർക്കാർ വകയിരുത്തി. എന്നാൽ അടിസ്ഥാന ഭക്ഷ്യവസ്തുക്കളിൽ സ്വയം പര്യാപ്തതയാർജിക്കാൻ ശ്രമിക്കുന്ന സംസ്ഥാനത്തിന് പ്രഖ്യാപനം ഗുണകരമാണോ എന്നത് കാണേണ്ട കാര്യമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]