നാഗ്പൂർ:ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 4 വിക്കറ്റിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 47.4 ഓവറിൽ 248 റൺസിന് ഓൾഔട്ടായി. മറുപടിക്കിറങ്ങിയ ഇന്ത്യ 38.4 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (251/6). ചേസിംഗിൽ തുടക്കം പാളിയെങ്കിലും അർദ്ധ സെഞ്ച്വറിയുമായി കളം നിറഞ്ഞ ശുഭ്മാൻ ഗിൽ (87), ശ്രേയസ് അയ്യർ (59), അക്ഷർ പട്ടേൽ (52) എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യയെ വിജയതീരത്തെത്തിച്ചത്. മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. ഗില്ലാണ് കളിയിലെ താരം.
തകർപ്പൻ തുടക്കം
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ക്യാപ്ടൻ ജോസ് ബട്ട്ലറുടെ തീരുമാനം ശരിവച്ച് ,മികച്ച തുടക്കമാണ് ഓപ്പണർമാരായ ഫിൽ സാൾട്ടും (26 പന്തിൽ 43), ബെൻ ഡക്കറ്റും (32) ഇംഗ്ലണ്ടിന് നൽകിയത്. ഇരുവരും ഒന്നാം വിക്കറ്റിൽ 53 പന്തിൽ 75 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.
അടിയ്ക്ക് തിരിച്ചടി
2023 ലോകകപ്പിന് ശേഷം ആദ്യമായി ഏകദിനത്തിനിറങ്ങിയ മുഹമ്മദ് ഷമി എറിഞ്ഞ ഇംഗ്ലണ്ട് ഇന്നിംഗ്സിലെ ആദ്യ ഓവർ മെയ്ഡനായിരുന്നു. അരങ്ങേറ്റക്കാരൻ ഹർഷിത് റാണ എറിഞ്ഞ അടുത്ത ഓവറിൽ രണ്ട് ഫോറടിച്ച ഫിൽ സാൾട്ട് ആക്രമണം തുടങ്ങി. നാലാം ഓവർ ഹർഷിത് മെയ്ഡനാക്കി. എന്നാൽ ഹർഷിത് എറിഞ്ഞ ആറാം ഓവറിൽ 3 സിക്സും 2 ഫോറുമുൾപ്പെടെ സാൾട്ട് നേടിയത് 26 റൺസാണ്. ഏകദിന അരങ്ങേറ്റത്തിൽ ഒരിന്ത്യൻ ബൗളറുടെ ഏറ്റവും മോശം ഓവർ. 9-ാം ഓവറിൽ സാൾട്ട് ശ്രേയസ് അയ്യരുടെ തകർപ്പൻ ഫീൽഡിംഗിന്റെയും ത്രോയുടേയും മികവിൽ റണ്ണൗട്ടായത് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂവായി. അടുത്ത ഓവറിൽ ഡെക്കറ്റിനെ പുറത്താക്കി ഹർഷിത് കന്നിവിക്കറ്റ് സ്വന്തമാക്കി. ബെൻ ഉയർത്തിയടിച്ച പന്ത് പുറകോട്ടോടി ഡൈവ് ചെയ്ത് മറ്റൊരു അരങ്ങേറ്റക്കാരൻ ജയ്സ്വാൾ കൈപ്പിടിയിലൊതുക്കുകയായിരുന്നു. ആ ഓവറിൽ തന്നെ ഹാരി ബ്രൂക്കിനെ (0) കീപ്പർ കെ.എൽ രാഹുലിന്റെ കൈയിൽ എത്തച്ച് റാണ ഇംഗ്ലണ്ടിനെ പ്രതിസന്ധിയിലാക്കി. 77/3 എന്ന അവസ്ഥയിലായി ഇംഗ്ലണ്ട്.
പിന്നീട് ബട്ട്ലറും (52), ജേക്കബ് ബെഥേലും (51) നേടിയ അർദ്ധ സെഞ്ച്വറികളാണ് ഇംഗ്ലണ്ടിന് തുണയായത്. 3 ഫോറും1 സിക്സും നേടി ജോഫ്ര അർച്ചർ (പുറത്താകാതെ 18 പന്തിൽ 21) അവസാന ഓവറുകളിൽ സ്കോറുയർത്തി. ഏറെക്കാലത്തിന് ശേഷം ഏകദിനത്തിനിറങ്ങിയ ജോ റൂട്ടിന് (19) മികവിലേക്ക് ഉയരാനായില്ല.ലിവിംഗ് സ്റ്റണും (5), കാർസും (5) നിരാശപ്പെടുത്തി. ഇന്ത്യയ്ക്കായി ഹർഷിതും ജഡേജയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഷമിയും അക്ഷറും കുൽദീപും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
തുടക്കം പാളിയിട്ടും കത്തിക്കയറി
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ സ്കോർ 19ൽ എത്തിയപ്പോൾ തന്നെ ഓപ്പണർമാരായ രോഹിതും (2), യശ്വസിയും (15) പവലിയനിൽ തിരിച്ചെത്തി. യശ്വസിയെ ആർച്ചറും രോഹിതിനെ മഹമ്മൂദുമാണ് പുറത്താക്കിയത്. പിന്നീട് ക്രീസിൽ ഒന്നിച്ച ഗില്ലും ശ്രേയസും ഇന്ത്യയെ കരകയറ്റി. ആർച്ചർ എറിഞ്ഞ ഏഴാം ഓവറിൽ തുടർച്ചയായി രണ്ട് സിക്സടിച്ച് ശ്രേയസ് നയം വ്യക്തമാക്കി. ശ്രേയസായിരുന്നു കൂടുതൽ ആക്രമണകാരി. ഇരുവരും മൂന്നാം വിക്കറ്റിൽ 64 പന്തിൽ 94 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ശ്രേയസിനെ പുറത്താക്കി ബെഥേലാണ് കൂട്ടുകെട്ട് പൊളിച്ചത്. 36 പന്ത് നേരിട്ട ശ്രേയസ് 9 ഫോറും 2 സിക്സും നേടി.
പകരമെത്തിയ അക്ഷറിനൊപ്പം ഗിൽ 108 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയെ ജയത്തിനരികിൽ എത്തിച്ചു. അക്ഷറിനെ ബൗൾഡാക്കി ആദിൽ റഷീദാണ് കൂട്ടുകെട്ട് തകർത്തത്. പിന്നാലെ രാഹുലും (2), ഗില്ലും പുറത്തായെങ്കിലും ഹാർദിക്കും (9), ജഡേജയും (12) ഇന്ത്യയെ വിജയതീരത്തെത്തിച്ചു. ഇംഗ്ലണ്ടിനായി മഹമ്മൂദും റഷീദും 2 വിക്കറ്റ് വീതം വീഴ്ത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]