![](https://newskerala.net/wp-content/uploads/2025/02/trump-or-biden_1200x630xt-1024x538.jpg)
ന്യൂയോർക്ക്: അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരെ ഉപരോധം പ്രഖ്യാപിച്ച് അമേരിക്ക. ഉപരോധത്തിന് ഉത്തരവിൽ ഡൊണാൾഡ് ട്രംപ് ഒപ്പു വച്ചു. അന്താരാഷ്ട്ര ക്രിമിനൽ കോടതി ( ഐസിസി ) അമേരിക്കയെയും ഇസ്രയേലിനെ പോലുള്ള സഖ്യ കക്ഷികളെയും ലക്ഷ്യം വെക്കുന്നു എന്നാണ് നടപടിക്ക് ആധാരമായി ട്രംപ് ചൂണ്ടിക്കാണിക്കുന്നത്. ഐസിസി കൊണ്ടു വരുന്ന കേസുകളിൽ സഹായിക്കുന്ന വ്യക്തികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും സാമ്പത്തിക – വിസ ഉപരോധം അടക്കമുള്ളവ ഏർപ്പെടുത്താനാണ് ഉപരോധ ഉത്തരവ് വിശദമാക്കുന്നത്.
വ്യാഴാഴ്ചയാണ് ട്രംപ് ഉത്തരവിൽ ഒപ്പുവച്ചത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സന്ദർശനത്തിന് ശേഷമാണ് അമേരിക്കയുടെ ഉപരോധമെന്നതും ശ്രദ്ധേയമാണ്. ഗാസയിലെ യുദ്ധത്തിന് പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രിക്കും ഹമാസ് നേതാക്കൾക്കുമെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി വാറന്റ് പുറത്തിറക്കിയിരുന്നു. 2020ൽ അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ സേനയുടെ യുദ്ധക്കുറ്റകൃത്യങ്ങൾക്കെതിരെ അന്വേഷണം നടത്തിയ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രോസിക്യൂട്ടർ ഫാറ്റോ ബെൻസോദയ്ക്കും അവരുടെ സഹായികൾക്കും ട്രംപ് ഉപരോധം ഏർപ്പെടുത്തിയിരുന്നു.
അമേരിക്കയുടെ ഉപരോധത്തേക്കുറിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി ഇനിയും പ്രതികരിച്ചിട്ടില്ല. ഉപരോധം ഏർപ്പെടുത്തുന്നവരുടെ അമേരിക്കയിലെ സ്വത്തുക്കളും കുടുംബത്തിന് അമേരിക്കൻ സന്ദർശനം നടത്തുന്നതിനും അടക്കം ഉപരോധം ബാധിക്കും. അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ 125 അംഗങ്ങളാണ് ഉള്ളത്. യുദ്ധക്കുറ്റങ്ങൾ, മനുഷ്യത്വത്തിനെതിരായ അക്രമങ്ങൾ, വംശഹത്യ എന്നിവയടക്കമുള്ള വിഷയങ്ങളാണ് അന്താരാഷ്ട്ര ക്രിമിനൽ കോടതി പരിഗണിക്കാറ്.
അമേരിക്ക, ചൈന, റഷ്യ, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങൾ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ അംഗങ്ങളല്ല. കോടതി ജീവനക്കാർക്ക് വരാൻ പോകുന്ന സാമ്പത്തിക ബുദ്ധിമുട്ട് കണക്കിലെടുത്ത് മൂന്ന് മാസത്തെ ശമ്പളം അടക്കമുള്ളവ അന്താരാഷ്ട്ര ക്രിമിനൽ കോടതി ഉപരോധം കണക്കിലെടുത്ത് നൽകിയതായാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]