
കഴിഞ്ഞ തിങ്കളാഴ്ച തമിഴ്നാട്ടലെ തിരുനെല്‍വേലിക്ക് സമീപത്തെ നെല്ലായപ്പാർ ക്ഷേത്രത്തിന് സമീപമുള്ള ഫാൻസി സ്റ്റോറിന്റെ ഗോഡൗണിൽ ജോലി ചെയ്തിരുന്ന പതിനെട്ടുകാരിയായ പട്ടികജാതി പെൺകുട്ടിയെ കൊലപ്പെടുത്തിയ പതിനേഴുകാരനെ തെളിവെടുപ്പിനായി കൊണ്ടു പോകുന്നതിനിടെ സബ് ഇൻസ്പെക്ടർ എടുത്ത സെല്‍ഫി വൈറല്‍. തമിഴ്നാട്ടില്‍ ഏറെ ചര്‍ച്ചയായ കൊലപാതകത്തില്‍, കൗമാരക്കാരനായ പ്രതിയുടെ പ്രണയാഭ്യര്‍ത്ഥന പെണ്‍കുട്ടി നിരസിച്ചതാണ് കൊലയ്ക്ക് കാരണമായതായി പറയുന്നത്. ഫാൻസി സ്റ്റോറിന്റെ ഗോഡൗണിൽ ജോലി ചെയ്തിരുന്ന പെൺകുട്ടിയെ പതിനേഴുകാരൻ തിങ്കളാഴ്ച ഉച്ചയ്ക്ക് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കൊലപ്പെടുത്തിയ കേസിൽ പിടിയിലായ പ്രായപൂർത്തിയാകാത്ത പ്രതിയും പോലീസും തമ്മിലുള്ള വീഡിയോ സംഭാഷണം ചോർത്തിയെന്ന പരാതിയിൽ പോലീസ് കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് പ്രതിക്കൊപ്പമുള്ള സബ് ഇൻസ്പെക്ടറുടെ സെൽഫി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. പ്രതിയുമായി വീഡിയോ കോള്‍ നടത്തിയ ഗ്രേഡ്-1 കോൺസ്റ്റബിൾ ജെബമണിയെ സസ്പെൻഡ് ചെയ്തതായി തിരുനെൽവേലി റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് പർവേഷ് കുമാർ അറിയിച്ചു, വീഡിയോ ആന്തരിക ആവശ്യങ്ങൾക്ക് വേണ്ടി മാത്രമാണ് എടുത്തതെന്നാണ് കോണ്‍സ്റ്റബിള്‍ പറഞ്ഞത്. പ്രതിയെ തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെയായിരുന്നു വീഡിയോ ചിത്രീകരണവും സെല്‍ഫി പകര്‍ത്തലും നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത പ്രതിക്കൊപ്പം സബ് ഇന്‍സ്പെക്ടര്‍ ശക്തി നടരാജനും മറ്റൊരു കോണ്‍സ്റ്റബിളുമാണ് സെല്‍ഫി എടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുവാവിനെ പോലീസ് ആശ്വസിപ്പിക്കുന്നതും ശരീരത്തിലേറ്റ മുറിവുകൾ പരിശോധിക്കുന്നതും വീഡിയോയിൽ കാണാം.
അന്വേഷണത്തിനെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മയെ പോലീസിന് അനുകൂലമായി സംസാരിക്കാൻ ഭീഷണിപ്പെടുത്തിയെന്നും ഇതിനിടെ ആരോപണം ഉയര്‍ന്നു. വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ ശക്തി നടരാജന് തന്നെയാണ് പുറത്ത് വിട്ടത്. കൊലപാതകിയായ കൗമാരക്കാരന് ഉയര്‍ന്ന ജാതിയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രതിയെ സംരക്ഷിക്കാനുള്ള ശ്രമമാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും ഇതിനിടെ ആരോപണങ്ങള്‍ ഉയര്‍ന്നു. അംബാസമുദ്രം ഡിവിഷനിൽ നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കസ്റ്റഡി പീഡനത്തെ തുടര്‍ന്ന് സ്ഥലം മാറ്റ നടപടിക്ക് വിധേയനായ ആളാണ് സബ് ഇൻസ്പെക്ടര്‍ ശക്തി നടരാജന്. വിവാദ സെല്‍ഫിയുടെ പേരില്‍ ശക്തി നടരാജനെതിരെ നടപടി ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Last Updated Oct 6, 2023, 1:29 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]