
.news-body p a {width: auto;float: none;}
കൊച്ചി: ആഗോള സാമ്പത്തിക മേഖലയ്ക്ക് കടുത്ത വെല്ലുവിളി സൃഷ്ടിച്ച് രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുതിച്ചുയരുന്നു. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങൾ ആരംഭിച്ചതിന് ശേഷം ഒരു വർഷമായി സ്ഥിരതയിലായിരുന്ന ക്രൂഡ് വില ഇറാനും ഇസ്രയേലും യുദ്ധത്തിലേക്ക് നീങ്ങിയതോടെ ബാരലിന് 78ഡോളറിലെത്തിയിരിക്കുകയാണ്. പുതിയ സാഹചര്യത്തിൽ ഇറാന്റെ എണ്ണപ്പാടങ്ങളിൽ ഇസ്രയേൽ ആക്രമിക്കുമെന്ന ആശങ്ക ശക്തമാണ്. ലോകത്തിലെ പ്രധാന എണ്ണ ഉത്പാദകരായ ഇറാനെതിരെയുള്ള ആക്രമണം ക്രൂഡിന്റെ സപ്ളൈ ശ്യംഖലയിൽ വിള്ളൽ വീഴ്ത്തും. ഇതോടെ എണ്ണ വില ബാരലിന് നൂറ് ഡോളർ കടക്കുമെന്ന് പ്രമുഖ അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു.
നാണയപ്പെരുപ്പ ഭീഷണിയിൽ നിന്ന് പുറത്ത് വരുന്ന ആഗോള സാമ്പത്തിക മേഖലയ്ക്ക് എണ്ണ വില വർദ്ധന വലിയ വെല്ലുവിളിയാകും. വ്യാവസായിക മേഖലയിൽ ഉത്പാദന ചെലവ് കൂടാനും ഉപഭോഗത്തിൽ ഇടിവുണ്ടാക്കാനും ഇതോടെ സാദ്ധ്യതയേറെയാണ്. അമേരിക്കയും യൂറോപ്പും ഉൾപ്പെടെയുള്ള സാമ്പത്തിക മേഖലകൾ അതിരൂക്ഷമായ മാന്ദ്യത്തിലേക്ക് മൂക്കുകുത്താനും എണ്ണ വിലയിലെ കുതിപ്പ് കാരണമാകും. വിലക്കയറ്റം രൂക്ഷമായാൽ പലിശ നിരക്ക് കുറച്ച് സാമ്പത്തിക മേഖലയ്ക്ക് ഉണർവ് സൃഷ്ടിക്കാൻ കേന്ദ്ര ബാങ്കുകൾക്ക് സാധിക്കില്ല.
വായ്പാ പലിശ വെല്ലുവിളി
ആഗോള മാന്ദ്യം കണക്കിലെടുത്ത് അമേരിക്ക, യൂറോപ്പ്, വിവിധ ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ കേന്ദ്ര ബാങ്കുകൾ വരും മാസങ്ങളിൽ പലിശ നിരക്കിൽ ഗണ്യമായി കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് ലോക വിപണികൾ കഴിഞ്ഞ മാസങ്ങളിൽ മികച്ച മുന്നേറ്റം നടത്തിയത്. എന്നാൽ എണ്ണവില കൂടുന്നതോടെ പലിശ കുറയ്ക്കാനുള്ള നടപടികൾ മരവിപ്പിക്കാൻ കേന്ദ്ര ബാങ്കുകൾ നിർബന്ധിതരാകും.
ക്രൂഡിന് 20 ഡോളർ കൂടുമെന്ന് ഗോൾഡ്മാൻ സാക്ക്സ്
ഇറാനിലെ എണ്ണപ്പാടങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തിയാൽ രാജ്യാന്തര ക്രൂഡോയിൽ വില ബാരലിന് 20 ഡോളർ വരെ കൂടുമെന്ന് ആഗോള ധനകാര്യ ഗവേഷണ സ്ഥാപനമായ ഗോൾഡ്മാൻ സാക്ക്സ് വ്യക്തമാക്കി. കഴിഞ്ഞ വർഷം പശ്ചിമേഷ്യൻ സംഘർഷം തുടങ്ങിയതിന് ശേഷം വിതരണത്തിൽ തടസങ്ങളില്ലാതിരുന്നതും ചൈനയിലെ ഉപഭോഗം കുറഞ്ഞതും മൂലം എണ്ണ വിലയിൽ കാര്യമായ വർദ്ധന ഉണ്ടായില്ല. എന്നാൽ പുതിയ സാഹചര്യത്തിൽ വിലയിൽ കുതിപ്പിന് സാദ്ധ്യതയേറെയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇറാന്റെ എണ്ണ ഉത്പാദനം
പ്രതിദിനം 40 ലക്ഷം ബാരൽ
നിലവിലെ വില ബാരലിന് 78 ഡോളർ