
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബംഗളൂരു – ഇന്ത്യന്‍ ടീമിലിടം നേടിയതോടെ ആത്മവിശ്വാസം വര്‍ധിച്ച ക്യാപ്റ്റന്‍ സഞ്ജു സാംസണ് സെഞ്ചുറി നേടിയെങ്കിലും വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ കേരളത്തിന് തോല്‍വി. യുവരാജ് സിംഗിന്റെ സെഞ്ചുറിയില്‍ കുതിച്ച റെയില്‍വേസിനോട് കേരളം 18 റണ്‍സിന് തോറ്റു. തോറ്റെങ്കിലും കേരളമാണ് ഗ്രൂപ്പ് എ-യില്‍ ഒന്നാം സ്ഥാനത്ത്. കേരളത്തിനും മുംബൈക്കും ഏഴ് കളിയില്‍ അഞ്ച് ജയവും രണ്ട് തോല്‍വിയുമായി 20 പോയന്റ് വീതമാണ്. റണ്‍റെയ്റ്റില്‍ കേരളം ഒന്നാം സ്ഥാനത്തെത്തി. പ്രി ക്വാര്‍ട്ടറില്‍ കേരളം മഹാരാഷ്ട്രയുമായി ഏറ്റുമുട്ടും. മുംബൈക്ക് കരുത്തരായ തമിഴ്നാടിനെ നേരിടണം. ബംഗാള്‍-ഗുജറാത്ത്, വിദര്‍ഭ-കര്‍ണാടക എന്നിങ്ങനെയാണ് മറ്റു പ്രി ക്വാര്‍ട്ടര്‍ ഫൈനലുകള്‍. രാജസ്ഥാന്, ഹരിയാന ടീമുകളും പ്രി ക്വാര്‍ട്ടറിലെത്തി. ത്രിപുരക്കു പിന്നാലെ ഒഡിഷയോടും മുംബൈ തോറ്റു. അജിന്‍ക്യ രഹാനെയും ശിവം ദൂബെയുമൊക്കെ അണിനിരന്ന മുംബൈ 113 ന് ഓളൗട്ടായി.
ഓപണര്‍മാര്‍ 19 റണ്‍സാവുമ്പോഴേക്കും പവിലിയനില്‍ തിരിച്ചെത്തിയ ശേഷം പ്രഥം സിംഗും (61) യുവരാജ് ജൂനിയറുമാണ് (136 പന്തില്‍ 121 നോട്ടൗട്ട്) റെയില്‍വേസിനെ അഞ്ചിന് 255 ലേക്ക് നയിച്ചത്. കേരളത്തിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. രോഹന് കുന്നുമ്മലിന് അക്കൗണ്ട് തുറക്കാനായില്ല. പകരം വന്ന സചിന് ബേബി (9), സല്മാന് നിസാര്‍ (2) എന്നിവരും നിലയുറപ്പിച്ചില്ല. ഓപണര്‍ കൃഷ്ണപ്രസാദ് (29), സഞ്ജു (139 പന്തില്‍ 128), അതിഥി താരം ശ്രേയസ് ഗോപാല്‍ (53) എന്നിവര്‍ പൊരുതിയെങ്കിലും എട്ടിന് 237 റണ്‍സെടുക്കാനേ കേരളത്തിന് സാധിച്ചുള്ളൂ. മൂന്നിന് 26 ല്‍ ടീം പതറുമ്പോള്‍ ക്രീസിലെത്തിയ സഞ്ജു ഒരറ്റം ഭദ്രമാക്കിയെങ്കിലും മറുവശത്ത് നിരന്തരം വിക്കറ്റ് നിലംപൊത്തി. അവസാന ഓവറില്‍ 28 റണ്‍സ് വേണമെന്നിരിക്കെ സഞ്ജു സിക്സറടിച്ചെങ്കിലും ഇന്നിംഗ്സ് തീരാന്‍ ഒരു പന്ത് ശേഷിക്കെ പുറത്തായി. രാഹുല്‍ ശര്‍മ നാലു വിക്കറ്റെടുത്തു.
വിജയ് ഹസാരെ ട്രോഫിയില്‍ സഞ്ജുവിന്റെ രണ്ടാം സെഞ്ചുറിയാണ് ഇത്. 2019 ല്‍ ഗോവക്കെതിരെ 212 റണ്‍സടിച്ചിരുന്നു.