തിരുവനന്തപുരം: കടംവാങ്ങിയ പണവുമായി അനന്തപുരിക്ക് വണ്ടികയറി, എ ഗ്രേഡ് സന്തോഷത്തോടെ സൂരജ് ഷാജിയുടെ മടക്കം. ഇടുക്കി ഇരട്ടയാർ സെന്റ് തോമസ് എച്ച്.എസ്.എസിലെ പ്ളസ് ടു വിദ്യാർത്ഥിയായ സൂരജ് ഷാജിയുടെ വലിയൊരു ആഗ്രഹ സാഫല്യംകൂടിയായിരുന്നു ഈ കലോത്സവം. നാലാം ക്ളാസിൽ പഠിക്കുമ്പോൾ മുതൽ സൂരജിന് നൃത്തം പഠിക്കാൻ മോഹമുണ്ടായിരുന്നു. കൽപണി മേസ്ത്രിയായ ചെമ്പാപ്പാറ കൊച്ചുകാമാക്ഷി പാലക്കതടത്തിൽ വീട്ടിൽ ഷാജിയ്ക്കും ഭാര്യ സന്ധ്യയ്ക്കും അതിന് സാമ്പത്തിക സാഹചര്യമുണ്ടായിരുന്നില്ല.
പത്താം ക്ളാസിലെത്തിയപ്പോൾ സൂരജ് വാശികാട്ടി, പലിശയ്ക്ക് പണം കടംവാങ്ങിയാണ് രക്ഷിതാക്കൾ അവനെ നൃത്തം പഠിക്കാനയച്ചത്. അനുജത്തിമാരായ സൂര്യക്കും സുരഭിക്കും കൂടി അവസരമൊരുക്കിയതോടെ കടം കൂടി. ജില്ലാ കലോത്സവത്തിൽ സൂരജ് ഷാജി ഒന്നാമനായപ്പോൾ സന്തോഷവും ആശങ്കയുമേറി. തിരുവനന്തപുരം പോയി കലോത്സവത്തിൽ പങ്കെടുത്താൽ ഇനിയും കടംകയറും. എന്നാൽ കലോത്സവ ദിനമെത്തിയപ്പോഴേക്കും വീണ്ടും കടംവാങ്ങി. അനന്തപുരിയിലെത്തി എ ഗ്രേഡ് നേടിയതോടെ സങ്കടങ്ങളെല്ലാം മാഞ്ഞു. അമ്മക്കൊപ്പം സന്തോഷത്തോടെ സൂരജ് ഇടുക്കിയിലേക്ക് മടങ്ങി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]