തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ സംസ്ഥാന സർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി കോൺഗ്രസ്. ഇതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നാല് മേഖലാ ജാഥകൾ സംഘടിപ്പിക്കും.
പന്തളത്ത് മഹാസമ്മേളനത്തോടെ ജാഥകൾ സമാപിക്കും. കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
അതേസമയം, വിവാദത്തിൽ അന്വേഷണത്തിനായി എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിൽ ഹൈക്കോടതി പ്രത്യേക സംഘത്തെ നിയോഗിച്ചു.
ദേവസ്വം വിജിലൻസിന്റെ ഇടക്കാല റിപ്പോർട്ടിലെ ഗുരുതരമായ കണ്ടെത്തലുകളെ തുടർന്നാണ് ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്. ഉദ്യോഗസ്ഥ തലത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണ പരിധിയിൽ വരുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിൽ 1999-ൽ സ്വർണ്ണം പൊതിഞ്ഞിരുന്നുവെങ്കിൽ, 20 വർഷത്തിനു ശേഷം വീണ്ടും സ്വർണ്ണം പൂശേണ്ട ആവശ്യമെന്തായിരുന്നു? പുതുതായി പൂശിയത് സ്വർണ്ണമാണോ അതോ ചെമ്പാണോ? ഹൈക്കോടതി ഉന്നയിച്ച ഈ നിർണായക ചോദ്യങ്ങളാണ് ശബരിമലയിൽ നടന്ന വൻ തട്ടിപ്പിലേക്ക് വിരൽചൂണ്ടുന്നത്.
വിവാദത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി എസ്പി റാങ്കിലുള്ള ചീഫ് സെക്യൂരിറ്റി ഓഫീസറെയായിരുന്നു കോടതി ആദ്യം അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരുന്നത്. എന്നാൽ, പ്രസ്തുത അന്വേഷണത്തിന്റെ ഇടക്കാല റിപ്പോർട്ടിൽ ഗുരുതരമായ കണ്ടെത്തലുകളുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിക്കാൻ കോടതി തീരുമാനിച്ചത്.
ദേവസ്വം വിജിലൻസ് സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിലെ വിവരങ്ങൾ പരിഗണിച്ചാണ് പുതിയ അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചത്. ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എച്ച്.
വെങ്കിടേഷാണ് സംഘത്തലവൻ. മികച്ച സേവന പാരമ്പര്യമുള്ള പോലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടർ എസ്.പി എസ്.
ശശിധരൻ, സൈബർ വിദഗ്ധർ എന്നിവരും സംഘത്തിലുണ്ട്. സ്പോൺസറും ദേവസ്വം ബോർഡും തമ്മിലുള്ള ഇ-മെയിൽ ഇടപാടുകളിലടക്കം ദുരൂഹത ഉയർന്ന സാഹചര്യത്തിലാണ് സൈബർ വിദഗ്ധരെയും ഉൾപ്പെടുത്തിയത്.
അന്വേഷണം രഹസ്യമായി ഒരു മാസത്തിനകം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജസ്റ്റിസ് രാജ വിജയരാഘവൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. അന്വേഷണ സംഘത്തിലേക്ക് കോടതി നിർദേശിച്ച ഉദ്യോഗസ്ഥരെ വിട്ടുനൽകാൻ സാധിക്കുമോയെന്ന് സർക്കാർ വെള്ളിയാഴ്ചയ്ക്കകം അറിയിക്കണം.
ഇതിനിടെ, ശബരിമലയിലെ സ്വർണ്ണം ഉൾപ്പെടെയുള്ള അമൂല്യവസ്തുക്കളുടെ മൂല്യനിർണ്ണയത്തിനായി റിട്ട. ജഡ്ജി കെ.ടി.
ശങ്കരനെയും ദേവസ്വം ബെഞ്ച് ചുമതലപ്പെടുത്തിയിട്ടുണ്ട്. നിലവിലെ അന്വേഷണം പൂർത്തിയാക്കുമെന്നും സ്ട്രോങ് റൂം തുറന്ന് പരിശോധന നടത്തുമെന്നും ദേവസ്വം വിജിലൻസ് കോടതിയെ അറിയിച്ചു.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]