
പ്രമേഹം നമുക്കറിയാം, ഒരു ജീവിതശൈലീരോഗമാണ്. എന്നാല്‍ മുൻകാലങ്ങളെ അപേക്ഷിച്ച് പ്രമേഹത്തെ കുറെക്കൂടി ഗൗരവമായി ഏവരും സമീപിക്കുന്നുണ്ട്. മറ്റൊന്നുമല്ല- പ്രമേഹം കാലക്രമേണ പല ആരോഗ്യപ്രശ്നങ്ങളിലേക്കും അസുഖങ്ങളിലേക്കുമെല്ലാം നമ്മെ നയിക്കാമെന്ന അവബോധം ലഭിക്കുന്നതിനാലാണിത്.
പ്രമേഹമാണെങ്കില്‍ ചികിത്സയിലൂടെ ഭേദപ്പെടുത്തുക അസാധ്യമാണ് എന്നുതന്നെ പറയാം. അത്രയും പ്രയാസമുള്ള കാര്യമാണത്. ജീവിതരീതികള്‍ ആരോഗ്യകരമാക്കി കൊണ്ടുപോകുന്നതിലൂടെ- പ്രത്യേകിച്ച് ഭക്ഷണത്തിലെ നിയന്ത്രണം – പ്രമേഹവും നിയന്ത്രിക്കാമെന്നതാണ് പരിഹാരം.
ഇന്ത്യയിലാണെങ്കില്‍ ഓരോ വര്‍ഷവും പ്രമേഹരോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രമേഹരോഗികളുള്ള രാജ്യമായി ഇന്ത്യ ഇതിനോടകം തന്നെ മാറിയിരിക്കുന്നു. ഇപ്പോഴിതാ പ്രമേഹവുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്ന പുതിയൊരു പഠനം പങ്കുവയ്ക്കുന്ന വിവരം നോക്കൂ. വളരെ പ്രധാനപ്പെട്ടതും നമ്മള് ശ്രദ്ധ നല്കേണ്ടതുമായ വിഷയമാണിത്.
പ്രമേഹം വളരെ നേരത്തെ തന്നെ കണ്ടെത്തപ്പെടുന്നവരില്‍ ആയുര്‍ദൈര്‍ഘ്യം കുറയുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ‘ദ ലാൻസെറ്റ് ഡയബെറ്റിസ് ആന്റ് എൻഡോക്രൈനോളജി’ എന്ന പ്രമുഖ ആരോഗ്യപ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നിരിക്കുന്നത്.
19 രാജ്യങ്ങളില്‍ നിന്നായി വിവരം ശേഖരിച്ചതിന് ശേഷമാണ് ഗവേഷകര്‍ ഇത്തരമൊരു നിഗമനത്തിലേക്ക് എത്തിയിരിക്കുന്നത്. മുപ്പതുകളില്‍ തന്നെ പ്രമേഹം കണ്ടെത്തപ്പെട്ടാല്‍ ഇവരില്‍ താരതമ്യേന പത്ത്- പതിനാല് വര്‍ഷത്തോളം ആയുര്‍ദൈര്‍ഘ്യം കുറയാം എന്ന് പഠനം വ്യക്തമാക്കുന്നു. അമ്പതാം വയസിലാണെങ്കില്‍ അത് 4-6 വര്‍ഷമായി കുറയുന്നു.
പ്രമേഹം ക്രമേണ മറ്റ് പല ആരോഗ്യാവസ്ഥകളിലേക്കും അസുഖങ്ങളിലേക്കുമെല്ലാം വ്യക്തികളെ നയിക്കുന്നതോടെയാണ് അത് ജീവന് ഭീഷണിയാകുന്നത്. ഹൃദയസംബന്ധമായ അസുഖങ്ങള്‍, ക്യാൻസര്‍ എന്നിവയെല്ലാം ഇതിലുള്‍പ്പെടുന്നു. മാത്രമല്ല പല അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെയും പ്രമേഹം ക്രമേണ ബാധിക്കാം. ഇതും ജീവന് ആപത്തായി വരാം. 2015ഓടെ ലോകത്ത് ഇനിയും പ്രമേഹരോഗികളുടെ എണ്ണം വലിയ രീതിയില്‍ ഉയരുമെന്ന് ‘ദ ലാൻസെറ്റ്’ നേരത്തെ തന്നെ ഒരു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
Also Read:- 40 ശതമാനം ഇന്ത്യക്കാരിലും ഈ രോഗലക്ഷണങ്ങള്‍ കാണാം; അറിയാം ഇതെക്കുറിച്ച് കൂടുതലായി…
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
Last Updated Oct 6, 2023, 5:20 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]