പലസ്തീനെ അടുത്ത കാലത്ത് നിരവധി രാജ്യങ്ങൾ രാഷ്ട്രമായി അംഗീകരിക്കുകയുണ്ടായി. ഐക്യരാഷ്ട്രസഭയുടെ രക്ഷാ സമിതിയിലെ സ്ഥിരാംഗങ്ങളായ ഫ്രാൻസും ബ്രിട്ടനും ഉൾപ്പെടെ അടുത്ത കാലത്ത് പലസ്തീന്റെ രാഷ്ട്ര പദവിക്ക് അംഗീകാരം നൽകി.
അറുപത്തിയാറായിരത്തിലേറെ പലസ്തീനികളാണ് 2023 ഒക്ടോബർ ഏഴിന് ശേഷം ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കുഞ്ഞുങ്ങളെ പട്ടിണിയിലേക്കും തീരാദുരിതങ്ങളിലേക്കും തള്ളിവിട്ട
ഇസ്രയേലിന്റെ നടപടികൾക്കെതിരെ ആഗോള തലത്തിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് കൂടുതൽ രാജ്യങ്ങൾ പലസ്തീന്റെ രാഷ്ട്രപദവി അംഗീകരിച്ച് രംഗത്തെത്തിയത്. ഐക്യരാഷ്ട്രസഭ നിയോഗിച്ച അന്വേഷണ കമ്മീഷൻ, ഇസ്രയേൽ ഗാസയിൽ നടത്തുന്നത് വംശഹത്യയാണെന്ന് പ്രസ്താവന നടത്തിയത് അടുത്ത കാലത്താണ്.
പലസ്തീൻറെ രാഷ്ട്ര പദവി അംഗീകരിക്കുക എന്നാൽ എന്താണ് അർത്ഥമാക്കുന്നതെന്നും അതുകൊണ്ട് പലസ്തീനികൾക്ക് എന്തെങ്കിലും ഗുണമുണ്ടോയെന്നും പരിശോധിക്കാം. എന്താണ് രാഷ്ട്രം? രാഷ്ട്രപദവിക്കുള്ള മാനദണ്ഡങ്ങൾ 1933-ലെ അന്താരാഷ്ട്ര ഉടമ്പടിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
അതിൽ നാല് ഘടകങ്ങൾ ഉൾപ്പെടുന്നു: സ്ഥിരമായ ജനസംഖ്യ, നിർവചിക്കപ്പെട്ട അതിർത്തികൾ, ഒരു സർക്കാർ, അന്താരാഷ്ട്ര കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവ്.
ഒരു രാഷ്ട്രമാകാൻ ആഗ്രഹിക്കുന്ന പ്രദേശം ഈ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് അംഗീകരിക്കുന്നതാണ് സ്വതന്ത്ര രാഷ്ട്ര അംഗീകാരം. അതിർത്തി തർക്കമുണ്ടെങ്കിലും അത് രാഷ്ട്ര പദവിക്ക് തടസ്സമല്ല.
എല്ലാ നിയമപരമായ കാര്യങ്ങളിലും സംഭവിക്കുന്നതുപോലെ ഇവിടെയും വ്യാഖ്യാനങ്ങൾക്ക് പ്രാധാന്യമുണ്ടെന്ന് നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ നിയമ, അന്താരാഷ്ട്ര കാര്യ പ്രൊഫസർ സിനായിഡ മില്ലർ പറയുന്നു. പലസ്തീനെ സംബന്ധിച്ച് സ്ഥിരമായ ജനസംഖ്യയുണ്ട്. അതേസമയം സ്വന്തമായി തലസ്ഥാനമോ സൈന്യമോ ഇല്ല.
പലസ്തീൻ അതോറിറ്റിയാണ് വെസ്റ്റ് ബാങ്കിലെ ചില ഭാഗങ്ങളിൽ ഭരണം നടത്തുന്നത്. പലസ്തീനികളെ അന്താരാഷ്ട്ര തലത്തിൽ പ്രതിനിധീകരിക്കുന്ന പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനാണ് ഇതിന്റെ രൂപീകരണത്തിന് അധികാരം നൽകിയത്.
