ബെംഗളൂരു: കർണാടകയിൽ നടക്കുന്ന ജാതി സെൻസസിൽ അനാവശ്യമായതും വ്യക്തിപരമായതുമായ ചോദ്യങ്ങൾ ഒഴിവാക്കണമെന്ന് എന്യൂമറേറ്റർമാർക്ക് നിർദേശം നൽകി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ.
ബെംഗളൂരു നഗരപരിധിയിൽ ഇന്നലെ സർവേ ആരംഭിച്ചിരുന്നു. സെൻസസിന്റെ ഭാഗമായി ഉദ്യോഗസ്ഥർ ഉപമുഖ്യമന്ത്രിയുടെ വീട് സന്ദർശിച്ചു.
സെൻസസിനിടെ ശിവകുമാർ ചില വിവരങ്ങൾ നൽകില്ലെന്ന് എന്യൂമറേറ്റർമാരോട് പറഞ്ഞു. തന്റെ കൈവശമുള്ള ആഭരണങ്ങൾ ഉൾപ്പെടെയുള്ള ചോദ്യങ്ങൾക്ക് മറുപടിയില്ലെന്നും വ്യക്തിപരമായ ചോദ്യങ്ങൾ ചോദിക്കുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞു.
ആളുകൾക്ക് എത്ര കോഴികൾ, ആടുകൾ, സ്വർണാഭരണം, വാച്ചുകൾ, അല്ലെങ്കിൽ മറ്റ് സ്വകാര്യ വസ്തുക്കൾ എന്നിവയുണ്ട് എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ചോദിക്കരുതെന്ന് ഞാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ട്. വ്യക്തിപരമായ ചോദ്യങ്ങൾ ഒഴിവാക്കാനും ഞാൻ അവരോട് പറഞ്ഞിട്ടുണ്ട്.
അവർ എങ്ങനെയാണ് സർവേ നടത്തുന്നതെന്ന് നമുക്ക് നോക്കാം. ആർക്കും എതിർപ്പുണ്ടാകാൻ തരമില്ല.
മുൻ സർവേയിൽ പലരും എതിർപ്പ് ഉന്നയിച്ചിരുന്നു. അതുകൊണ്ടാണ് പുതിയത് നടത്താൻ തീരുമാനിച്ചത്.
എല്ലാവരും പങ്കെടുക്കണമെന്നും ശിവകുമാർ ഇന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതേസമയം, ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ വിസ്സമ്മതിച്ച ഉപമുഖ്യമന്ത്രിയെ വിമർശിച്ച് പ്രതിപക്ഷം രംഗത്തെത്തി. സർക്കാരിന്റെ ആശയക്കുഴപ്പവും ആസൂത്രണം ഇല്ലായ്മയുടെയും തെളിവാണ് ശിവകുമാർ തന്നെ ചില ഉത്തരങ്ങൾ നൽകാൻ വിസ്സമ്മതിച്ചതെന്ന് ബിജെപിയും ജെഡിഎസും ചൂണ്ടിക്കാട്ടി.
ഡി കെ ശിവകുമാറിന്റെ പ്രതികരണം നോക്കുമ്പോൾ, സാമൂഹികവും വിദ്യാഭ്യാസപരവുമായ സർവേയുടെ പേരിൽ നടത്തുന്ന ജാതി സെൻസസ് ദിവസം തോറും ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ടെന്ന് വ്യക്തമാണ്. ആളുകളോട് ഏകദേശം 60 ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്.
ഇത് സമൂഹങ്ങളിലുടനീളം അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ടെന്ന് സംസ്ഥാന ബിജെപി മേധാവി ബി വൈ വിജയേന്ദ്ര മൈസൂരുവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മതിയായ തയ്യാറെടുപ്പുകളില്ലാതെയാണ് സർക്കാർ തിടുക്കത്തിൽ സർവേ ആരംഭിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.
ഭിന്നശേഷിക്കാരായ ആളുകളെ എന്യൂമറേറ്റർ ജോലികളിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ചും വിമർശനങ്ങൾ ഉയർന്നു. സർക്കാരും മുഖ്യമന്ത്രിയും എന്തിനാണ് ഇത്ര തിടുക്കം കാണിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല.
കോൺഗ്രസിൽ നേതൃമാറ്റമുണ്ടാകുമെന്ന് ചർച്ചകൾ നടക്കുന്നുണ്ട്, ഈ സർവേയ്ക്ക് അതുമായി എന്തെങ്കിലും രാഷ്ട്രീയ ബന്ധമുണ്ടോ എന്ന് ആളുകൾ സംശയിക്കുമെന്ന് വിജയേന്ദ്ര പറഞ്ഞു. സാമൂഹിക, വിദ്യാഭ്യാസ, സാമ്പത്തിക നീതി ലക്ഷ്യമിട്ടുള്ള ശ്രമങ്ങളെ ബിജെപി പിന്തുണയ്ക്കുന്നുണ്ടെങ്കിലും സർവേയുടെ സമയക്രമത്തെയും രീതിയെയും വിമർശിക്കുമെന്ന് വിജയേന്ദ്ര പറഞ്ഞു. വരാനിരിക്കുന്ന ദേശീയ സെൻസസിൽ ജാതി കണക്കെടുപ്പ് ഉൾപ്പെടുത്താനുള്ള ചരിത്രപരമായ തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു.
അതിനിടയിൽ നമ്മുടെ സംസ്ഥാനത്ത് ഇത്തരമൊരു ആശയക്കുഴപ്പം സൃഷ്ടിക്കേണ്ട ആവശ്യമില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർണാടക സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ നടത്തുന്ന സാമൂഹിക-സാമ്പത്തിക സർവേ സെപ്റ്റംബർ 22 ന് ആരംഭിച്ച് ഒക്ടോബർ 7 വരെ തുടരും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]