![](https://newskerala.net/wp-content/uploads/2024/11/peru.1730856108.jpg)
ലിമ: പെറുവിൽ മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്ബാൾ താരത്തിന് ദാരുണാന്ത്യം. പരിക്കേറ്റ അഞ്ച് കളിക്കാർ ചികിത്സയിലാണ്. ഞായറാഴ്ച പെറുവിലെ ചിൽകയിലുള്ള കോട്ടോ കോട്ടോ സ്റ്റേഡിയത്തിലായിരുന്നു സംഭവം. ഡിഫൻഡറായ ഹ്യൂഗോ ഡി ലാ ക്രൂസാണ് (39) ദാരുണമായി മരിച്ചത്.
ശക്തമായ മിന്നൽ അടിക്കുന്നതും തീഗോളമാകുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഗോൾകീപ്പർ ജുവാൻ ചോക്ക ലാക്ടയ്ക്ക് (40)ഗുരുതരമായി പൊള്ളലേറ്റു.
യുവെന്റൂഡ് ബെലാവിസ്തയും ഫാമിലിയ ചോക്കയും തമ്മിലുള്ള മത്സരത്തിന്റെ 22-ാം മിനിട്ടിലാണ് സംഭവം.
കനത്ത മഴ കാരണം മത്സരം നിറുത്തിവയ്ക്കുകയും താരങ്ങൾ ഗ്രൗണ്ടിൽ നിന്ന് മടങ്ങുകയും ചെയ്യുമ്പോഴായിരുന്നു സംഭവം. പെട്ടെന്ന് ശക്തമായ മിന്നലടിക്കുകയും താരങ്ങൾ കൂട്ടത്തോടെ നിലത്ത് പതിക്കുകയും ചെയ്തു. ഹ്യൂഗോ ഡി ലാ ക്രൂസിന് തീപിടിക്കുന്നതും പുക ഉയരുന്നതും ദൃശ്യങ്ങളിൽ കാണാം. അദ്ദേഹം തത്ക്ഷണം മരിച്ചു. പരിക്കേറ്റവർ ചികിത്സയിലാണ്.
കഴിഞ്ഞ ഓഗസ്റ്റിൽ ജാർഖണ്ഡിലെ സിംഡേഗയിൽ ഇടിമിന്നലേറ്റ് മൂന്ന് ഹോക്കി താരങ്ങൾ കൊല്ലപ്പെട്ടിരുന്നു. അഞ്ച് കളിക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. മത്സരത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് സംഭവം. മഴയിൽ നിന്ന് രക്ഷനേടാൻ മരത്തിന് താഴെ നിൽക്കുകയായിരുന്നു താരങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]