തിരുവനന്തപുരം: സർക്കാർ ഉടമസ്ഥതയിലുള്ള തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകളിൽ വിറ്റ സംഭവത്തിൽ സൈബർ സെല്ലിന് നിർണായക വിവരങ്ങൾ ലഭിച്ചു. ദൃശ്യങ്ങൾ വിൽപ്പനയ്ക്ക് വെച്ചവരുടെയും പണം നൽകി വാങ്ങിയവരുടെയും ഐപി വിലാസങ്ങൾ സൈബർ സെൽ കണ്ടെത്തി.
തിരുവനന്തപുരത്തെ കൈരളി തിയേറ്റർ കോംപ്ലക്സിലെ സിസിടിവി ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് സൈബർ സെൽ അന്വേഷണം ആരംഭിച്ചത്. ‘സോഫ്റ്റ് പോൺ’ എന്ന വിഭാഗത്തിൽ പണം ഈടാക്കിയായിരുന്നു ദൃശ്യങ്ങൾ വിറ്റത്.
ഇവയുടെ ലിങ്കുകൾ ടെലഗ്രാം, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു. ദൃശ്യങ്ങൾ അപ്ലോഡ് ചെയ്ത ഐപി വിലാസങ്ങളാണ് അന്വേഷണ സംഘം പ്രധാനമായും തിരിച്ചറിഞ്ഞത്.
കൂടുതൽ വെബ്സൈറ്റുകളിൽ ദൃശ്യങ്ങൾ പ്രചരിച്ചിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ദൃശ്യങ്ങൾ ചോർന്നതെങ്ങനെ ? ദൃശ്യങ്ങൾ എങ്ങനെയാണ് പുറത്തുപോയതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
സിസിടിവി ദൃശ്യങ്ങൾ സൂക്ഷിക്കുന്ന ക്ലൗഡ് സ്റ്റോറേജ് ഹാക്ക് ചെയ്യപ്പെട്ടതായാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ തിയേറ്റർ ജീവനക്കാർക്ക് പങ്കുണ്ടോ എന്ന കാര്യവും സൈബർ സെൽ പരിശോധിച്ചുവരികയാണ്.
സംഭവം വിവാദമായതിന് പിന്നാലെ, കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ്റെ കീഴിലുള്ള 17 സ്ക്രീനുകളിലെയും സിസിടിവി സ്റ്റോറേജ് പാസ്വേഡുകൾ മാറ്റി. ദൃശ്യങ്ങൾ കൈകാര്യം ചെയ്യുന്നതിലും അറ്റകുറ്റപ്പണികൾക്കായി മറ്റുള്ളവരെ ഏൽപ്പിക്കുന്നതിലും കർശന ജാഗ്രത പുലർത്തണമെന്ന് തിയേറ്റർ ഓപ്പറേറ്റർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
പൊതു ഇടങ്ങളിലെ സിസിടിവി ക്യാമറകൾ ഹാക്ക് ചെയ്യപ്പെട്ട സംഭവം ഗൗരവമുള്ളതായതിനാൽ സൈബർ പട്രോളിംഗ് ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

