ട്യൂണിസ്: 40 ഡിഗ്രി സെൽഷ്യസ് ചൂടിൽ ചുട്ടുപൊള്ളുന്ന മരുഭൂമിയ്ക്ക് നടുവിൽ ഒരു തടാകം! അതാണ് ടൂണീഷ്യൻ മരുഭൂമിയിലെ ഗഫ്സ ബീച്ച് എന്നറിയപ്പെടുന്ന തടാകം. നിഗൂഢ തടാകം എന്നറിയപ്പെടുന്ന ഗഫ്സ ബീച്ച് 2014ലാണ് രൂപപ്പെട്ടത്. മരുഭൂമിയിൽ മിനിറ്റുകൾ കൊണ്ട് അപ്രതീക്ഷിതമായി രൂപപ്പെട്ട ഈ തടാകം കണ്ടെത്തിയത് ആടുകളെ മേയ്ക്കാൻ എത്തിയ ഇടയൻമാരാണ്.
ടൂണീഷ്യൻ നഗരമായ ഗഫ്സയിൽ നിന്നും 25 കിലോമീറ്റർ അകലെയാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. തടാകത്തിന്റെ ഉത്ഭവത്തിന്റെ കാരണം ഇന്നും വ്യക്തമല്ല. പ്രദേശത്ത് ചെറിയ ഭൂചലനമുണ്ടായെന്നും അതേ തുടർന്ന് പാറകൾ ഇടിഞ്ഞ് ജലം മുകളിലേക്കെത്തുകയായിരുന്നു എന്നാണ് ചിലർ പറയുന്നത്.
ഈ പ്രദേശത്ത് ഫോസ്ഫേറ്റ് നിക്ഷേപം കൂടുതലായതിനാൽ തടാകത്തിലെ ജലത്തിന് റേഡിയോ ആക്ടീവ് സ്വഭാവം ഉണ്ടാകാനിടയുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. തടാകത്തിൽ നീന്തുന്നത് വഴി അർബുദം പോലുള്ള ചില രോഗങ്ങൾക്ക് പിടിപ്പെട്ടേക്കാമെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നുണ്ട്. മുമ്പ് ഈ പ്രദേശത്ത് നിരവധി ഖനികൾ ഉണ്ടായിരുന്നു.
തടാകത്തിലെ ജലം വിദഗ്ദ്ധ പരിശോധനകൾക്ക് വിധേയമാക്കിയിരുന്നു. തടാകത്തിൽ നീന്തുന്നതിന് ടൂണീഷ്യൻ ഭരണകൂടം ഔദ്യോഗികമായി വിലക്കേർപ്പെടുത്തിട്ടില്ല. തടാകത്തിൽ നീന്തുന്നത് അപകടകരമാണെന്ന് ഭരണകൂടം പറഞ്ഞിട്ടുണ്ടെങ്കിലും പ്രദേശവാസികൾ ആദ്യം ചെവിക്കൊണ്ടിരുന്നില്ല. തടാകം രൂപപ്പെട്ട നാൾ മുതൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേരാണ് ഇവിടേക്കെത്തുന്നത്. പാറക്കൂട്ടങ്ങൾ നിറഞ്ഞ തടാകത്തിന്റെ അടിത്തട്ടിന്റെ ചിത്രങ്ങൾ പകർത്താനും സ്കൂബ ഡൈവിംഗിനായും ആളുകൾ എത്താറുണ്ട്.
കണ്ടെത്തുന്ന സമയം നീല നിറമായിരുന്ന തടാകത്തിന് ഇപ്പോൾ പച്ച നിറമാണ്. തടാകത്തിലെ ജലത്തിന്റെ ഒഴുക്ക് നിലച്ചതിനാലാണ് ഈ നിറ വ്യത്യാസം. അതിനാൽ ഇവിടേക്ക് ഇറങ്ങുന്നത് അപകടമാണ്. ഒരു ഹെക്ടറോളം വ്യാപിച്ച് കിടക്കുന്ന ഗഫ്സ ബീച്ചിന് 20 മീറ്റർ ആഴമുണ്ട്.