
കഴിഞ്ഞ വർഷം ജൂണിൽ ആയിരുന്നു കേരളക്കരയുടെ പ്രിയ കലാകാരൻ കൊല്ലം സുധിയുടെ വിയോഗ വാർത്ത പുറത്തുവന്നത്. പ്രോഗ്രാം കഴിഞ്ഞ് മടങ്ങവെ ഉണ്ടായ അപകടത്തിൽ ആയിരുന്നു സുധിയുടെ അകാല വിയോഗം. വിട പറഞ്ഞ് ഏഴ് മാസം പിന്നിടുമ്പോൾ ആ ആഘാതത്തിൽ നിന്നും പതിയെ പുറത്തുവരാനുള്ള ശ്രമത്തിലാണ് സുധിയുടെ ഭാര്യ രേണുവും മക്കളും.
ഈ അവസരത്തിൽ രേണു വീണ്ടും വിവാഹിതയാകാൻ പോകുന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് രേണു. തനിക്ക് മരണം വരെ കൊല്ലം സുധിയുടെ ഭാര്യയായിരിക്കാനാണ് ആഗ്രഹമെന്നും ഒരു വിവാഹം ഇനി ഉണ്ടാകില്ലെന്നും രേണു പറഞ്ഞു. ഒരു യുട്യൂബ് ചാനലിനോട് ആയിരുന്നു രേണുവിന്റെ പ്രതികരണം.
“സുധിച്ചേട്ടൻ മരിച്ച് ഒരുവർഷം ആകും മുൻപെ ഞാൻ വേറെ വിവാഹം കഴിക്കും. കിച്ചുവിനെ(മൂത്ത മകൻ)അടിച്ചിറക്കും തുടങ്ങി ഒത്തിരി നെഗറ്റീവുകൾ ഞാൻ കേട്ടതാണ്. എനിക്ക് ഒന്നേ പറയാനുള്ളൂ. ഞാൻ വേറെ വിവാഹം കഴിക്കത്തില്ല. കൊല്ലം സുധിച്ചേട്ടന്റെ ഭാര്യ ആയിട്ട് തന്നെ ജീവിതകാലം മുഴുവൻ നിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അങ്ങനെ ചെയ്യുകയും ഉള്ളൂ. അതെന്റെ ഉറച്ച തീരുമാനം ആണ്. അങ്ങനെ ഒരു തീരുമാനം എടുക്കാൻ കാരണങ്ങൾ പലതുണ്ട്. അതെന്തായാലും എന്റെ ഉള്ളിൽ തന്നെ കിടക്കട്ടെ. എന്റെ മരണം വരെ കൊല്ലം സുധിച്ചേട്ടന്റെ ഭാര്യയായി ജീവിക്കാനാണ് എന്റെ തീരുമാനം. എന്നെ അറിയാവുന്ന കുടുംബത്തിലുള്ള ആരും തന്നെ രണ്ടാം വിവാഹത്തെ പറ്റി പറയില്ല. സുധിച്ചേട്ടനെ പോലെ ആകും ആകില്ല എന്നത് ഒരുകാരണം. രണ്ടാമത്തേത് ഞങ്ങളുടെ മക്കൾ ഞങ്ങളുടേതായി തന്നെ ഇരിക്കണം. വേറൊരാൾക്ക് ഒരിക്കലും അങ്ങനെ കാണാൻ പറ്റില്ല. ചില സുഹൃത്തുക്കൾ പറയാറുണ്ട്. ഞാൻ ചെറുപ്പമാണ്. ഇപ്പോഴല്ല പിന്നീട് വീണ്ടുമൊരു വിവാഹം കഴിക്കണം എന്നൊക്കെ പറയുന്നവരുണ്ട്. അവയോടൊന്നും പ്രതികരിക്കാറില്ല. ചിരിച്ചങ്ങ് മാറും”, എന്നാണ് രേണു പറയുന്നത്.
അമ്മയുടെ വിവാഹ വാർത്തയോട് മകൻ കിച്ചുവും പ്രതികരിച്ചു. “പ്രത്യേകിച്ച് ഒന്നും പറയാനില്ല. അമ്മയുടെ ജീവിതം അമ്മയാണ് തീരുമാനിക്കേണ്ടത്. അത് എന്താണ് എന്ന് വച്ചാൽ അതുപോലെ നടക്കട്ടെ. ഇപ്പോൾ ഞങ്ങൾ സന്തോഷത്തോടെ മുന്നോട്ട് പോകുകയാണ്” എന്നുമാണ് കിച്ചു പറഞ്ഞത്.
Last Updated Feb 6, 2024, 7:17 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]