തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നാടക, മിമിക്രി മത്സരങ്ങളിൽ ചലച്ചിത്ര സംവിധായകർ വിധികർത്താക്കളായത് സംബന്ധിച്ച് വിവാദം. പിന്നാലെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു. വിധികർത്താക്കളെ നിശ്ചയിക്കുന്നതിലെ മാനദണ്ഡം കൂടുതൽ കർശനമാക്കുന്നത് സംബന്ധിച്ച് യോഗം ചർച്ച ചെയ്യുമെന്നാണ് വിവരം.
നാടക മത്സരത്തിലും മിമിക്രിയിലും സംവിധായകൻ എം എ നിഷാദും മിമിക്രിയിൽ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയംഗത്തിന്റെ മകനായ ചലച്ചിത്ര സംവിധായകൻ സോഹൻ സീനുലാലുമാണ് മാർക്കിട്ടത്. നാടക മത്സരത്തിൽ നിഷാദിനെ വിധികർത്താവാക്കിയതിനെതിരെ നാടക പ്രവർത്തകർ അമർഷം രേഖപ്പെടുത്തിയിരുന്നു. ഇന്ന് നടക്കുന്ന എച്ച് എസ് വിഭാഗം നാടകമത്സരത്തിലും നിഷാദിനെ വിധികർത്താവായി നിശ്ചയിച്ചിരുന്നുവെങ്കിലും പ്രതിഷേധ സാദ്ധ്യത കണക്കിലെടുത്ത് ഒഴിവാക്കുകയായിരുന്നുവെന്നാണ് സൂചന.
ആദിവാസി, ഗോത്ര കലാരൂപങ്ങളുടെ മത്സരങ്ങളിലെ വിധികർത്താക്കൾക്ക് മറ്റുള്ളവയെ അപേക്ഷിച്ച് പ്രതിഫലം കുറവാണെന്ന ആക്ഷേപവും ഉയർന്നിരുന്നു. ഇക്കാര്യവും മന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ പരിശോധിക്കുമെന്നാണ് സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എച്ച് എസ് വിഭാഗം ആൺകുട്ടികളുടെ മാപ്പിളപ്പാട്ട് വിധിനിർണയത്തിലും തർക്കമുയർന്നു. വിധികർത്താക്കൾക്ക് വേണ്ടത്ര യോഗ്യത ഇല്ലെന്നും മാപ്പിളപ്പാട്ടിന്റെ ശാസ്ത്രീയ വശങ്ങളിൽ ധാരണയില്ലെന്നും ആരോപിച്ച് അദ്ധ്യാപകരും മാതാപിതാക്കളും രംഗത്തെത്തി. 14 വിദ്യാർത്ഥികളിൽ ഏഴ് പേർക്ക് എ ഗ്രേഡും ഏഴ് പേർക്ക് ബി ഗ്രേഡും ലഭിച്ചിരുന്നു. സദസിലുണ്ടായിരുന്ന മാപ്പിളപ്പാട്ട് സംഗീതജ്ഞരും രചയിതാക്കളും ഇതിനെ വിമർശിക്കുകയായിരുന്നു.