
അഹമ്മദാബാദ്: ഏകദിന ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ കൂറ്റന്‍ ജയമാണ് ലോക ചാംപ്യന്മാരായ ഇംഗ്ലണ്ടിനെതിരെ ന്യൂസിലന്‍ഡ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ കിവീസ് 36.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഡെവോണ്‍ കോണ്‍വെ (152), രചിന് രവീന്ദ്ര (123) എന്നിവര്‍ പുറത്താവാതെ നേടിയ സെഞ്ചുറികളാണ് കിവീസിനെ വിജയത്തിലേക്ക് നയിച്ചത്. ഇരുവരും 273 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ കൂട്ടിചേര്‍ത്തത്.
ഏകദിന ലോകകപ്പിലെ റെക്കോര്‍ഡ് പട്ടികയില്‍ ഉള്‍പ്പെടുന്ന കൂട്ടുകെട്ടാണിത്. ഏകദിന ലോകകപ്പിലെ ഏറ്റവും മികച്ച നാലാമത്തെ കൂട്ടുകെട്ടാണിത്. 2015 ലോകകപ്പില്‍ സിംബാബ്വെക്കെതിരെ വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്ല് – മര്‍ലോണ്‍ സാമുവെല്‍സ് സഖ്യം നേടിയ 372 റണ്‍സ് കൂട്ടുകെട്ടാണ് ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട്. 1999ല്‍ ഇന്ത്യയുടെ രാഹുല്‍ ദ്രാവിഡ് – സൗരവ് ഗാംഗുലി സഖ്യം ശ്രീലങ്കക്കെതിരെ നേടിയ 318 റണ്‍സിന്റെ കൂട്ടുകെട്ടാണ് രണ്ടാം സ്ഥാനത്ത്. മൂന്നാമത്തേത് മുന്‍ ശ്രീലങ്കന്‍ താരങ്ങളായ തിലകരത്നെ ദില്ഷന് – ഉപുല്‍ തരംഗ സഖ്യം പടുത്തുയര്‍ത്തിയ 282 റണ്‍സാണ്. 2011 ലോകകപ്പില്‍ സിംബാബ്വെക്കെതിരെ ആയിരുന്നു ഇത്. അടുത്തത് രവീന്ദ്ര – കോണ്‍വെ സഖ്യം. 2015ല്‍ അഫ്ഗാനിസ്ഥാനെതിരെ ഡേവിഡ് വാര്‍ണര്‍ – സ്റ്റീവന്‍ സ്മിത്ത് നേടിയ 260 റണ്‍സ് അഞ്ചാമത്.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ടിന് ജോ റൂട്ടിന്റെ (77) ഇന്നിംഗ്സാണ് തുണയായത്. മൂന്ന് വിക്കറ്റ് നേടിയ മാറ്റ് ഹെന്റി, രണ്ട് പേരെ വീതം പുറത്താക്കിയ മിച്ചല്‍ സാന്റ്നര്‍, ഗ്ലെന്‍ ഫിലിപ്സ് എന്നിവരാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ജോസ് ബട്ലര് (43), ജോണി ബെയര്‍സ്റ്റോ (33) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മോശമല്ലാത്ത തുടക്കമാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഡേവിഡ് മലാന് (11) – ബെയര്‍സ്റ്റോ സഖ്യം 40 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ മലാനെ പുറത്താക്കി മാറ്റ് ഹെന്റി ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്കി. 13-ാം ഓവറില്‍ ബെയര്‍സ്റ്റോയെ മിച്ചല്‍ സാന്റ്നര്‍ പുറത്താക്കി. ഹാരി ബ്രൂക്ക് (25) ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കിയെങ്കിലും രജിന് രവീന്ദ്ര വിക്കറ്റെടുത്തു.
മൊയീന്‍ അലിക്കും (11) അധികം ആയുസുണ്ടായിരുന്നില്ല. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന ബട്ലര് – റൂട്ട് സഖ്യമാണ് ഇംഗ്ലണ്ടിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 70 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ബട്ലറെ ഹെന്റി മടക്കി. തുടര്‍ന്നെത്തിയ ലിയാം ലിവിംഗ്സറ്റണ് (20), സാം കറന് (14), ക്രിസ് വോക്സ് (11) എന്നിവര്‍ക്ക് തിളങ്ങാനായതുമില്ല. ഇതിനിടെ റൂട്ടിനെ ഫിലിപ്സ് ബൗള്‍ഡാക്കി. 86 പന്തുകള്‍ നേരിട്ട താരം ഒരു സിക്സും നാല് ഫോറും നേടിയിരുന്നു. അവസാന വിക്കറ്റില്‍ ആദില്‍ റഷീദ് (15) – മാര്‍ക് വുഡ് (13) സഖ്യമാണ് മാന്യമായ സ്കോറിലേക്ക് ഇംഗ്ലണ്ടിനെ നയിച്ചത്. ട്രന്റ് ബോള്‍ട്ട്, രവീന്ദ്ര എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]