
ബംഗളൂരു നഗര വീഥിയില്‍ പ്രത്യക്ഷപ്പെട്ട അജ്ഞാതമായ മക്ലാരന് സൂപ്പര്‍ കാറിന്റെ വീഡിയോ പകര്‍ത്താനായി പുറകെ വിട്ട ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം. കാറിന്റെ തൊട്ട് പുറകിലുണ്ടായിരുന്ന രണ്ട് ബൈക്കുകളാണ് അപകടത്തില്‍പ്പെട്ടത്. ആ ബൈക്കുകള്‍ക്ക് പുറകില്‍ വേറെയും നിരവധി ബൈക്കുകളുണ്ടായിരുന്നു. ഭാഗ്യത്തിന് വലിയൊരു അപകടത്തില്‍ നിന്നും എല്ലാവരും രക്ഷപ്പെട്ടു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ബെംഗളൂരുവിലെ വിറ്റൽ മല്യ റോഡിലാണ് സംഭവം. ThirdEye യാണ് സാമൂഹിക മാധ്യമമായ എക്സില്‍ സംഭവത്തിന്റെ വീഡിയോ പങ്കുവച്ചത്.
വീഡിയോ പങ്കുവച്ച് കൊണ്ട് തേഡ്ഐ ഇങ്ങനെ എഴുതി,’ വിറ്റൽ മല്യ റോഡിൽ മക്ലാരൻ സൂപ്പർകാറിന്റെ പുറകെ സഞ്ചരിക്കുകയായിരുന്ന ബൈക്ക് യാത്രികര്‍ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. സൂപ്പർ കാറുകളുടെ വീഡിയോകൾ പകർത്തുന്നതിലും ഇൻസ്റ്റാഗ്രാം റീലുകൾ സൃഷ്ടിക്കുന്നതിലും ആളുകൾ വളരെയധികം വ്യാപൃതരാണ്’ വീഡിയോയില്‍ റോഡിലൂടെ പോകുന്ന ഒരു സൂപ്പര്‍ കാറിനെ കാണാം. കാര്‍ പെട്ടെന്ന് വേഗം കൂട്ടുമ്പോള്‍ ക്യാമറയുമായി എത്തിയ ബൈക്കിന് മുന്നിലേക്ക് രണ്ട് ബൈക്കുകള്‍ കൂട്ടിയിടിച്ച് വീഴുന്നു. പുറകെ വന്ന മറ്റ് ബൈക്കുകള്‍ കൂട്ടിയിടിയില്‍ നിന്നും രക്ഷപ്പെടാനായി വെട്ടിച്ച് നീങ്ങുന്നതും കാണാം. ഈ സമയം കാല്‍നടയാത്രക്കാരും മറ്റ് വാഹനങ്ങളും റോഡിലൂടെ ഇരുവശത്തേക്ക് പോകുന്നതും വീഡിയോയില്‍ കാണാം. ഇതിനിടെ കാര്‍ അപ്രത്യക്ഷമാകുന്നു. അപ്പോഴും കാറിനെ പിന്തുടര്ന്ന് ചില ബൈക്കുകള്‍ പറന്നു പോകുന്നതും വീഡിയോയില്‍ കാണാം.
വീഡിയോ വളരെ പെട്ടെന്ന് തന്നെ സാമുഹിക മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധനേടി. എന്നാല്‍ അപകടം നടന്നതെന്ന് വ്യക്തമല്ലെങ്കിലും എക്സില്‍ വീഡിയോ പങ്കുവച്ച് ഒറ്റ ദിവസം കൊണ്ട് ഒരു ലക്ഷത്തിന് മേലെ ആളുകള്‍ വീഡിയോ കണ്ടു. പിന്നാലെ യുവാക്കളുടെ റീല്‍സ് ഷൂട്ടിനെതിരെ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായ രൂപികരണം നടന്നു. വീഡിയോ റെക്കോര്‍ഡ് ചെയ്ത് ലൈക്ക് വാങ്ങിക്കാന്‍ ഇത്രയും തിരക്കേറിയ റോഡുകള്‍ എന്തിന് തെരഞ്ഞെടുക്കുന്നു എന്ന ചിലര്‍ ചോദിച്ചു. ഇത്തരം അപകടങ്ങള്‍ സാധാരണക്കാര്‍ക്ക് ഉണ്ടാക്കാനിടയുള്ള നഷ്ടങ്ങളെ കുറിച്ച് ചിലര്‍ വാചാലരായി. “ഇത് നിയമവിരുദ്ധമാക്കണം. അവർ തങ്ങളെയും റോഡുകളിലെ മറ്റെല്ലാവരെയും അപകടത്തിലാക്കുകയാണ്,” ഒരു കാഴ്ചക്കാരനെഴുതി. ചിലര്‍ വീഡിയോ ബംഗളൂരു പോലീസിന് ടാഗ് ചെയ്തു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇത്തരം പ്രവണതകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ചിലര്‍ ആവശ്യപ്പെട്ടു.
അതേസമയം ആംസ്റ്റർഡാം ആസ്ഥാനമായുള്ള ലൊക്കേഷൻ ടെക്നോളജി സ്പെഷ്യലിസ്റ്റ് ടോം ടോമിന്റെ റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും മോശം ട്രാഫിക് ഉള്ള നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരുവും ഉണ്ട്. ആറ് ഭൂഖണ്ഡങ്ങളിലെ 55 രാജ്യങ്ങളിലെ 387 നഗരങ്ങളുടെ ശരാശരി യാത്രാ സമയം, ഇന്ധനച്ചെലവ്, കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ എന്നിവ കണക്കിലെടുത്താണ് ടോംടോം ട്രാഫിക് സൂചിക നിര്‍മ്മിച്ചത്. ബെംഗളൂരു (6), പൂനെ (7) എന്നിവയാണ് 2023 ൽ ലോകത്തിലെ ഏറ്റവും മോശം ഗതാഗതം ബാധിച്ച പത്ത് നഗരങ്ങളിൽ ഇടം നേടിയ രണ്ട് ഇന്ത്യൻ നഗരങ്ങൾ. ബെംഗളൂരുവിൽ 2023 ൽ 10 കിലോമീറ്ററിന് ശരാശരി യാത്രാ സമയം 28 മിനിറ്റ് 10 സെക്കൻഡ് ആയിരുന്നു, പൂനെയിൽ 27 മിനിറ്റ് 50 സെക്കൻഡും വേണം 10 കിലോമീറ്റര്‍ സഞ്ചരിക്കാനെന്നും ഈ കണക്കുകള്‍ പറയുന്നു. ഇത്രയും തിരക്കിനിടെയാണ് ഇതുപോലുള്ള അഭ്യാസങ്ങളും.
Last Updated Feb 7, 2024, 12:24 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]