എഴുപതു വയസുകാരി ലക്ഷ്മിക്കുട്ടിയമ്മയുടെ ആഗ്രഹമായിരുന്നു സംസ്ഥാന കലോത്സവത്തിലെ നാടൻപാട്ട് വേദിയിൽ പോണമെന്നത്. ഇന്ന് ലക്ഷ്മിക്കുട്ടിയമ്മയുടെ ആഗ്രഹം പോലെ നടന്നു.രാവിലെ തന്നെ നാടൻപാട്ട് നടക്കുന്ന പൂജപ്പുര സരസ്വതി മണ്ഡപത്തിലെത്തി സീറ്റ് പിടിച്ചു, വൈകിയാൽ കസേര കിട്ടില്ലായിരുന്നുവെന്ന ആത്മഗതവും.വയനാടൻ കാടും ഇടുക്കി മലനിരകളും പാലക്കാടൻ കരിമ്പനകളും എം.ടിയുടെ നിളയും കടന്നെത്തിയ കലാകാരൻമാരുടെ നാടൻപാട്ട് ആസ്വദിക്കാൻ മത്സരാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും ഉൾപ്പെടെ പ്രേക്ഷകരുടെ ഒരു കൂട്ടം തന്നെയുണ്ടായിരുന്നു.
വിവിധ ഗോത്ര വിഭാഗക്കാരുടെ ആചാരാനുഷ്ഠാനങ്ങളും ജനനം മുതൽ മരണം വരെയുള്ള മഞ്ഞൾ കല്യാണം, തിരണ്ടു കല്യാണം, മഹാഭാരത കഥകൾ, കൃഷിയുടെ വിളവെടുപ്പ്, കുലദൈവങ്ങളെ പ്രകീർത്തിച്ചുള്ള പാട്ട്, തേനെടുപ്പ് എന്നിങ്ങനെ വിവിധ ആഘോഷങ്ങളും ചടങ്ങുകളും വിവിധ ഗോത്ര ഉപകരണങ്ങളായ നാഗൂർ,ചെണ്ട,ഉറുമി,മുളംചെണ്ട,ഒറ്റച്ചെണ്ട എന്നിവയുമായി പാടിയപ്പോൾ മത്സരം മറന്ന് സദസും കൈയടിച്ചു.
പത്തനംതിട്ടക്കാർ പടയണിയും പാലക്കാട്ടുകാർ പറയ സമുദായത്തിന്റെ മരംപാട്ടും വയനാട്ടുകാർ ജനുക്കുറുമ്പരുടെ തേൻപാട്ടും,തൃശൂർക്കാർ കാട്ടുചോലരുടെ തിരണ്ടുകല്യാണവും മലപ്പുറത്തുകാർ കണകസമുദായത്തിന്റെ മഞ്ഞൾ കുളിപ്പാടും ഇതിവൃത്തമാക്കി പാടിയപ്പോൾ പാട്ടും മേളവും വിവിധ ഗോത്ര വസ്ത്രധാരണവുമായി സരസ്വതി മണ്ഡപം ഉത്സവപ്പറമ്പായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]