സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂർണമെൻ്റിലെ റൺവേട്ടക്കാരുടെ പട്ടികയിൽ കേരള നായകൻ സഞ്ജു സാംസൺ ആദ്യ പത്തിൽ ഇടംപിടിച്ചു. ആന്ധ്രയ്ക്കെതിരായ മത്സരത്തിൽ 56 പന്തിൽ 73 റൺസ് നേടി പുറത്താകാതെ നിന്ന പ്രകടനമാണ് സഞ്ജുവിനെ ഈ നേട്ടത്തിലെത്തിച്ചത്.
ആറ് മത്സരങ്ങളിൽ നിന്ന് 58.25 ശരാശരിയിലും 137.87 സ്ട്രൈക്ക് റേറ്റിലുമായി 233 റൺസാണ് സഞ്ജുവിൻ്റെ സമ്പാദ്യം. കേരള താരങ്ങളിൽ റൺവേട്ടയിൽ ഒന്നാമതും സഞ്ജു തന്നെ.
മുംബൈയുടെ യുവതാരം ആയുഷ് മാത്രെയാണ് മുഷ്താഖ് അലി ട്രോഫിയിലെ റൺവേട്ടയിൽ ഒന്നാം സ്ഥാനത്ത്. ആറ് മത്സരങ്ങളിൽ നിന്ന് 108.33 ശരാശരിയിലും 166.67 എന്ന മികച്ച സ്ട്രൈക്ക് റേറ്റിലും 325 റൺസ് നേടിയാണ് ആയുഷ് ഒന്നാമതെത്തിയത്.
കർണാടകയുടെ സ്മരൺ രവിചന്ദ്രനാണ് 295 റൺസുമായി രണ്ടാം സ്ഥാനത്ത്. കുനാൽ ചണ്ഡേല (292), യഷ്വർധൻ ദലാൽ (288), ദേവ്ദത്ത് പടിക്കൽ (288), ഇഷാൻ കിഷൻ (271), മനൻ വോറ (267), അഭിമന്യു ഈശ്വരൻ (255), അഭിഷേക് ശർമ (242) എന്നിവരാണ് റൺവേട്ടയിൽ സഞ്ജുവിന് മുന്നിലുള്ള മറ്റ് താരങ്ങൾ.
കേരളത്തിൻ്റെ മറ്റൊരു താരമായ രോഹൻ കുന്നുമ്മൽ 224 റൺസുമായി പതിനാലാം സ്ഥാനത്താണ്. റൺവേട്ടയിലെ ആദ്യ പത്തിൽ ഏറ്റവും ഉയർന്ന സ്ട്രൈക്ക് റേറ്റ് പഞ്ചാബ് താരം അഭിഷേക് ശർമയ്ക്കാണ് (275).
ഇഷാൻ കിഷൻ (190.85) ആണ് ഇക്കാര്യത്തിൽ രണ്ടാമത്. അതേസമയം, ആദ്യ പത്തിലുള്ളവരിൽ ഏറ്റവും കുറഞ്ഞ സ്ട്രൈക്ക് റേറ്റ് സഞ്ജുവിൻ്റേതാണ്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കായി ഇന്ത്യൻ ടീമിനൊപ്പം ചേരുന്നതിനാൽ സഞ്ജുവിനും അഭിഷേക് ശർമയ്ക്കും ടൂർണമെൻ്റിലെ അവസാന മത്സരങ്ങളിൽ കളിക്കാനാവില്ല. പുതിയ കായിക വാർത്തകൾക്ക് newskerala.net സന്ദർശിക്കുക FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

