![](https://newskerala.net/wp-content/uploads/2025/02/kerala-private-university-bill_1200x630xt-1024x538.png)
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാല കരട് ബിൽ സർക്കാർ തയ്യാറാക്കിയത് ഫീസിലും വിദ്യാർഥി പ്രവേശനത്തിലും സർക്കാരിന് നിയന്ത്രണമില്ലാതെ. എന്നാൽ ഓരോ കോഴ്സിനും ചുരുങ്ങിയത് 15 ശതമാനം സീറ്റ് എസ്.സി വിഭാഗത്തിനും അഞ്ച് ശതമാനം എസ്.ടി വിഭാഗത്തിനും സംവരണം ചെയ്യണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട്. സർവകലാശാലയുടെ ഭരണ കാര്യങ്ങളിൽ സർക്കാറിന് അധികാരങ്ങൾ ഉണ്ടാകും. സർവകലാശാല നിയമം ലംഘിച്ചാൽ ആറ് മാസം മുൻപ് നോട്ടീസ് നൽകി സർവകലാശാല പിരിച്ചുവിടാൻ സർക്കാറിന് അധികാരമുണ്ടാകും. പരാതി ഉന്നയിച്ച വകുപ്പ് മന്ത്രിമാരുമായി ചർച്ച നടത്തി തിങ്കളാഴ്ച മന്ത്രി സഭ യോഗം ബില്ലിന് അംഗീകാരം നൽകും.
മൾട്ടി ഡിസിപ്ലീനറി കോർസുകളുള്ള സ്വകാര്യ സർവ്വകലാശാലകളിൽ ഫീസിനും പ്രവേശനത്തിനും സർക്കാരിന് നിയന്ത്രണം ഉണ്ടാകില്ല. അധ്യാപക നിയമനത്തിലും ഇടപെടാനാകില്ല. പക്ഷെ സർവകലാശാലയുടെ ഭരണപരമോ സാമ്പത്തിക പരമോ ആയ വിവരങ്ങളും രേഖകളും വിളിച്ചുവരുത്താൻ സർക്കാറിന് അധികാരമുണ്ടാകും. സർവകലാശാല തുടങ്ങുന്നതിന് നിശ്ചയിച്ച വ്യവസ്ഥകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ അനുമതി പത്രം സർക്കാറിന് പിൻവലിക്കാനാവും.
നിയമ വിരുദ്ധമായി സർവകലാശാല പ്രവർത്തിക്കുന്നുവെന്ന് പരാതി ലഭിച്ചാൽ രണ്ട് മാസത്തിനുള്ളിൽ സർവകലാശാലയുടെ അംഗീകാരം പിൻവലിക്കാതിരിക്കുന്നതിന് കാരണം കാണിക്കൽ നോട്ടീസ് നൽകാം. വ്യവസ്ഥകളുടെ ലംഘനമുണ്ടെന്ന് ബോധ്യപ്പെട്ടാൽ അന്വേഷണത്തിന് സർക്കാറിന് ഉത്തരവിടാം. ഇതിനായി അന്വേഷണ ഉദ്യോഗസ്ഥനെയോ പ്രത്യേക അധികാര കേന്ദ്രത്തെയോ സർക്കാറിന് നിയമിക്കാം. സർവകലാശാലയുടെ ഗവേർണിങ് കൗൺസിലിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, സർക്കാർ നാമനിർദേശം ചെയ്യുന്ന വിദ്യാഭ്യാസ വിചക്ഷണൻ എന്നിവർ അംഗങ്ങളാകും. അക്കാദമിക് കൗൺസിലിൽ സർക്കാർ നാമനിർദേശം ചെയ്യുന്ന അസോസിയേറ്റ് പ്രഫസർ പദവിയിൽ താഴെയല്ലാത്ത മൂന്ന് പേർ അംഗങ്ങൾ ഉണ്ടായിരിക്കണം എന്നും വ്യവസ്ഥയുണ്ട്.
സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരിക്കും സ്വകാര്യ സർവകലാശാലകളുടെ വിസിറ്റർ. സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ അധ്യക്ഷത വഹിക്കുന്നത് വിസിറ്റർ ആയിരിക്കും. സർവകലാശാലയുടെ ഏത് രേഖയും വിവരവും വിളിച്ചുവരുത്താനുള്ള അധികാരവും വിസിറ്റർക്കുണ്ടായിരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]