മോസ്കോ: റഷ്യൻ സ്പേസ് ഏജൻസിയായ റോസ്കോസ്മോസിന്റെ തലവൻ യൂറി ബോറിസോവിനെ പദവിയിൽ നിന്ന് നീക്കി. കാരണം വ്യക്തമല്ല. 2022 ജൂലായിലാണ് യൂറി പദവിയേറ്റെടുത്തത്. മുൻ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായിരുന്നു. നിലവിലെ ഉപഗതാഗത മന്ത്രി ഡിമിട്രി ബാകനോവിനാണ് പകരം ചുമതല. ചാന്ദ്ര ദൗത്യമായ ലൂണ – 25 പരാജയപ്പെട്ടതാണ് യൂറിയുടെ പുറത്താക്കലിന് പിന്നിലെന്നാണ് സൂചന. ചന്ദ്രന്റെ ദക്ഷിണ ധ്രുവം ലക്ഷ്യമിട്ട് 2023 ആഗസ്റ്റിൽ വിക്ഷേപിച്ച ലൂണ ലാൻഡിംഗിന് ശ്രമിച്ച് നിയന്ത്രണം നഷ്ടപ്പെട്ട് തകർന്നുവീഴുകയായിരുന്നു. 1976ലെ ലൂണ – 24ന് ശേഷം റഷ്യ വിക്ഷേപിച്ച ആദ്യ ചാന്ദ്ര ലാൻഡറായിരുന്നു ലൂണ – 25.