
ചെന്നൈ: സ്കൂൾ കാലം മുതലുള്ള ഉറ്റചങ്ങാതിക്കൊപ്പം കോളേജിലേക്ക് മടങ്ങുന്നതിനിടെ റോഡ് അപകടത്തിൽ 20കാരി കൊല്ലപ്പെട്ടു. പിന്നാലെ ബസിന് മുൻപിൽ ചാടിയ ഉറ്റസുഹൃത്തും മരിച്ചു. തമിഴ്നാട്ടിലെ ഈസ്റ്റ് കോസ്റ്റ് റോഡിൽ ശനിയാഴ്ചയാണ് മിനിറ്റുകൾക്കുള്ളിൽ രണ്ട് പേർ മരിച്ചത്.
മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളാണ് മരിച്ച രണ്ട് പേരും. ഉതിരമേരൂർ സ്വദേശിയായ എസ് യോഗേശ്വരൻ, മധുരാന്തകം സ്വദേശിയായ ഇ സബ്രിന എന്നിവരാണ് ശനിയാഴ്ച റോഡ് അപകടത്തിൽപ്പെട്ടത്. ഈസ്റ്റ് കോസ്റ്റ് റോഡിൽ ചെങ്കൽപേട്ടിലെ കോളേജിലേക്ക് പോവുകയായിരുന്ന ഇവരുടെ ബൈക്കിൽ പുതുച്ചേരി റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിന് പിന്നിലിരുന്ന സബ്രിന ബസിന്റെ ടയറിന് അടിയിലേക്ക് വീഴുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന യോഗേശ്വരനും തെറിച്ച് വീണ് പരിക്കേൽക്കുകയായിരുന്നു.
പരിക്കേറ്റെങ്കിലും വീണിടത്ത് നിന്ന് എഴുന്നേറ്റ യുവാവ് യുവതിയെ ഒരു ഓട്ടോയിൽ കയറ്റി 500 മീറ്റർ അകലെയുള്ള ആശുപത്രിയിലെത്തിച്ചു. സബ്രിന രക്ഷപ്പെടുമെന്ന ധാരണയായിരുന്നു യുവാവിനുണ്ടായിരുന്നത്. എന്നാൽ ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ യുവതിയെ പരിശോധിച്ച ഡോക്ടർമാർ യുവതി മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. വിവരം ബന്ധുക്കളെ അറിയിക്കുന്ന കാര്യം സംസാരിക്കുന്നതിനിടയിൽ യുവാവ് ആശുപത്രിയിൽ നിന്ന് ഇറങ്ങി റോഡിലേക്ക് എത്തി ഇതുവഴി വന്ന ബസിന് മുന്നിലേക്ക് ചാടുകയായിരുന്നു.
ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവ സ്ഥലത്ത് വച്ച് മരിച്ചു. സ്കൂൾ കാലം മുതൽ ഒരുമിച്ച് പഠിച്ചിരുന്നവരാണ് ഇവരെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഒരേ എൻജിനിയറിംഗ് കോളേജിൽ വ്യത്യസ്ത വിഷയമായിരുന്നു ഇരുവരും പഠിച്ചിരുന്നത്. സംഭവത്തിൽ രണ്ട് ബസിലേയും ഡ്രൈവർമാർക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി മാമല്ലപുരം ആശുപത്രിയിലേക്ക് മാറ്റി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]