
.news-body p a {width: auto;float: none;}
സ്വന്തം തൊഴിൽ മേഖലയോട് നൂറ് ശതമാനവും നീതി പുലർത്തി സമൂഹത്തിന് മാതൃകയാവുകയാണ് കണ്ണൂരുകാരനായ വിവേകാനന്ദൻ. കണ്ണൂർ ഇരിട്ടി സ്വദേശിയായ എം വിവേകാനന്ദൻ ഓട്ടോമൊബൈൽ ഇൻസ്ട്രക്ടറാണ്. വിവേകാനന്ദൻ തന്റെ ഒഴിവ് സമയങ്ങളിൽ ചെയ്യുന്നത് പാതയോരങ്ങളിലെ സൈൻ ബോർഡുകളും ട്രാഫിക് സിഗ്നലുകളും, സിസിടിവി ക്യാമറകളും വൃത്തിയാക്കലും. വളരെ വ്യത്യസ്തമായ നന്മ പ്രവൃത്തിയിലൂടെ സമൂഹമാദ്ധ്യമങ്ങളിൽ അടക്കം കയ്യടി നേടുകയാണ് ഈ ഇരുപത്തിയഞ്ചുകാരൻ.
കണ്ണൂർ ശ്രീകണ്ഠാപുരം മേരിഗിരി വെൽഫെയർ സെന്റർ പ്രൈവറ്റ് ഐടിഐയിലെ അദ്ധ്യാപകനാണ് വിവേകാനന്ദൻ. ജോലി സ്ഥലത്തേയ്ക്കുള്ള യാത്രകൾക്കിടെ അഴുക്കും ചെളിയും പുരണ്ട് കാട്ടുച്ചെടികളും മറ്റും പടർന്നുകയറി കാഴ്ച മറയ്ക്കുന്ന തരത്തിലെ ദിശാ ബോർഡുകൾ വിവേകാനന്ദന്റെ ശ്രദ്ധയിൽപ്പെടുമായിരുന്നു. തന്റെ വിദ്യാർത്ഥികൾക്ക് ചൊല്ലിക്കൊടുന്ന പാഠങ്ങൾ തന്നെ പ്രാവർത്തികമാക്കാൻ തുടർന്ന് വിവേകാനന്ദൻ തീരുമാനിച്ചു. ദിശാ ബോർഡുകൾ അഥവാ സൈൻ ബോർഡുകൾ ശരിയായ വിധത്തിൽ കാണാനാവുന്നില്ലെങ്കിൽ അവ എത്രത്തോളം അപകടങ്ങൾക്ക് കാരണമാവുമെന്ന് ഓട്ടോ മൊബൈൽ ഇൻസ്ട്രക്ടറായ വിവേകാനന്ദന് അറിയാം. അങ്ങനെയാണ് വൃത്തിഹീനമായ സൈൻ ബോർഡുകൾ നോക്കിവയ്ക്കാൻ തുടങ്ങുന്നത്. ശേഷം ഒഴിവുസമയങ്ങളിൽ തിരികെയെത്തി കാടുവെട്ടിത്തളിക്കുകയും ബോർഡ് വൃത്തിയാക്കുകയും ചെയ്യുന്നു.
