കോഴിക്കോട്: ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിനായി കോൺഗ്രസ് കള്ളപ്പണം കൊണ്ടുവന്നെന്ന് ആരോപിച്ച് പാലക്കാട്ടെ ഹോട്ടൽ മുറിയിൽ പൊലീസ് നടത്തിയ പരിശോധനയ്ക്ക് പിന്നാലെ ഫെയ്സ്ബുക്ക് ലെെവുമായി സ്ഥാനാർത്ഥി രാഹുൽ മാങ്കുട്ടത്തിൽ. താൻ പാലക്കാടല്ല, കോഴിക്കോടാണുള്ളതെന്ന് വ്യക്തമാക്കിക്കൊണ്ട് ബുധനാഴ്ച പുലർച്ചെ രണ്ടരയോടെ കോഴിക്കോട് ടൗൺ സ്റ്രേഷന് മുന്നിൽ നിന്നാണ് രാഹുൽ ലെെവിൽ എത്തിയത്. ഒരു ട്രോളി ബാഗ് നിറയെ പണവുമായി കോൺഗ്രസ് നേതാക്കൾ പാലക്കാട്ട് ഹോട്ടലിലെത്തിയെന്ന ബിജെപി-സിപിഎം ആരോപണത്തെ പരിഹസിച്ചാണ് രാഹുൽ രംഗത്തെത്തിയത്.
‘ പാലക്കാട്ട് ഇപ്പോൾ വലിയ സംഘർഷങ്ങളും ആരോപണവും നടക്കുകയാണ്. പ്രതിഷേധത്തിനിടെ ബിജെപി-സിപിഎം പ്രവർത്തകർ പറയുന്നത്, ആ ട്രോളി ബാഗ് നിറയെ പണവുമായി കെപിഎം ഹോട്ടലിൽ നിന്ന് രാഹുലിനെ ഇറക്കി വിടണമെന്നാണ്. ഒരു ട്രോളി ബാഗ് നിറയെ പണവുമായി കെപിഎം ഹോട്ടലിൽ നിന്ന് പുറത്തുവരാൻ ആഗ്രഹമുണ്ട്. പക്ഷേ താൻ പാലക്കാട്ടെ ഹോട്ടലിൽ അല്ല. കോഴിക്കോട് ആണുള്ളത്. എന്റെ ബാഗിൽ പണമില്ല, രണ്ട് ദിവസത്തെ വസ്ത്രമാണ് ഉള്ളത് അത് വേണമെങ്കിൽ തരാം.
കോഴിക്കോട് കാന്തപുരം ഉസ്താദിനെ കാണാനാണ് ഞാൻ ഇവിടെ എത്തിയത്. എല്ലാ കോൺഗ്രസ് നേതാക്കളും മുറികൾ തുറന്നുകൊടുത്തു. ഷാനിമോൾ ഉസ്മാൻ മാത്രമാണ് മുറി തുറന്ന് കൊടുക്കാതിരുന്നത്. അവർ ഒറ്റയ്ക്കാണ് മുറിയിൽ താമസിക്കുന്നത്. വനിതാ പൊലീസ് ഉദ്യോഗസ്ഥർ വരാതെ മുറി തുറക്കില്ലെന്നാണ് അവർ പറഞ്ഞത്. വനിതാ പൊലീസുകാർ വന്നപ്പോൾ അവർ മുറി തുറന്നുകൊടുത്തു. മുറി പരിശോധിച്ച ശേഷം ഒന്നും കിട്ടിയില്ല. സിപിഎം-ബിജെപി കൂട്ടുകെട്ടിന്റെ ഒരു ഉദാഹരണം കൂടി വന്നിരിക്കുകയാണ്’,- രാഹുൽ മാങ്കുട്ടത്തിൽ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]