വെസ്റ്റ് ബാങ്കിലെ ഇസ്രയേൽ അധിനിവേശവും ഗാസയിലെ ഹമാസിന്റെ നിയന്ത്രണവും കണക്കിലെടുക്കുമ്പോൾ പലസ്തീൻ അതോറിറ്റിക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾക്ക് പരിമിതികളുണ്ട്. പലസ്തീനെ മറ്റ് രാജ്യങ്ങൾ അംഗീകരിക്കുന്നത്, അതോറിറ്റിയും അംഗീകരിക്കുന്ന രാജ്യവും തമ്മിൽ നേരിട്ടുള്ള നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതിന് വഴിയൊരുക്കും.
രാഷ്ട്ര പദവി അംഗീകാരം നയതന്ത്രപരവും രാഷ്ട്രീയപരവുമായ ചില സന്ദേശങ്ങളും നൽകുന്നു. ഇത് പലസ്തീൻകാരുടെ സ്വയം നിർണയാവകാശത്തെ അംഗീകരിക്കുകയും ആ അവകാശത്തെ തകർക്കുന്ന ഇസ്രയേൽ സർക്കാരിന്റെ നിലപാടുകളെയും നടപടികളെയും നിരാകരിക്കുകയും ചെയ്യുന്നു.
പലസ്തീന്റെ രാഷ്ട്ര പദവി അംഗീകരിക്കുന്നതിലൂടെ സംഭവിക്കുന്ന പ്രധാന മാറ്റം ഇസ്രയേലുമായുള്ള ഉഭയകക്ഷി ബന്ധങ്ങളുടെ പുനരവലോകനത്തിന് കാരണമാകുന്നു എന്നതാണെന്ന് ഒന്റാറിയോയിലെ ക്വീൻസ് യൂണിവേഴ്സിറ്റി ഫാക്കൽറ്റി ഓഫ് ലോയിലെ അസോസിയേറ്റ് പ്രൊഫസറും മുൻ ഐക്യരാഷ്ട്രസഭ ഉദ്യോഗസ്ഥനുമായ അർദി ഇംസീസ് പറയുന്നു. പലസ്തീനെ അംഗീകരിക്കുന്ന ഒരു രാജ്യം, പലസ്തീൻ രാഷ്ട്രത്തോടുള്ള തങ്ങളുടെ ബാധ്യതകളെ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഇസ്രയേലുമായുള്ള കരാറുകൾ പുനരവലോകനം ചെയ്യേണ്ടിവരും.
സാമ്പത്തിക, സാംസ്കാരിക, സാമൂഹിക, പൗരബന്ധങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുമെന്ന് അദ്ദേഹം പറയുന്നു. ഇസ്രയേലുമായുള്ള വ്യാപാര കരാറുകൾ പലസ്തീൻ രാഷ്ട്രത്തിന്റെ അവകാശങ്ങളെ ലംഘിച്ച് ഇസ്രയേലിനെ സഹായിക്കുന്നതാണെങ്കിൽ അത് നിർത്തലാക്കേണ്ടി വരും.
അതേസമയം പലസ്തീനെ അംഗീകരിക്കുന്ന രാജ്യം ഇസ്രയേലുമായുള്ള എല്ലാ ഇടപാടുകളും നിർത്തണമെന്നല്ല ഇതിനർത്ഥമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ പലസ്തീന് വേണ്ടി വാദിക്കുന്ന അഭിഭാഷകനായ പോൾ റീച്ച്ലർ പറയുന്നു. ഉദാഹരണത്തിന് പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്ന ഒരു രാജ്യം അധിനിവേശ പ്രദേശങ്ങളിലെ കുടിയേറ്റക്കാരുടെ തോട്ടങ്ങളിൽ നിന്നുള്ള കാർഷിക ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുകയാണെങ്കിൽ, അത് ശരിയല്ലെന്ന് അദ്ദേഹം പറയുന്നു.
