
ആലപ്പുഴ: ശാരീരിക വെല്ലുവിളികള്‍ അതിജീവിച്ച് ആലപ്പുഴ ജില്ലാ ബോഡി ബിൽഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ അപ്പുവിന് ഇനി മുതൽ പരസഹായമില്ലാതെ വീൽച്ചെയറിൽ സഞ്ചരിക്കാം. അമ്പലപ്പുഴയിലെ അപ്പുവിന്റെ വീട്ടില്‍ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് സഹായമെത്തിയത്.
ജനിച്ചപ്പോഴേ അപ്പുവിന് രണ്ടു കാലും ഒരു കൈയുമില്ല. രണ്ട് കൃത്രിമ കാലുകള്‍ വച്ചെങ്കിലും സഞ്ചരിക്കാൻ മറ്റൊരാളുടെ സഹായം വേണം. പക്ഷെ അപ്പുവിന്റെ സ്വപ്നങ്ങള്‍ക്ക് ഇതൊന്നും തടസ്സമായില്ല. അമ്പലപ്പുഴ ഗവണ്മെന്റ് കോളേജിൽ നിന്ന് ബി.എ എക്കണോമിക്സിൽ ഉന്നത വിജയം നേടിയ ശേഷം ആനിമേഷൻ കോഴ്സ് പഠിക്കുകയാണ്. ഇതിനിടയിലാണ് വെല്ലുവിളികളെ പൊരുതി തോല്‍പ്പിച്ച് അപ്പു ആലപ്പുഴ ജില്ലാ ബോഡി ബിൽഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മിസ്റ്റർ ആലപ്പിയായി തെരഞ്ഞെടുക്കപ്പെട്ടത്.
25 വയസുകാരൻ അപ്പു വിധിയോട് പടവെട്ടിയാണ് ജീവിക്കുന്നത്. സുമനസുകളുടെ സഹായം കൊണ്ട് അപ്പുവിന്റെ ചികിത്സക്കായി ലക്ഷങ്ങള്‍ ശേഖരിച്ചു. അപ്പുവിന്റെ ജീവിതമറിഞ്ഞ ചങ്ങനാശേരി റോട്ടറി ക്ലബ്ബ് സഹായവുമായി വീട്ടിലെത്തി, പരസഹായമില്ലാതെ സഞ്ചരിക്കാന്‍ വീൽചെയറുമായി. ചങ്ങനാശേരി റോട്ടറി ക്ളബ്ബും മെട്രോ ഓർത്തോട്രിക്സും ചേർന്ന് 83,000 രൂപ വില വരുന്ന സ്വയം നിയന്ത്രിത ഇലക്ട്രിക്കൽ വീൽചെയർ അപ്പുവിന് കൈമാറി. മുന്നോട്ടുള്ള യാത്രയില്‍ അപ്പുവിന് കൈത്താങ്ങാവാനാണ് വീല്‍ചെയര്‍ നല്‍കുന്നതെന്ന് റോട്ടറി ഭാരവാഹികള്‍ പറഞ്ഞു.
റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ ജി സുമിത്രൻ വീൽചെയർ കൈമാറി. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് കെ ജെ ജയിംസ്, സെക്രട്ടറി ബെന്നി ജോസഫ്, റോട്ടറി ക്ലബ്ബ് ഡിസ്ട്രിക്ട് ചെയർമാൻ ബേബി കുമരൻ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. തളരാത്ത മനസ്സും ശരീരവുമായി ഇനിയും ഒട്ടേറെ ഉയരങ്ങൾ കീഴടക്കാനുള്ള ശ്രമത്തിലാണ് അപ്പു.
Last Updated Nov 5, 2023, 8:54 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]