
തിരുവനന്തപുരം: ബജറ്റുമായി ബന്ധപ്പെട്ട പരാതികളിൽ പ്രതികരണവുമായി മന്ത്രി പി രാജീവ്. ബജറ്റ് സന്തുലിതമെന്നാണ് പൊതുവെയുള്ള അഭിപ്രായം എന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ഓരോ മന്ത്രിയും ആവശ്യപ്പെടുന്നത് സ്വന്തം വകുപ്പുകൾക്കുള്ള വലിയ തുകയാണ്. അതുകൊണ്ടുതന്നെ എല്ലാ വകുപ്പുകൾക്കും പരിഗണന നൽകാനാണ് ധനമന്ത്രി ശ്രമിക്കുന്നത്. ബജറ്റിൽ സിപിഐ മന്ത്രിമാർക്ക് അതൃപ്തിയുള്ളതായി അറിയില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം, സംസ്ഥാന ബജറ്റിൽ കടുത്ത അതൃപ്തിയിലാണ് ഭക്ഷ്യ മന്ത്രി ജിആർ അനിൽ. സപ്ലൈകോക്ക് പണം ഇല്ലാത്തത്തിലാണ് മന്ത്രി പ്രതിഷേധം രേഖപ്പെടുത്തിയത്. ബജറ്റിൽ കുടിശ്ശിക തീർക്കാനും സഹായം ഇല്ലാത്തതും മന്ത്രിയെ ചൊടിപ്പിക്കുകയായിരുന്നു. ബജറ്റ് അവതരണത്തിന് ശേഷം ധനമന്ത്രി കെഎൻ ബാലഗോപാലിന് കൈ കൊടുക്കാനും ജിആർ അനിൽ വിസമ്മതിച്ചു.
അതേസമയം, അവഗണനയിൽ പ്രതികരണവുമായി മന്ത്രി ജെ ചിഞ്ചുറാണി രംഗത്തെത്തി. ബജറ്റിലെ അവഗണനയിൽ മുഖ്യമന്ത്രിയേയും ധനമന്ത്രിയേയും പ്രതിഷേധം അറിയിക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രശ്നം പരിഹരിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ തവണത്തേക്കാൾ 40 ശതമാനം വെട്ടിക്കുറച്ചുവെന്നും മന്ത്രി പറഞ്ഞു. എന്നാൽ ദില്ലി യാത്രയ്ക്ക് ശേഷമാകും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച നടത്തുക. സിപിഐ മന്ത്രിമാരോട് പ്രത്യേകം വിവേചനം കാണിച്ചുവെന്ന് കരുതുന്നില്ലെന്നും മന്ത്രി മാധ്യമങ്ങളോട് കൂട്ടിച്ചേർത്തു.
അതേസമയം, സംസ്ഥാന ബജറ്റിലെ അവഗണന സംബന്ധിച്ച് ധനമന്ത്രിയുമായി ചർച്ച നടത്തുമെന്ന് ഭക്ഷ്യമന്ത്രി ജി ആര് അനിൽ വ്യക്തമാക്കി. പരസ്യമായി പ്രതികരിക്കുന്നില്ല, ഭക്ഷ്യ വകുപ്പ് കടന്ന് പോകുന്നത് വലിയ പ്രതിസന്ധിയിലൂടെയാണ്. പ്രതിസന്ധിക്ക് അനുസൃതമായ പരിഗണന വേണം എന്നാണ് ആവശ്യം. ഇക്കാര്യം മന്ത്രി എന്ന നിലയിൽ ചർച്ച നടത്തും. മുന്നണിക്ക് അകത്തും, മന്ത്രിസഭയിലുമെല്ലാം വിഷയം സംസാരിക്കും. അനുകൂല നടപടി ഉണ്ടാകുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് അരിവില കൂടാനുള്ള സാഹചര്യം ഉണ്ടെന്നും ഭക്ഷ്യ മന്ത്രി പറഞ്ഞു. ഉത്സവ സീസൺ ആണ്. ഉപഭോഗം കൂടും. നേരത്തെ ഒഎംഎസ് സ്കീമിൽ അരി എടുത്തു സര്ക്കാർ വിതരണം ചെയ്യാറുണ്ട്. എന്നാൽ ഇത്തവണ ഒഎംഎസ് സ്കീമിൽ സര്ക്കാര് ഏജൻസികൾക്ക് പങ്കെടുക്കാൻ അനുമതി നൽകിയിട്ടില്ല. ഇത് സ്വകാര്യ കച്ചവടക്കാർ മുതലെടുക്കും. തീരുമാനം മാറ്റണം എന്നാവശ്യപ്പെട്ട് ഇന്ന് കേന്ദ്രമന്ത്രിമാരെ കാണുമെന്നും ജീ ആര് അനിൽ അറിയിച്ചു.
Last Updated Feb 6, 2024, 4:05 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]