മലപ്പുറം: നിലമ്പൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ പെട്രോളൊഴിച്ച് കത്തിച്ച കേസിൽ മൂന്നംഗ സംഘം അറസ്റ്റിലായി. കുറത്തിയാർ പൊയിൽ സ്വദേശി മുഹമ്മദ് ഷാഹുൽ, പുളിക്കലോടി സ്വദേശികളായ സുബൈർ ബാബു, മുഹമ്മദ് നിയാസ് എന്നിവരാണ് നിലമ്പൂർ പോലീസിൻ്റെ പിടിയിലായത്.
വീടിന് സമീപം ബൈക്കിലെത്തി ഹോണടിച്ച് ശല്യമുണ്ടാക്കിയത് ചോദ്യം ചെയ്തതിലെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. ഡിസംബർ ഒന്നിന് പുലർച്ചെ ഒന്നരയോടെയാണ് കേസിനാസ്പദമായ സംഭവം.
മദ്യപിച്ചെത്തിയ സംഘം വീടിന് മുന്നിൽ ബൈക്കിന്റെ ഹോണടിച്ച് ബഹളമുണ്ടാക്കി. ഇത് ചോദ്യം ചെയ്തതിലുള്ള പ്രകോപനത്തിൽ, സംഘം ഗേറ്റ് കടന്ന് വീട്ടുമുറ്റത്ത് പ്രവേശിച്ച് നിർത്തിയിട്ടിരുന്ന കാറിന് പെട്രോളൊഴിച്ച് തീയിടുകയായിരുന്നു.
പ്ലാസ്റ്റിക് കവറുകളിൽ കൊണ്ടുവന്ന പെട്രോൾ ഉപയോഗിച്ച് മറ്റ് രണ്ട് കാറുകൾ കൂടി കത്തിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്ന് തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
ടാങ്കിൽ നിറയെ ഇന്ധനമുണ്ടായിരുന്ന കാർ പൂർണ്ണമായി കത്തിയാൽ പൊട്ടിത്തെറിക്കാനുള്ള സാധ്യതയുണ്ടായിരുന്നു. കൃത്യം നടത്തുമ്പോൾ മുഖം മറച്ചിരുന്നെങ്കിലും, പെട്രോൾ പമ്പിൽ നിന്നും ഇന്ധനം വാങ്ങുന്ന സിസിടിവി ദൃശ്യങ്ങളാണ് പ്രതികളെ തിരിച്ചറിയാൻ പോലീസിനെ സഹായിച്ചത്.
ഇതോടെയാണ് അന്വേഷണം ഇവരിലേക്ക് നീണ്ടതും അറസ്റ്റിൽ കലാശിച്ചതും. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