View this post on Instagram
കഴിഞ്ഞ ഏപ്രിൽ മുതലാണ് സൈൻ ബോർഡ് വൃത്തിയാക്കൽ പതിവായി ചെയ്യാൻ തുടങ്ങിയതെന്ന് വിവേകാനന്ദൻ പറയുന്നു. ഇപ്പോൾ ഇരിട്ടി, തളിപ്പറമ്പ്, ശ്രീകണ്ഠാപുരം പ്രദേശങ്ങളിലായി അറുപതിലധികം സൈൻ ബോർഡുകൾ വൃത്തിയാക്കി. രണ്ടുവർഷം മുൻപാണ് ആദ്യമായി സൈൻ ബോർഡ് വൃത്തിയാക്കിയതെന്ന് വിവേകാനന്ദൻ പറഞ്ഞു. ശേഷം ഒരിക്കൽ ഇത്തരത്തിൽ ബോർഡ് വൃത്തിയാക്കുന്നതിനിടെ ഇതിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചുകൂടേയെന്ന് ഒരു കൂട്ടുകാരൻ ചോദിച്ചു. അങ്ങനെയാണ് മറ്റുള്ളവർക്കും പ്രചോദനമാകട്ടേയെന്ന് കരുതി സൈൻ ബോർഡുകളും മറ്റും വൃത്തിയാക്കുന്നതിന്റെ വീഡിയോകൾ വിവേകാനന്ദൻ വ്ളോഗ്സ് എന്ന ഇൻസ്റ്റഗ്രാം പേജിലും യുട്യൂബ് പേജിലും പങ്കുവയ്ക്കുന്നത്. വീഡിയോകൾക്ക് മികച്ച പ്രതികരണങ്ങളും അഭിനന്ദനങ്ങളും ലഭിച്ചത് കൂടുതൽ പ്രചോദനമായി.
View this post on Instagram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തന്റെ വീഡിയോകൾ കണ്ടിട്ട് പഠിപ്പിക്കുന്ന വിദ്യാർത്ഥികളും സൈൻ ബോർഡുകൾ വൃത്തിയാക്കാറുണ്ടെന്നും സാറാണ് പ്രചോദനമെന്ന് പറയുമെന്നും വിവേകാനന്ദൻ പറയുന്നു. ബോർഡുകൾ വൃത്തിയാക്കാൻ വലിയ ചെലവൊന്നും വരാറില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു ഷാമ്പൂവും വെള്ളവും കത്തിയും മാത്രമേ ആവശ്യമായി വരാറുള്ളൂ. അധികം പത്തോ പതിനഞ്ചോ മിനിട്ടിലധികം സമയവും വേണ്ടിവരാറില്ല. ചില സമയങ്ങളിൽ സുഹൃത്തുക്കളും സഹായിക്കാറുണ്ടെന്ന് വിവേകാനന്ദൻ പറഞ്ഞു. സൈൻ ബോർഡുകൾ വൃത്തിയാക്കുന്നതിന്റെ ദൃശ്യങ്ങൾ പങ്കുവച്ചതിനുശേഷം ഇൻസ്റ്റഗ്രാമിലും യുട്യൂബിലും ഫോളോവേഴ്സ് കൂടിയെന്നും അദ്ദേഹം പങ്കുവച്ചു.
View this post on Instagram
ശ്രീകണ്ഠാപുരം കോട്ടൂർ ഐടിഐയിൽ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് പൂർത്തിയാക്കിയതിനുശേഷം വിവേകാനന്ദൻ ഫോക്സ്വാഗൺ കമ്പനിയിൽ ജോലി ചെയ്തു. അതിനുശേഷം പഠിച്ച കോളേജിൽ തന്നെ അദ്ധ്യാപകനായി. അതിനുശേഷമാണ് മേരിഗിരി ഐടിഐയിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിക്കുന്നത്. കോളേജിലും തന്റെ പ്രവർത്തനങ്ങൾക്ക് മികച്ച പ്രതികരണങ്ങളും അഭിനന്ദനങ്ങളും ലഭിക്കാറുണ്ടെന്ന് വിവേകാനന്ദൻ പറഞ്ഞു. സൈൻ ബോർഡുകളും ട്രാഫിക് ലൈറ്റുകളും വൃത്തിയാക്കുന്നതിലൂടെ ഒരു അപകടമെങ്കിലും ഒഴിവാക്കാനാവുന്നതിന്റെ ചാരിതാർത്ഥ്യമാണ് തനിക്ക് ഏറ്റവും വലിതെന്നും വിവേകാനന്ദൻ മനസുതുറന്നു. വിവേകാനന്ദന്റെ നന്മപ്രവൃത്തിക്ക് പൂർണ പിന്തുണയുമായി പിതാവ് മുരുകനും മാതാവ് രാജലക്ഷ്മിയും സഹോദരി വിന്ദ്യയും ഒപ്പമുണ്ട്.