യുഎന്നിലെ ഭൂരിപക്ഷം പലസ്തീനൊപ്പം ഐക്യരാഷ്ട്രസഭയിലെ 193 രാജ്യങ്ങളിൽ 157 രാജ്യങ്ങൾ പലസ്തീൻറെ രാഷ്ട്രപദവി അംഗീകരിച്ചിട്ടുണ്ട്. ജൂലൈ അവസാനം മുതൽ യുഎസ് സഖ്യകക്ഷികളായ രാജ്യങ്ങൾ ഉൾപ്പെടെ പലസ്തീനെ അംഗീകരിച്ചു.
ഫ്രാൻസ്, ബ്രിട്ടൻ, കാനഡ, ഓസ്ട്രേലിയ, ബെൽജിയം, പോച്ചുഗൽ, ലക്സംബർഗ്, മാൾട്ട, മൊണോകോ, അൻഡോറ തുടങ്ങിയ രാജ്യങ്ങളാണ് ഏറ്റവും ഒടുവിൽ പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചത്. ബ്രിട്ടനും ഫ്രാൻസിനും ഇവിടെ പ്രത്യേക പ്രാധാന്യമുണ്ട്.
കാരണം അവ ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളാണ്. പുതിയ അംഗരാജ്യങ്ങളെ പ്രവേശിപ്പിക്കുന്നത് ഉൾപ്പെടെയുള്ള ഏതൊരു പ്രധാനപ്പെട്ട
പ്രമേയത്തെയും വീറ്റോ ചെയ്യാനുള്ള അധികാരം അവർക്കുണ്ട്. പലസ്തീൻ രാഷ്ട്രത്തിന് നിലവിൽ യുഎന്നിൽ നിരീക്ഷണ പദവിയാണുള്ളത്.
പൂർണ അംഗത്വത്തോടുള്ള അമേരിക്കയുടെ എതിർപ്പ് നിലനിൽക്കുന്നിടത്തോളം കാലം അതിന് മാറ്റമുണ്ടാകില്ല. ചില രാജ്യങ്ങൾ പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്നതിന് വ്യവസ്ഥകൾ വെച്ചിട്ടുണ്ട്.
ബന്ദികളെ വിട്ടയക്കുന്നതിനെയും ഹമാസിന് പലസ്തീനിൽ ഭരണം നടത്തുന്നതിൽ ഇനി ഒരു പങ്കും ഇല്ലാതിരിക്കുന്നതിനെയും ആശ്രയിച്ചിരിക്കും ബെൽജിയത്തിന്റെ അംഗീകാരമെന്ന് രാജ്യത്തിന്റെ വിദേശകാര്യ മന്ത്രി മാക്സിം പ്രെവോട്ട് പറഞ്ഞു. കാനഡ തങ്ങളുടെ അംഗീകാരം പ്രഖ്യാപിച്ച പ്രസ്താവനയിൽ ഗാസയിലും വെസ്റ്റ് ബാങ്കിലുമുള്ള ഇസ്രയേൽ സർക്കാരിന്റെ നടപടികൾ എടുത്തുപറഞ്ഞു.
പലസ്തീനും ഇസ്രയേലിനും സമാധാനപരമായ ഭാവി കെട്ടിപ്പടുക്കുന്നതിൽ കാനഡയുടെ പങ്കാളിത്തം വാഗ്ദാനം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പ്രസ്താവനയിൽ പറഞ്ഞു. പലസ്തീൻ രാഷ്ട്ര പദവിയുടെ പ്രഖ്യാപനങ്ങൾ പ്രതീകാത്മകമായി തോന്നാമെങ്കിലും, അംഗീകാരം പോലുള്ള ചെറിയ നടപടികൾ ദ്വിരാഷ്ട്രം എന്ന ലക്ഷ്യത്തിന് സഹായകരമാകുമെന്ന് വിദഗ്ധർ പറയുന്നു.
നോർവേയെപ്പോലെ ചില രാജ്യങ്ങൾ ചർച്ചയിലൂടെ രാജ്യം ഉയർന്നുവരുമെന്ന വിശ്വാസത്തിൽ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നത് വൈകിപ്പിച്ചിരുന്നു. ആ സാധ്യത മങ്ങുകയും ഇസ്രയേലിന്റെ നയങ്ങളോടുള്ള രോഷം വർദ്ധിക്കുകയും ചെയ്തതോടെ, ചില രാജ്യങ്ങൾ സമാധാന പ്രക്രിയയിലേക്ക് നയിക്കുമെന്ന പ്രതീക്ഷയിൽ രാഷ്ട്ര അംഗീകാരത്തിന് മുന്നോട്ടുവന്നു.
