![](https://newskerala.net/wp-content/uploads/2025/02/virat-kohli-odi-1738904420325_1200x630xt-1024x538.jpg)
നാഗ്പൂര്‍: പരിക്കിനെ തുടര്‍ന്ന് അവസാന നിമിഷമാണ് വിരാട് കോലി ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ നിന്ന് പിന്മാറിയത്. ഇതോടെ ആദ്യ ഏകദിനത്തിനുള്ള ടീമിന്റെ ഭാഗമല്ലായിരുന്ന ശ്രേയസ് അയ്യരെ ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. കാല്‍മുട്ടിനേറ്റ പരിക്കാണ് കോലിയെ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തിയത്. അവസരം നന്നായി ഉപയോഗിച്ച ശ്രേയസ് 59 റണ്‍സെടുത്ത് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക സംഭാവന നല്കി. തന്റെ രണ്ടാമത്തെ വേഗമേറിയ ഏകദിന അര്‍ദ്ധ സെഞ്ചുറി നേടാനും അദ്ദേഹത്തിന് സാധിച്ചു.
കോലി കട്ടക്കിര് നടക്കാനിരിക്കുന്ന രണ്ടാം ഏകദിനത്തിലേക്ക് തിരിച്ചെത്തുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അതിനുള്ള മറുപടി നല്‍കുകയാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. അടുത്ത മത്സരത്തിലേക്ക് കോലി തിരിച്ചെത്തുമെന്നാണ് ഗില്‍ പറയുന്നത്. ഇന്ത്യന്‍ താരത്തിന്റെ വാക്കുകള്‍… ”രാവിലെ എഴുന്നേല്ക്കുമ്പോള് കോലിയുടെ കാല്‍മുട്ടില്‍ നേരിയ നീര്‍ക്കെട്ടുണ്ടാകുന്നു. പരിശീലന സെഷന് വരെ കോലിക്ക് കുഴപ്പമില്ലായിരുന്നു. എന്നാല്‍ മത്സരത്തിന് തൊട്ടുമുമ്പാണ് കാല്‍മുട്ടില്‍ വീക്കം ശ്രദ്ധിക്കപ്പെടുന്നത്. കോലിയുടെ കാര്യത്തില്‍ ആധി വേണ്ട. അടുത്ത മത്സരത്തിന് അദ്ദേഹം ഉണ്ടാവും, ഫിറ്റ്നെസ് വീണ്ടെടുക്കും.” ഗില്‍ പറഞ്ഞു.
കോലിയുടെ പരിക്ക് കാരണം, ഗില്‍ മൂന്നാമതായിട്ടാണ് കളിച്ചത്. യശസ്വി ജയ്സ്വാളാണ് ഓപ്പണറാവുകയായിരുന്നു. ഗില്‍ 95 പന്തില്‍ നിന്ന് 87 റണ്‍സ് നേടിയത്തില്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ടെസ്റ്റില്‍ മൂന്നാം സ്ഥാനത്ത് ബാറ്റ് ചെയ്യുന്നതിനാല്‍ തന്റെ കളിയില്‍ വലിയ മാറ്റങ്ങള്‍ വരുത്തേണ്ടതി വന്നില്ലെന്ന് ഇന്നിംഗ്സിന് ശേഷം ഗില്‍ പറഞ്ഞു.
അദ്ദേഹം തുടര്‍ന്നു. ”ടെസ്റ്റ് മത്സരങ്ങളില്‍ ഞാന്‍ മൂന്നാം നമ്പറില്‍ കളിക്കാറുണ്ട്. അതുകൊണ്ട് മറ്റു ക്രമീകരണമൊന്നും നടത്തേണ്ടി വന്നില്ല. പക്ഷേ, തീര്‍ച്ചയായും സാഹചര്യം കുറച്ച് വ്യത്യസ്തമാണ്. തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ വീഴുകയാണെങ്കില്‍, മൂന്നാം നമ്പറിലെത്തുന്ന താരം സാഹചര്യത്തിനനുസരിച്ച് കളിക്കണം. ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്കുന്നുണ്ടെങ്കില്, ആ വേഗത മുന്നോട്ട് കൊണ്ടുപോകണം. അതായിരുന്നു എന്റെ ചിന്ത.” ഗില്‍ വ്യക്തമാക്കി.
നാഗ്പൂരില്‍ നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തില്‍ 249 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 38.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ (87) ഇന്നിംഗ്സാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ശ്രേയസ് അയ്യര്‍ (59), അക്സര്‍ പട്ടേല്‍ (52) എന്നിവരുടെ ഇന്നിംഗ്സുകളും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]