
മോഹൻലാൽ, ഈ പേര് മലയാളികളുടെ സ്വകാര്യ അഹങ്കാരമായിട്ട് കാലങ്ങൾ ഏറെ ആയിരിക്കുന്നു. മഞ്ഞിൽവിരിഞ്ഞ പൂക്കളിൽ തുടങ്ങിയ ആ അഭിനത്തികവ് ഇന്ന് എത്തി നിൽക്കുന്നത് ഒട്ടനവധി മികച്ച സിനിമകളിലേക്കാണ്. കഴിഞ്ഞ വർഷം മമ്മൂട്ടി, പൃഥ്വിരാജ്, ടൊവിനോ, ആസിഫ് അലി ചിത്രങ്ങളെല്ലാം മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചെങ്കിലും മോഹൻലാലിന് കാലിടറിയിരുന്നു. എന്നാൽ ഈ വർഷം വൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ് മോഹൻലാൽ. സൂപ്പർ താര സംവിധായകർ മുതൽ ബിഗ് ബജറ്റ് സിനിമകൾ വരെ ഇക്കൂട്ടത്തിൽ ഉണ്ട്. 2023 മാത്രമല്ല, 2024ലും മോഹൻലാലിന്റേത് ആകുമെന്നാണ് ആരാധക വിലയിരുത്തലുകൾ. പാൻ ഇന്ത്യൻ റിലീസുകളും ഇക്കൂട്ടത്തിൽ ഉണ്ട്.
മോഹൻലാലിന്റേതായി വരാനിരിക്കുന്ന സിനിമകളിൽ ശ്രദ്ധേയം ‘മലൈക്കോട്ടൈ വാലിബൻ’ ആണ്. യുവ സംവിധായക നിരയിൽ ചെയ്ത സിനിമകൾ കൊണ്ടും പറഞ്ഞ പ്രമേയം കൊണ്ടും ഏറെ ശ്രദ്ധനേടിയ ലിജോ ജോസ് പെല്ലിശ്ശേരിയാണ് സംവിധായകൻ. വൻ ക്യാൻവാസിൽ ഒരുങ്ങുന്ന കംപ്ലീറ്റ് എന്റർടെയ്നർ ആകും ചിത്രമെന്നത് പ്രെമോഷൻ മെറ്റീരിയലുകളിൽ നിന്നും വ്യക്തമാണ്. ഗുസ്തിക്കാരനായാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നതെന്നാണ് വിവരം. മോഹൻലാലിന്റെ കരിയറിലെ മറ്റൊരു പൊൻതൂവൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിത്രം 2024 ജനുവരി 25ന് തിയറ്ററുകളിൽ എത്തും.
റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന മറ്റൊരു ചിത്രം നേര് ആണ്. ദൃശ്യം, ദൃശ്യം 2, ട്വൽത്ത് മാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ജീത്തു ജോസഫും മോഹൻലാലും ഒന്നിക്കുന്ന സിനിമയാണിത്. ലീഗൽ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രം ഡിസംബർ 21ന് തിയറ്ററുകളിൽ എത്തും. ക്രിസ്മസ് റിലീസ് ആയാണ് നേര് എത്തുന്നത്.
നിലവിൽ റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന മറ്റൊരു മോഹൻലാൽ ചിത്രമാണ് ബറോസ്. കാലങ്ങൾ നീണ്ട തന്റെ അഭിനയ ജീവിതത്തെ വഴികാട്ടിയാക്കി മോഹൻലാൽ സംവിധാനം ചെയ്യുന്ന സിനിമയാണിത്. ത്രീഡിയിൽ ഒരുങ്ങുന്ന ചിത്രത്തിൽ പാസ് വേഗ, റാഫേല്‍ അമാര്‍ഗോ തുടങ്ങി സ്പാനിഷ് താരങ്ങളും അണിനിരക്കുന്നുണ്ട്. നേരത്തെ ക്രിസ്മസിന് ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നുവെങ്കിലും 2024 മാർച്ച് 28ന് റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
മുകളിൽ പറഞ്ഞവ റിലീസിനൊരുങ്ങുന്ന മോഹൻലാൽ ചിത്രങ്ങൾ ആണെങ്കിൽ, അണിയറയിൽ നിരവധി സിനിമകൾ ഒരുങ്ങുന്നുണ്ട്. പൃഥ്വിരാജിന്റെ എമ്പുരാൻ, വൃഷഭ, ജോഷി സംവിധാനം ചെയ്യുന്ന റമ്പാൻ, ജീത്തു ജോസഫിന്റെ റാം എന്നിവയാണ് അവ. ഇതിൽ വൃഷഭ, എമ്പുരാൻ എന്നിവയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. റാമിന്റെ ഷൂട്ടിംഗ് ഏതാനും മാസങ്ങൾക്ക് മുൻപ് നടന്നിരുന്നെങ്കിലും കൂടുതൽ അപ്ഡേറ്റുകൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. എന്തായാലും പകർന്നാട്ടങ്ങളിൽ പകരം വയ്ക്കാനില്ലാത്ത മോഹൻലാലിന് വരാനിരിക്കുന്നത് സുവർണ കാലഘട്ടം എന്നാണ് വിലയിരുത്തലുകൾ.
മുന്നിൽ മമ്മൂട്ടി തന്നെ, അമ്പരപ്പിച്ച് യുവതാരങ്ങൾ; 2023ൽ മലയാളി ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട സിനിമകൾ
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..
Last Updated Nov 5, 2023, 4:59 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]