അതേസമയം പലസ്തീൻ രാഷ്ട്രമായാൽ ഇസ്രയേലിന്റെ സുരക്ഷയ്ക്ക് അപകടമുണ്ടാക്കുമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻറെ വാദം. നെതന്യാഹുവിൻറെ സഖ്യത്തിൽ പലസ്തീനെ ശക്തമായി എതിർക്കുന്ന തീവ്ര വലതുപക്ഷ മന്ത്രിമാർ ഉൾപ്പെടുന്നു.
അതും നെതന്യാവിൻറെ ഭാവി നിലപാടുകളെ സ്വാധീനിച്ചേക്കാമെന്ന് വിലയിരുത്തപ്പെടുന്നു. ട്രംപിൻറെ സമാധാന പദ്ധതി ഭാഗികമായി അംഗീകരിച്ച് ഹമാസ് അതേസമയം ഗാസയിൽ ഡോണൾഡ് ട്രംപ് അവതരിപ്പിച്ച സമാധാന പദ്ധതി ഭാഗികമായി അംഗീകരിച്ചിരിക്കുകയാണ് ഹമാസ്.
മുഴുവൻ ബന്ദികളെയും കൈമാറാമെന്നും പകരം യുദ്ധമവസാനിപ്പിച്ച് ഇസ്രയേൽ പൂർണമായി പിൻവാങ്ങണമെന്നുമാണ് ഹമാസ് നിലപാടറിയിച്ചിരിക്കുന്നത്. ഗാസയിൽ നിന്നും ജനങ്ങളിൽ നിന്നും വിട്ടുപോകില്ലെന്ന വ്യക്തമായ സൂചനകളോടെയാണ് തങ്ങളുടെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യുന്ന പദ്ധതിയോട്, ഹമാസ് നിലപാടറിയിച്ചിരിക്കുന്നത്.
ഇസ്രയേൽ യുദ്ധമവസാനിപ്പിക്കുകയും പിൻവാങ്ങുകയും ചെയ്യാൻ തയ്യാറായാൽ മുഴുവൻ ബന്ദികളെയും കൈമാറുമെന്ന് ഹമാസ് അറിയിച്ചു. ഇതോടെ ഉടൻ വെടിനിർത്തലിന് സാധ്യതയേറി.
ഗാസയിൽ പകരം ആലോചിക്കുന്ന ഇടക്കാല ഭരണ സമിതിയുടെ കാര്യത്തിൽ ചില വ്യക്തത ഹമാസ് വരുത്തുന്നു. പലസ്തീനികളുടെ അംഗീകാരവും അറബ് – ഇസ്ലാമിക് രാഷ്ട്രങ്ങളുടെ പിന്തുണയുമുള്ള സ്വതന്ത്ര പലസ്തീൻ സമിതി ഇടക്കാല ഭരണത്തിൽ വരട്ടെയെന്നാണ് നിലപാട്.
പലസ്തീൻ രാഷ്ട്രമെന്ന ചട്ടക്കൂടിനുള്ളിൽ നിന്ന് ഗാസയുടെ ഭാവി സംബന്ധിച്ച ചർച്ചകളിൽ ഹമാസ് കൂടി ഭാഗമായിരിക്കുമെന്നും പ്രസ്താവനയിലുണ്ട്. ആയുധം താഴെ വെക്കുന്നതിനെ കുറിച്ച് പരാമർശമില്ല.
പ്രസ്താവന അതേപടിയാണ് ഡോണൾഡ് ട്രംപ് ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിൽ പങ്കുവെച്ചത്. ഇസ്രയേലിൻറെയും ഹമാസിൻറെയും പ്രതിനിധി സംഘങ്ങൾ ഈജിപ്തിലെ കെയ്റോയിൽ നടത്താനിരിക്കുന്ന ചർച്ച നിർണായകമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]